സിന്ധ്യയെ പൂട്ടാൻ തന്ത്രം മെനഞ്ഞ് കോൺഗ്രസ്; വിശ്വസ്തനെതിരെ മുൻ ബിജെപി നേതാവ് മത്സരിക്കും
ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ശക്തനായ ബി ജെ പി നേതാവ് കോൺഗ്രസിൽ. മുൻ ജൻപദ് പഞ്ചായത്ത് പ്രസിഡന്റ് രാഹത്ഗഡ് നീരജ് ശർമ്മയാണ് കോൺഗ്രസിൽ ചേർന്നത്. മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ കമൽനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ശർമ്മയുടെ പാർട്ടി പ്രവേശം. ഭുവുടമയും സ്വകാര്യ ബസ് ഓപ്പറേറ്ററുമാണ് ശർമ്മ. നിയമസഭ തിരഞ്ഞെടുപ്പിൽ സുർക്കി മണ്ഡലത്തിൽ നിന്നും ശർമ്മയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് കോൺഗ്രസ്.
മുൻപ് കോൺഗ്രസിലായിരുന്നു ശർമ്മ. 2009 ലാണ് ഇയാൾ പാർട്ടി വിട്ട് ബി ജെ പിയിൽ എത്തിയത്. 2010 ൽ ഹത്ഗർ ജൻപദ് പഞ്ചായത്തിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ ബി ജെ പി സ്ഥാനാർഥിയായി വിജയിച്ചിരുന്നു. പ്രാദേശിക തലത്തിൽ കരുത്തനായ നേതാവായ ശർമ്മയെ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും മുൻ കോൺഗ്രസ് നേതാവുമായ ഗോവിന്ദ് സിംഗ് രജ്പുതിനെതിരെയാണ് കോൺഗ്രസ് മത്സരിപ്പിക്കാൻ ഒരുങ്ങുന്നത്.

സുർക്കി മണ്ഡലത്തിൽ നിന്നും കഴിഞ്ഞ മൂന്ന് തവണയായി എം എൽ എയായ നേതാവാണ് ഗോവിന്ദ് സിംഗ് രാജ്പുത്. 2020 ൽ ബി ജെ പിയുടെ ഓപ്പറേഷൻ താമരയുടെ ഭാഗാമയി സിന്ധ്യയ്ക്കൊപ്പമാണ് ഗോവിന്ദ് സിംഗ് ബി ജെ പിയിലേക്ക് ചേക്കേറിയത്. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലും മണ്ഡലത്തിൽ നിന്നും വിജയിക്കാൻ സിംഗിന് സാധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന് ചൗഹാൻ സർക്കാരിൽ മന്ത്രിസ്ഥാനവും ലഭിച്ചു. കരുത്തനായ സിംഗിനെ ഒതുക്കാൻ ശർമ്മയ്ക്ക് സാധിക്കുമെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്.
അതിനിടെ നിയമസഭ തിരഞ്ഞെടുപ്പിനോട് അടുപ്പിച്ച് കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ പല നേതാക്കളും കോൺഗ്രസിലേക്ക് തിരിച്ചെത്തിയേക്കുമെന്നാണ് സൂചനകൾ. ബി ജെ പി നേതാക്കളും സിന്ധ്യയ്ക്കൊപ്പം എത്തിയവരും തമ്മിൽ കടുത്ത അകൽച്ച നിലനിൽക്കുന്നുണ്ട്. നേരത്തേ തന്നെ നേതാക്കളുടെ വരവിൽ ബി ജെ പിയിൽ അതൃപ്തി ശക്തമായിരുന്നു. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാക്കളിൽ പലർക്കും അവസരം നഷ്ടപ്പെടാൻ പുതിയ നേതാക്കളുടെ വരവ് കാരണമായെന്നാണ് ആക്ഷേപം. ഈ അസ്വസ്ഥതകൾ പരമാവധി മുതലെടുക്കാനാണ് കോൺഗ്രസ് നീക്കം. ഇത് ലോക്സഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് നേട്ടമായേക്കും.
കോൺഗ്രസിന്റെ കാലുവാരി സിന്ധ്യയ്ക്കൊപ്പം 26 ഓളം എം എൽ എമാരായിരുന്നു ബി ജെ പി ക്യാമ്പിൽ ചേക്കേറിയത്. ഇവരിൽ പലർക്കും ഇത്തവണയും സീറ്റ് ലഭിച്ചേക്കുമെന്നാണ് സൂചന.












Click it and Unblock the Notifications