മധ്യപ്രദേശിലെ മുഖ്യമന്ത്രിയാകുമോ? ജ്യോതിരാദിത്യ സിന്ധ്യക്ക് നല്‍കാനുള്ള മറുപടി ഇങ്ങനെ
ഭോപ്പാല്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പുരോഗമിക്കുന്ന മധ്യപ്രദേശിൽ ബി ജെ പി അമ്പരിപ്പിക്കുന്ന പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 230 സീറ്റുകളിൽ 161 സീറ്റുകളിൽ ബി ജെ പി ലീഡ് ചെയ്യുകയാണ്. അധികാരം തിരികെ പിടിക്കാമെന്ന് പ്രതീക്ഷയുമായി മത്സരത്തിന് ഇറങ്ങിയ കോണ്‍ഗ്രസിന് 67 സീറ്റില്‍ മാത്രമാണ് ലീഡ് നേടാന്‍ സാധിച്ചിരിക്കുന്നത്. ഒരു സീറ്റില്‍ ബി എസ് പിയും മുന്നിലുണ്ട്.
ബി ജെ പി അധികാരം ഉറപ്പിച്ചതോടെ ആര് മുഖ്യമന്ത്രിയാകും എന്ന തരത്തിലുള്ള ചർച്ചകളും ആരംഭിച്ച് കഴിഞ്ഞു. നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ തുടരുമോ അതോ ഏതെങ്കിലും പുതുമുഖങ്ങള്‍ കടന്ന് വരുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യക്ക് നേരെ താങ്കള്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് നേതാക്കളുടെ പതിവ് ശൈലിയിലുള്ള ഉത്തരമാണ് അദ്ദേഹം നല്‍കിയത്.

താങ്കള്‍ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയാകുമോയെന്ന് ചോദിച്ചപ്പോള്‍ 'ബി ജെ പിയുടെ വിജയത്തിന്റെ ക്രെഡിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദി, അമിത് ഷാ, ജെപി നദ്ദ എന്നിവർക്കാണ്. ഞാൻ ഒരു ബിജെപി പ്രവർത്തകൻ മാത്രമാണ്. എല്ലാ കാര്യങ്ങളും നേതൃത്വം തീരുമാനിക്കും' എന്നായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടെ മറുപടി. ബി ജെ പിയുടെ വൻ വിജയത്തിന് മധ്യപ്രദേശിലെ ജനങ്ങളോട് നന്ദിയുണ്ട്. സംസ്ഥാനത്തെ ഓരോ വ്യക്തിക്കും ഞാൻ നന്ദി പറയുന്നുവെന്നും സിന്ധ്യ കൂട്ടിച്ചേർത്തു.
അതേസമയം, സംസ്ഥാനത്ത് പാർട്ടിയുടെ വിജയത്തിന്റെ കെഡ്രിറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും നല്‍കുന്നത്. "തെരഞ്ഞെടുപ്പിൽ വിജയിച്ചത് പ്രധാനമന്ത്രിയാണ്. അമിത് ഷായുടെ തന്ത്രങ്ങളുടെയും പ്രധാനമന്ത്രി മോദിയുടെ നയങ്ങളുടെയും ഫലമാണിത്. പ്രധാനമന്ത്രിയുടെ അനുഗ്രഹം മധ്യപ്രദേശിന് എപ്പോഴും ഉണ്ടായിരുന്നു. സംസ്ഥാനത്ത് വൻ വിജയം നേടിയ പാർട്ടി പ്രവർത്തകർക്ക് നന്ദി പറയുന്നു" അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications