'ജനങ്ങള്‍ ബിജെപിയെ സ്‌നേഹിക്കുന്നു'; കോണ്‍ഗ്രസിന് വികസനത്തെ കുറിച്ച് കാഴ്ചപ്പാടില്ലെന്ന് മോദി
ഭോപ്പാല്‍: മധ്യപ്രദേശിന്റെ വികസനത്തില്‍ കോണ്‍ഗ്രസിന് വീക്ഷണമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോണ്‍ഗ്രസിന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തിലും നിഷേധാത്മകതയിലും മധ്യപ്രദേശിലെ ജനങ്ങള്‍ എത്രമാത്രം അസ്വസ്ഥരാണെന്ന് റാലികളില്‍ താന്‍ നേരിട്ട് കണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എക്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കോണ്‍ഗ്രസിന് മധ്യപ്രദേശിന്റെ വികസനത്തെ കുറിച്ച് ഒരു കാഴ്ചപ്പാടോ മാര്‍ഗരേഖയോ ഇല്ല. മധ്യപ്രദേശിലെ എല്ലാ വോട്ടര്‍മാരോടും ബി ജെ പിയെ തിരഞ്ഞെടുക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു. താമര അടയാളത്തില്‍ വോട്ട് ചെയ്താല്‍ മാത്രമെ ഒരു വികസിത മധ്യപ്രദേശും വികസിത ഇന്ത്യയും ഉണ്ടാകൂ എന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇത്തവണത്തെ മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം വളരെ സവിശേഷമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

'ജനങ്ങളില്‍ നിന്ന് അനുഗ്രഹം തേടാനുള്ള പ്രചാരണമായിരുന്നു അത്. ഞാന്‍ സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും പോയി. നിരവധി ആളുകളെ കണ്ടു, സംഭാഷണങ്ങള്‍ നടത്തി. ബി ജെ പിയോടുള്ള സ്‌നേഹം അവര്‍ക്കിടയില്‍ കാണാമായിരുന്നു. ജനങ്ങളുടെ ബി ജെ പിയിലുള്ള വിശ്വാസമാണ് ഞങ്ങളുടെ ഏറ്റവും വലിയ സമ്പത്ത്,'' നരേന്ദ്ര മോദി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി പങ്കെടുത്തതിന് മധ്യപ്രദേശിലെ സ്ത്രീകളെ പ്രധാനമന്ത്രി പ്രശംസിക്കുകയും ചെയ്തു. ബി ജെ പി സര്‍ക്കാരിന്റെ തിരിച്ചുവരവിന് മുന്‍ഗണന നല്‍കുന്നതില്‍ അവര്‍ക്ക് വലിയ പങ്കാണ് ഉള്ളത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി ജെ പിയുടെ പതാക ഉയര്‍ത്താന്‍ മധ്യപ്രദേശിലെ സ്ത്രീശക്തി മുന്നേറുകയാണ്. സ്ത്രീ ശാക്തീകരണം ബി ജെ പിക്ക് മുന്‍ഗണനയാണ്.
അതുപോലെ ബി ജെ പി സര്‍ക്കാരിന്റെ തിരിച്ചുവരവിന് സ്ത്രീകള്‍ മുന്‍ഗണന നല്‍കിയിട്ടുണ്ട് എന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ പുതിയ തലമുറ ഇന്ത്യയുടെ അടുത്ത 25 വര്‍ഷത്തേയും അവരുടെ സ്വന്തം 25 വര്‍ഷത്തേയും ഒരുമിച്ചാണ് നോക്കി കാണുന്നത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് വികസിത ഇന്ത്യ യാഥാര്‍ത്ഥ്യമാക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ നമ്മുടെ യുവജനങ്ങളും തോളോട് തോള്‍ ചേര്‍ന്ന് മുന്നോട്ട് വരുന്നത് എന്നും മോദി പറഞ്ഞു.
നവംബര്‍ 17 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഇന്നത്തോടെ പരസ്യപ്രചപണം അവസാനിക്കും. നാളെ നിശബ്ദ പ്രചരണമാണ്. 230 അംഗ നിയമസഭയാണ് സംസ്ഥാനത്തുള്ളത്. 2018 ലെ തിരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷമായ 116 സീറ്റ് ലഭിച്ചിരുന്നില്ല. എന്നാല്‍ 114 സീറ്റുള്ള വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസ് ബിഎസ്പി, എസ്പി എന്നിവരെ കൂട്ടുപിടിച്ച് സര്‍ക്കാരുണ്ടാക്കി. എന്നാല്‍ 2020 ജ്യോതിരാദിത്യ സിന്ധ്യയും അനുയായികളും പാര്‍ട്ടി വിട്ടതോടെ സര്‍ക്കാര്‍ വീണു.












Click it and Unblock the Notifications