മാധബി പുരി ബുച്ചിനെ സെബി അധ്യക്ഷയായി നിയമിച്ചു, അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ വനിത
ദില്ലി: സെബിയുടെ പുതിയ അധ്യക്ഷയായി മാധബി പുരി ബുച്ചിനെ നിയമിച്ചു. അതേസമയം സെബിയുടെ അധ്യക്ഷ സ്ഥാനത്തെത്തുന്ന ആദ്യ വനിതയാണ് മാധബി. മൂന്ന് വര്‍ഷത്തിലേക്ക് നിയമനം. നിലവിലെ ചെയര്‍മാന്‍ അജയ് ത്യാഗിയുടെ കാലാവധി ഇന്ന് അവസാനിക്കും. ഈ സാഹചര്യത്തിലാണ് പുതിയ നിയമനം. നേരത്തെ അജയ് ത്യാഗിക്ക് തന്നെ പുനര്‍നിയമനം നല്‍കിയേക്കും എന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഒട്ടും പ്രതീക്ഷിക്കാതെ ആദ്യ വനിത അധ്യക്ഷയുടെ പേര് പ്രഖ്യാപിക്കുകയായിരുന്നു. സെബിയുടെ മുഴുവന്‍ സമയ അംഗമാകുന്ന ആദ്യത്തെ വനിത എന്ന നേട്ടവും നേരത്തെ മാധബി സ്വന്തമാക്കിയിരുന്നു.

ഐസിഐസിഐ സെക്യൂരിറ്റിസിന്റെ മുന്‍ അധ്യക്ഷയായിരുന്നു അവര്‍. 2017നും 2021നും ഇടയിലാണ് സെബിയുടെ മുഴുവന്‍ സമയ അംഗമായി മാധബി പ്രവര്‍ത്തിച്ചത്. അജയ് ത്യാഗി 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്. ഹിമാചല്‍ പ്രദേശ് കേഡറായിരുന്നു അദ്ദേഹം. 2017മാര്‍ച്ച് ഒന്നിനാണ് അദ്ദേഹം നിയമിതനാവുന്നത്. നേരത്തെ അദ്ദേഹത്തിന്റെ കാലാവധി ആറുമാസം കൂടി നീട്ടി നല്‍കിയിരുന്നു കേന്ദ്ര സര്‍ക്കാര്‍. പിന്നീട് 2020 ഓഗസ്റ്റില്‍ 18 മാസം കൂടി നീട്ടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ധനകാര്യ മന്ത്രാലയം യോഗ്യരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചിരുന്നു. ഡിസംബര്‍ ആറിനായിരുന്നു അപേക്ഷ അയക്കാനുള്ള അവസാന തിയതി.
മാധബി 2011ലാണ് ഐസിഐസിഐ വിട്ടത്. പിന്നീട് സിംഗപ്പൂരിലെ ജോയിന്‍ ഗ്രേറ്റര്‍ പസഫിക് ക്യാപിറ്റല്‍ കമ്പനിയിലും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. സ്വകാര്യ ബാങ്കിംഗ് മേഖലയില്‍ നിന്ന് സെബിയിലേക്ക് എത്തുന്ന ആദ്യ വനിത എന്ന അപൂര്‍വതയും മാധബി പുരി ബുച്ചി സ്വന്തമാക്കി. കേന്ദ്ര ധനകാര്യ മന്ത്രാലയാണ് സെബി അധ്യക്ഷ സ്ഥാനത്തെ നിയമനം തീരുമാനിക്കുന്നത്. സെബി അധ്യക്ഷ സ്ഥാനത്തേക്കുള്ള നിയമനവുമായി ബന്ധപ്പെട്ടുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് നേരത്തെ ധനമന്ത്രി നിര്‍മല സീതാരാമനും പറഞ്ഞിരുന്നു.












Click it and Unblock the Notifications