ഭരണം കിട്ടിയിട്ടും കോണ്‍ഗ്രസ് അന്ന് തെറിച്ചു!! ഇത്തവണ കൂടുതല്‍ കരുത്തോടെ... മധ്യപ്രദേശില്‍ പോര് 17ന്
ഭോപ്പാല്‍: മധ്യപ്രദേശ് വീണ്ടും നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോള്‍ ശക്തമായ ഒരുക്കമാണ് കോണ്‍ഗ്രസും ബിജെപിയും നടത്തുന്നത്. ശിവരാജ് സിങ് ചൗഹാന്‍ സര്‍ക്കാരിനെതിരെ ഭരണവിരുദ്ധ വികാരമുണ്ട് എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നു. എന്നാല്‍ സര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികള്‍ നേട്ടമാകുമെന്ന പ്രതീക്ഷയാണ് ബിജെപി നേതൃത്വം പങ്കുവയ്ക്കുന്നത്.
മധ്യപ്രദേശില്‍ ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പ് നവംബര്‍ 17നാണ്. ഒറ്റഘട്ടമായിട്ടാണ് വോട്ടടെുപ്പ്. മറ്റു നാല് സംസ്ഥാനങ്ങളിലും വോട്ടടെുപ്പ് നടക്കുകയാണ്. എല്ലാ സംസ്ഥാനങ്ങളിലും ഒരുമിച്ചാണ് ഫല പ്രഖ്യാപനം. ഡിസംബര്‍ മൂന്നിന് ഫലം പ്രഖ്യാപിക്കും. കോണ്‍ഗ്രസും ബിജെപിയും നേരിട്ട് ഏറ്റുമുട്ടുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്.

230 അംഗ നിയമസഭയാണ് മധ്യപ്രദേശിലേത്. 116 സീറ്റ് നേടുന്ന പാര്‍ട്ടിക്കോ മുന്നണിക്കോ ഭരണം നടത്താം. ഒട്ടേറെ നേതാക്കള്‍ കോണ്‍ഗ്രസിലേക്കും ബിജെപിയിലേക്കും കൂറുമാറുന്നുണ്ട്. ബിഎസ്പി, എസ്പി എന്നീ പാര്‍ട്ടികള്‍ക്ക് സ്വാധീനമുള്ള ഏതാനും മണ്ഡലങ്ങള്‍ മധ്യപ്രദേശിലുണ്ടെങ്കിലും പോരാട്ടം കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ്.
എന്താണ് 2018ലെ തിരഞ്ഞെടുപ്പില്‍ സംഭവിച്ചത്
ബിജെപി സര്‍ക്കാരിനെതിരെ വലിയ ഒരുക്കമാണ് 2018ലും കോണ്‍ഗ്രസ് നടത്തിയത്. ഇതിന്റെ ഫലം തിരഞ്ഞെടുപ്പില്‍ കാണുകയും ചെയ്തു. 114 സീറ്റ് നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ കക്ഷിയായി. എന്നാല്‍ കേവല ഭൂരിപക്ഷം നേടാനായില്ല. ചില സ്വതന്ത്രരെയും മറ്റും കൂട്ടുപിടിച്ച് അധികാരത്തിലെത്തിയ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായി കമല്‍നാഥിനെ നിയമിച്ചു.
ബിജെപിക്ക് 109 സീറ്റാണ് ലഭിച്ചിരുന്നത്. കോണ്‍ഗ്രസുമായി താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് സീറ്റ് മാത്രം കുറവ്. ഏത് സമയവും ചില കോണ്‍ഗ്രസ് എംഎല്‍എമാര്‍ കാലുമാറുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. 15 മാസം തികയുന്ന വേളയില്‍ തന്നെ അതു സംഭവിച്ചു. പ്രമുഖ കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യസിന്ധ്യയുടെ നേതൃത്വത്തില്‍ ഒരുകൂട്ടം എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ പോലും ഞെട്ടിപ്പിക്കുന്ന നീക്കമാണ് സിന്ധ്യയുടെ നേതൃത്വത്തില്‍ നടന്നത്. രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു സിന്ധ്യ. കമല്‍നാഥുമായുള്ള പോരാണ് സിന്ധ്യ ബിജെപിയില്‍ ചേരാന്‍ കാരണം എന്നാണ് പറഞ്ഞിരുന്നതെങ്കിലും നേരത്തെ നടന്ന ചര്‍ച്ചകളാണ് സിന്ധ്യയുടെ കളംമാറ്റത്തിലേക്ക് നയിച്ചതെന്ന വാര്‍ത്തകളും പുറത്തുവന്നു.
ബിജെപിയിലെത്തിയ സിന്ധ്യ രാജ്യസഭ വഴി പാര്‍ലമെന്റിലുമെത്തി. വൈകാതെ രാജ്യത്തിന്റെ വ്യോമയാന മന്ത്രിയായി. അദ്ദേഹത്തെ പിന്തുണച്ച് രാജിവച്ച എംഎല്‍എമാര്‍ ബിജെപിയുടെ പുതിയ സര്‍ക്കാരില്‍ മന്ത്രിമാരായി. 2020 മാര്‍ച്ചില്‍ സിന്ധ്യയുടെ പിന്തുണയോടെ ശിവരാജ് സിങ് ചൗഹാന്‍ വീണ്ടും മധ്യപ്രദേശ് മുഖ്യമന്ത്രിയായി. എന്നാല്‍ ഇത്തവണ ചൗഹാനെതിരെ ബിജെപിയില്‍ പടയൊരുക്കമുണ്ട്. കേന്ദ്രമന്ത്രിമാരെ ബിജെപി മല്‍സരിപ്പിക്കുന്നത് ചൗഹാന് ഭീഷണിയാണ്.












Click it and Unblock the Notifications