'കോൺഗ്രസ് തോൽക്കുമെന്ന് രാഹുൽ ഗാന്ധിക്ക് ഉറപ്പുണ്ട്', അതുകൊണ്ട് കളം വിട്ടോടിയെന്ന് യോഗി ആദിത്യനാഥ്
ഭോപ്പാല്‍: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തോല്‍ക്കുമെന്ന് രാഹുല്‍ ഗാന്ധിക്ക് ബോധ്യപ്പെട്ടിരിക്കുന്നുവെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസ് വിശ്വാസത്തെ വെച്ച് കളിച്ചിരുന്നുവെങ്കിലും രാഹുല്‍ ഗാന്ധി അടുത്തിടെ കേദാര്‍നാഥ് സന്ദര്‍ശിച്ചതില്‍ സന്തോഷമുണ്ടെന്ന് ആദിത്യനാഥ് പറഞ്ഞു. മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി അജയ്ഘട്ട് മണ്ഡലത്തിലെ ബിജെപി റാലിയില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.
കോണ്‍ഗ്രസ് നമ്മുടെ വിശ്വാസം കൊണ്ട് കളിച്ചിരുന്നു. രാഹുല്‍ ജി കേദാര്‍നാഥ് സന്ദര്‍ശിക്കുന്ന ചിത്രം ഇന്നലെ കണ്ടപ്പോള്‍ തനിക്ക് സംതൃപ്തി തോന്നി. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലുകളായ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് വലിയ തോല്‍വി ഏറ്റുവാങ്ങുമെന്ന് രാഹുല്‍ ഗാന്ധിക്ക് ഇതിനകം തന്നെ ബോധ്യമായിരിക്കുന്നു. അതുകൊണ്ടാണ് അദ്ദേഹത്തിന് കളം വിട്ട് ഓടിപ്പോകാന്‍ തോന്നിയത്, ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേദാര്‍നാഥിന്റെ മുഖം മാറ്റിയെന്നും യുപി മുഖ്യമന്ത്രി പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് കേദാര്‍നാഥില്‍ ഒരു വലിയ ദുരന്തമുണ്ടായി. കേദാര്‍നാഥ് പൂര്‍ണമായും തകര്‍ന്ന് പോയി. ദുരന്തബാധിതരായ ആളുകള്‍ ദിവസങ്ങളോളം അലഞ്ഞ് നടന്നു. മോദിജി ആയിരുന്നു ഗുജറാത്ത് മുഖ്യമന്ത്രി. കേദാര്‍നാഥിനെ സഹായിക്കാന്‍ ആഗ്രഹമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. എന്നാല്‍ സംസ്ഥാനവും കേന്ദ്രവും ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അതിന് അനുമതി നല്‍കിയില്ല, യോഗി ആദിത്യനാഥ് ആരോപിച്ചു.












Click it and Unblock the Notifications