ഡിസിസിയുടെ അക്കൗണ്ടിൽ 3,86,000 രൂപയേ ഉള്ളൂവെന്ന് പോസ്റ്റ്; ആരോപണം തള്ളി എം ലിജു
ആലപ്പുഴ; അതിഥി തൊഴിലാളികളുടെ യാത്രാ ചെലവിലേക്ക് ആലപ്പുഴ ജില്ലാ കോൺഗ്രസ് കമ്മിറ്റി നൽകിയ ചെക്കിനെ കുറിച്ചുള്ള ആരോപണത്തിൽ മറുപടിയുമായി ഡിസിസി പ്രസിഡന്റ് അഡ്വ എം ലിജു. അക്കൗണ്ടിൽ 3,86.000 രൂപയേ ഉള്ളൂവെന്ന് ആരോപിച്ച് ബീന സണ്ണിയെന്നയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. ഇതിലാണ് എം ലിജുവിന്റെ വിശദീകരണം. വ്യാജപ്രചരണം നടത്തിയ ബീന സണ്ണി എന്ന പേരിലുള്ള ഫേസ്ബുക്ക് പ്രൊഫൈൽ കൈകാര്യം ചെയ്യുന്നയാൾക്കെതിരെ പോലീസിൽ പരാതി നൽകിയതായും ലിജു അറിയിച്ചു.

മെയ് 5 ന് എം ലിജു ആലപ്പുഴ ജില്ലാ കളക്ടര്‍ക്ക് 10,60,200 രൂപയുടെ ചെക്കാണ് നല്‍കിയത്. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലാത്തതിനാല്‍ സ്വീകരിക്കാനാകില്ലെന്ന് പറഞ്ഞ് ജില്ലാ കളക്ടര്‍ ഈ തുക നിരസിച്ചിരുന്നു. എന്നാല്‍ 05.05.2020 ന് ഇത്രയും തുക ഡിസിസിക്ക് കാത്തലിക് സിറിയന്‍ ബാങ്കിന്റെ ആലപ്പുഴ മുല്ലക്കല്‍ ശാഖയിലെ അക്കൗണ്ടില്‍ ഇല്ലെന്ന് ആയിരുന്നു ബീന സണ്ണിയുടെ പോസ്റ്റ്.
ഇതിനുള്ള മറുപടിയായി ലിജു ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ-'Beena sunny എന്ന ഫേസ്ബുക് അക്കൗണ്ടിൽ നിന്നും ആലപ്പുഴ ജില്ല കോൺഗ്രസ് കമ്മിറ്റിയെ അപകീർത്തി പെടുത്തുക എന്ന ഉദ്ദേശത്തോടെ, അതിഥി തൊഴിലാളികൾക്കായി ഡിസിസി തയ്യാറാക്കിയ ചെക്കിൽ രേഖപ്പെടുത്തിയിരുന്നു പത്തു ലക്ഷത്തി അറുപത്തിനായിരത്തി ഇരുനൂറു രൂപ ഡിസിസി അക്കൗണ്ടിൽ ചെക്ക് തയ്യാറാക്കിയ മെയ് 5 ആം തീയതി ഇല്ലായിരുന്നു എന്ന് പ്രചരിപ്പിച്ചു രാഷ്ട്രീയ ലക്ഷ്യത്തോടെ അപകീർത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ പലരും അത് ഷെയർ ചെയ്യുകയും ചെയ്തു.
ഇതിനെതിരെ ആലപ്പുഴ ജില്ല പോലീസ് സുപ്രേണ്ടിനു പരാതി നൽകി. കൂടാതെ ചെക്ക് ഡേറ്റിലും മുൻ ദിവസത്തിലും ഇപ്പോഴും ഡിസിസി യുടെ അക്കൗണ്ടിൽ ചെക് തുകയേക്കാൾ പണമുണ്ട് എന്ന് കാത്തലിക് സിറിയൻ ബാങ്കിന്റെ സ്റ്റേറ്റ്‌മെന്റ് ചുവടെ ചേർക്കുന്നു. നിയമ നടപടികൾ തുടരും' ലിജു ഫേസ്ബുക്കിൽ കുറിച്ചു.
ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള അക്കൗണ്ടിൽ മെയ് 4 മുതൽ ഇന്നേവരെ, ചെക്കിലെ തുകയായ 10,60,200 രൂപ ഉണ്ടെന്ന് കാത്തലിക് സിറിയൻ ബാങ്ക് ആലപ്പുഴ ബ്രാഞ്ച് ഹെഡ്ഡ് സന്ധ്യ പിഎസ് സാക്ഷ്യപ്പെടുത്തുന്ന കത്തും പോസ്റ്റിൽ ലിജു പങ്കുവെച്ചിട്ടുണ്ട്.












Click it and Unblock the Notifications