പാക്കിസ്ഥാന്‍ പതാകയ്‌ക്കൊപ്പം ബിജെപി എംഎല്‍എയുടെ ചിത്രം
ഭോപാല്‍: മധ്യപ്രദേശിലെ ബിജെപി എംഎല്‍എ വിശ്വാസ് സാരംഗിന്റെ ചിത്രം പാക്കിസ്ഥാന്‍ പതാകയ്‌ക്കൊപ്പം ഉള്‍പ്പെടുത്തി പ്രദര്‍ശിപ്പിച്ച സംഭവം വിവാദമായി. നബിദിനത്തോടനുബന്ധിച്ച് പ്രത്യക്ഷപ്പെട്ട പതാക സോഷ്യല്‍ മീഡിയ വഴി വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് വിവാദത്തിന് തിരികൊളുത്തിയത്.
സംഭവത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ബിജെപിയെ കുറ്റപ്പെടുത്തി. വിഷയത്തില്‍ അന്വേഷണം വേണമെന്നും അവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എംഎല്‍എയുടെ അനുയായികളും പോസ്റ്ററിനെതിരെ പ്രതികരണവുമായി രംഗത്തെത്തി. ഒരു ഇലട്രിക് പോസ്റ്റില്‍ ഉയര്‍ത്തിയ നിലയിലാണ് എംഎല്‍എയുടെ ചിത്രം ഉള്‍പ്പെടുന്ന പതാകയുടെ പോസ്റ്റര്‍.

ദിവസങ്ങള്‍ക്ക് മുന്‍പ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടും ഇപ്പോള്‍ മാത്രമാണ് ഇത് ശ്രദ്ധയില്‍പ്പെടുന്നതെന്നതാണ് രസകരം. പോസ്റ്റര്‍ തങ്ങള്‍ ഇപ്പോഴാണ് ശ്രദ്ധിക്കുന്നതെന്ന് ബിജെപി പ്രവര്‍ത്തകരും പറയുന്നു. ഏതോ മുസ്ലീം സംഘടന നബിദിനത്തിന് ആശംസ അര്‍പ്പിക്കുന്ന രീതിയിലാണ് പോസ്റ്റര്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതില്‍ പാക്കിസ്ഥാന്‍ പതാകയും ഉള്‍പ്പെടുത്തുകയായിരുന്നു.
സംഭവത്തില്‍ ഐജിക്ക് പരാതി നല്‍കിയതായി വിശ്വാസ് സാരംഗ് വ്യക്തമാക്കി. തനിക്കെതിരെ സാമൂഹ്യവിരുദ്ധര്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് പോസ്റ്റര്‍. സോഷ്യല്‍ മീഡിയവഴി തനിക്കെതിരെ ചിലര്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അടിയന്തിര നടപടിവേണമെന്നും എംഎല്‍എ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications