'തോറ്റാലും പണിയില്ലാതാകില്ല, മുംബൈയില്‍ നല്ല കരിയര്‍ കാത്തിരിക്കുന്നു'; ചൗഹാനോട് കമല്‍നാഥ്
ഭോപ്പാല്‍: മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പരിഹസിച്ച് സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥ്. ശിവരാജ് സിംഗ് ചൗഹാന്‍ ഒരു നല്ല നടനാണെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാലും അദ്ദേഹം തൊഴില്‍രഹിതനാകില്ലെന്നും കമല്‍നാഥ് പറഞ്ഞു. ശിവരാജ് സിംഗ് ചൗഹാന് മുംബൈയില്‍ ഒരു കരിയര്‍ കാത്തിരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാഗറിലെ റെഹ്ലി അസംബ്ലി സീറ്റില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കമല്‍നാഥ്. ''മുഖ്യമന്ത്രിയല്ലാത്തപ്പോഴും ശിവരാജ് സിംഗ് ചൗഹാന്‍ ജോലിയില്ലാത്തവനാകില്ല. മുംബൈയില്‍ അഭിനയ ജീവിതം തുടരാനും മധ്യപ്രദേശിന് അഭിമാനാമാകാനും അദ്ദേഹത്തിന് സാധിക്കും,' കമല്‍നാഥ് പറഞ്ഞു. പൊലീസും പണവും കൊണ്ട് ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് ഇനി നാല് ദിവസങ്ങള്‍ മാത്രമെ അവശേഷിക്കുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

ശിവരാജ് സിംഗ് ചൗഹാന്റെ നിറവേറ്റാത്ത വാഗ്ദാനങ്ങള്‍ എടുത്തുകാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ബി ജെ പി സര്‍ക്കാര്‍ പരാജയപ്പെട്ടതായി കമല്‍നാഥ് പറഞ്ഞു. സംസ്ഥാനത്തെ യുവാക്കള്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് കമല്‍നാഥ് അവകാശപ്പെട്ടു.
പൊതുമേഖലയില്‍ ഒഴിഞ്ഞുകിടക്കുന്ന തസ്തികകള്‍ നികത്തുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശനിയാഴ്ച പുറത്തിറക്കിയ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയേയും കമല്‍നാഥ് വിമര്‍ശിച്ചു. ബി ജെ പി പ്രകടനപത്രികയിലെ പല വാഗ്ദാനങ്ങളും കോണ്‍ഗ്രസിന്റെ പ്രഖ്യാപനങ്ങളില്‍ നിന്ന് പകര്‍ത്തിയതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
'നുണ പറയാന്‍ ഒരുപാട് ധൈര്യം ആവശ്യമാണ്. ശിവരാജ് ജി, ലാഡ്ലി ബഹ്ന യോജന പ്രകാരം സ്ത്രീകള്‍ക്ക് 3000 രൂപ നല്‍കുമെന്ന് വാഗ്ദാനം ചെയ്യുന്ന ഹോര്‍ഡിംഗുകളും ബാനറുകളും സ്ഥാപിക്കാത്ത മധ്യപ്രദേശിലെ ഒരു നഗരവും പട്ടണവും ഇല്ല. എന്നാല്‍ പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍ നിങ്ങള്‍ അതില്‍ ഒരു പ്രഖ്യാപനവും നടത്തിയില്ല എന്നും കമല്‍നാഥ് പറഞ്ഞു.
നംവബര്‍ 17 നാണ് മധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. 230 അംഗ നിയമസഭയിലേക്ക് ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുക. ഡിസംബര്‍ മൂന്നിന് തെലങ്കാന, ഛത്തീസ്ഗഢ്, രാജസ്ഥാന്‍, മിസോറാം സംസ്ഥാനങ്ങള്‍ക്കൊപ്പം ഫലം പുറത്ത് വരും. ബി ജെ പിയും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ പോരാട്ടം നടക്കുന്ന സംസ്ഥാനം കൂടിയാണ് മധ്യപ്രദേശ്.












Click it and Unblock the Notifications