മദനിക്ക് ഇനിയും ചികിത്സയില്ല
ബാംഗ്ലൂര്‍: ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പര കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനിക്ക് ചികിത്സ ലഭ്യമാക്കുന്നതില്‍ കര്‍ണാക സര്‍ക്കാര്‍ വീണ്ടും അലംഭാവം കാണിക്കുന്നതായി പരാതി. സുപ്രീം കോടതിയുടെ ഉത്തരവ് പുറത്ത് വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ചികിത്സക്ക് സൗകര്യമൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നാണ് അറിയുന്നത്.
2013 നവംബര്‍ 18 നാണ് മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാനാണ് കോടതി നിര്‍ദ്ദേശിച്ചത്. അതീവ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കണം എന്നും മദനിക്ക് പ്രത്യേക മുറി ഒരുക്കണം എന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു.

മണിപ്പാല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിക്ടോറിയ ആശുപത്രിയില്‍ പ്രവേശിപ്പിക്കണം എന്നും കോടതി ഉത്തരവിട്ടിരുന്നു. ചികിത്സ ചെലവ് കര്‍ണാടക സര്‍ക്കാര്‍ വഹിക്കണം. മദനിയുടെ ബന്ധുക്കള്‍ക്ക് ചികിത്സക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കണം എന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇത്രയൊക്കെ ആയിട്ടും എന്തെങ്കിലും നടപടിയെടുക്കാന്‍ കാര്‍ണാടക സര്‍ക്കാര്‍ തയ്യാറായിട്ടില്ല. കോടതിയുടെ ഉത്തരവ് രേഖാമൂലം ലഭിച്ചിട്ടില്ല എന്നാണത്രെ ജയില്‍ അധികൃതര്‍ പറയുന്നത്. ഇതിനെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് മദനിയുടെ അഭിഭാഷകന്‍.
മദനിക്ക് ജാമ്യം നല്‍കേണ്ടതില്ല എന്ന കര്‍ശന നിലപാടാണ് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചിരുന്നത്. മദനിക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കാന്‍ കഴിയില്ലെന്നും ആയിരുന്നു കോടതിയില്‍ ബോധിപ്പിച്ചത്. കര്‍ണാടക സര്‍ക്കാരിന്റെ ഈ വാദഗതികള്‍ മുഴുവന്‍ തള്ളിക്കൊണ്ടാണ് മണിപ്പാല്‍ ആശുപത്രിയില്‍ മദനിയെ ചികിത്സിക്കണം എന്ന് സുപ്രീം കോടതി ഉത്തരവിട്ടത്.












Click it and Unblock the Notifications