ആധാർ കാർഡിൽ കേന്ദ്രത്തിന്റെ സുപ്രധാന നിർദ്ദേശം! ഉടൻ തന്നെ ഫോൺ എടുത്ത് ഈ മാറ്റം വരുത്തൂ
നിങ്ങളുടെ സ്മാർട്ട്‌ഫോണിൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി 'mAadhaar' ആപ്പ് ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ? എങ്കിൽ നിങ്ങൾക്കായി ഇതാ കേന്ദ്ര സർക്കാരിന്റെ വളരെ പ്രധാനപ്പെട്ട ഒരു മുന്നറിയിപ്പ്. രാജ്യത്ത് കോടിക്കണക്കിന് ആളുകൾ ഡിജിറ്റൽ തിരിച്ചറിയൽ രേഖയായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന പഴയ 'mAadhaar' ആപ്പ് ഉടൻ തന്നെ പൂർണ്ണമായും നിർത്തലാക്കാൻ യുഐഡിഎഐ (UIDAI) തീരുമാനിച്ചിരിക്കുകയാണ്. ഇനി മുതൽ ഈ പഴയ ആപ്പ് ലഭ്യമാകില്ലെന്നും, പകരം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്കും ഡാറ്റാ സുരക്ഷയ്ക്കും മുൻഗണന നൽകുന്ന പുത്തൻ ഫീച്ചറുകളോടെയുള്ള പുതിയ ആധാർ ആപ്പ്(Aadhar)ഔദ്യോഗികമായി പുറത്തിറക്കിയതായും അധികൃതർ വ്യക്തമാക്കി. പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും എത്തിക്കഴിഞ്ഞ പുതിയ ആപ്പിലേക്ക് ഉപയോക്താക്കൾ എത്രയും വേഗം മാറണമെന്നാണ് കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ കർശന നിർദ്ദേശം.
വെറുമൊരു ലുക്ക് മാറ്റം മാത്രമല്ല പുതിയ ആപ്പിൽ വരുത്തിയിട്ടുള്ളത്. മറിച്ച് ഡിജിറ്റൽ യുഗത്തിൽ സൈബർ തട്ടിപ്പുകളിൽ നിന്നും വ്യക്തിവിവരങ്ങൾ ചോരുന്നതിൽ നിന്നും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനുള്ള വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഇതിലുള്ളത്. പഴയ ആപ്പിൽ വെരിഫിക്കേഷൻ നടത്തുമ്പോൾ ഉപയോക്താവിന്റെ മുഴുവൻ വിവരങ്ങളും സ്ക്രീനിൽ പരസ്യമായി കാണിച്ചിരുന്നു. എന്നാൽ പുതിയ ആപ്പിൽ ആവശ്യമുള്ള വിവരങ്ങൾ മാത്രം തിരഞ്ഞെടുത്ത് വെളിപ്പെടുത്താൻ സഹായിക്കുന്ന 'ഡാറ്റാ മിനിമൈസേഷൻ' സാങ്കേതികവിദ്യയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പുതിയ ആപ്പിലെ ഫീച്ചറുകൾ
സുരക്ഷിതമായ ക്യുആർ കോഡ് ഷെയറിങ്: ഹോട്ടലുകൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ വെരിഫിക്കേഷൻ നടത്തുമ്പോൾ നിങ്ങളുടെ പൂർണ്ണമായ വിലാസമോ മറ്റ് നിർണ്ണായക വിവരങ്ങളോ കൈമാറേണ്ടതില്ല. ആപ്പിലെ പ്രത്യേക ക്യുആർ കോഡ് സ്കാൻ ചെയ്താൽ മാത്രം മതിയാകും.
ഫേസ് ഓഥന്റിക്കേഷൻ: മുൻപ് വെരിഫിക്കേഷനായി എസ്എംഎസ് ഒടിപി (OTP) സംവിധാനത്തെയായിരുന്നു പൂർണ്ണമായും ആശ്രയിച്ചിരുന്നത്. എന്നാൽ പുതിയ ആപ്പിൽ നിങ്ങളുടെ മുഖം സ്കാൻ ചെയ്ത് കൃത്യത ഉറപ്പാക്കുന്ന 'ഫേസ് ഐഡി' സാങ്കേതികവിദ്യ കൂടി ഉൾപ്പെടുത്തി സുരക്ഷ ഇരട്ടിയാക്കി.
ബയോമെട്രിക് ലോക്കിങ് സിസ്റ്റം: ഉപയോക്താക്കൾക്ക് തങ്ങളുടെ വിരലടയാളവും ഫേസ് ഡാറ്റയും ഈ ആപ്പിലൂടെ എപ്പോൾ വേണമെങ്കിലും ലോക്ക് ചെയ്യാനും അൺലോക്ക് ചെയ്യാനും സാധിക്കും. നിങ്ങളുടെ അനുവാദമില്ലാതെ മറ്റാരും വിവരങ്ങൾ ദുരുപയോഗം ചെയ്യില്ലെന്ന് ഇത് ഉറപ്പാക്കുന്നു.
ഒരു ആപ്പിൽ 5 പ്രൊഫൈലുകൾ: കുടുംബാംഗങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്, ഒരു സ്മാർട്ട്‌ഫോണിലെ ഒരൊറ്റ ആപ്പിൽ തന്നെ കുടുംബത്തിലെ അഞ്ച് പേരുടെ വരെയുള്ള പ്രൊഫൈലുകൾ ഒന്നിച്ച് സജ്ജീകരിക്കാൻ ഇതിലൂടെ സാധിക്കും.
പുതിയ ആപ്പ് എങ്ങനെ ഇൻസ്റ്റാൾ ചെയ്യാം?
ഉപയോക്താക്കൾ തങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ഐഫോണിലെ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ 'UIDAI' വികസിപ്പിച്ച പുതിയ ആധാർ ഒഫീഷ്യൽ ആപ്പ് സെർച്ച് ചെയ്ത് ഡൗൺലോഡ് ചെയ്യണം. ആപ്പ് തുറന്ന ശേഷം ഇഷ്ടമുള്ള ഭാഷ തിരഞ്ഞെടുത്ത്, ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള നിങ്ങളുടെ കൃത്യമായ മൊബൈൽ നമ്പർ നൽകുക. തുടർന്ന് ഫോണിലേക്ക് വരുന്ന വൺ-ടൈം പാസ്‌വേഡും ഫേസ് ഓഥന്റിക്കേഷനും പൂർത്തിയാക്കി പുതിയ സുരക്ഷാ പിൻ സജ്ജീകരിച്ച് ആപ്പ് ഉപയോഗിച്ച് തുടങ്ങാം.
ഇതോടൊപ്പം സാധാരണക്കാർക്ക് വലിയൊരു ആശ്വാസ വാർത്തയും യുഐഡിഎഐ പങ്കുവെച്ചിട്ടുണ്ട്. മൈആധാർ (myAadhaar) പോർട്ടൽ വഴിയുള്ള സൗജന്യ ഓൺലൈൻ രേഖ പുതുക്കൽ സേവനം ഒരു വർഷത്തേക്ക് കൂടി നീട്ടി നൽകിയിട്ടുണ്ട്. മുൻപ് പ്രഖ്യാപിച്ചിരുന്ന തീയതിക്ക് ശേഷം, ഇനി ഉപയോക്താക്കൾക്ക് 2027 ജൂൺ 14 വരെ യാതൊരുവിധ ഫീസും നൽകാതെ ഓൺലൈനായി തങ്ങളുടെ വിലാസവും മറ്റ് തിരിച്ചറിയൽ രേഖകളും പൂർണ്ണമായും സൗജന്യമായി പുതുക്കാവുന്നതാണ്.












Click it and Unblock the Notifications