മധ്യപ്രദേശില്‍ ഉപതിരഞ്ഞെടുപ്പ്; പുതിയ ആവശ്യവുമായി കോണ്‍ഗ്രസ്, ഹോട്ടലിലേക്ക് ഇരച്ചുകയറുമെന്ന് ഡികെ
ദില്ലി: മധ്യപ്രദേശില്‍ വിമത എംഎല്‍എമാര്‍ സൃഷ്ടിച്ച പ്രതിസന്ധി തീരണമെങ്കില്‍ സംസ്ഥാനത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്. മുഖ്യമന്ത്രി കമല്‍നാഥ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോണ്‍ഗ്രസ് ഇങ്ങനെ നിലപാട് സ്വീകരിച്ചത്. അതേസമയം, കമല്‍നാഥ് വിമതരെ കാണാന്‍ ബെംഗളൂരുവിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ട്.
ബെംഗളൂരുവില്‍ കര്‍ണാക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍, മധ്യപ്രദേശിലെ മുതിര്‍ന്ന നേതാവ് ദിഗ്വിജയ് സിങ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. വിമതരെ താമസിപ്പിച്ച ഹോട്ടലിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൂറ്റന്മാര്ച്ച് നടത്താനും ഡികെ ശിവകുമാര്‍ ആലോചിക്കുന്നുണ്ട്. വിശദവിവരങ്ങള്‍ ഇങ്ങനെ....

എങ്ങനെ വോട്ടെടുപ്പ് നടത്തും
കമല്‍നാഥിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലും കോണ്‍ഗ്രസിന് വേണ്ടി ദുഷ്യന്ത് ദവെയുമാണ് സുപ്രീംകോടതിയില്‍ ഹാജരായത്. വിശ്വാസ വോട്ട് നടത്തണമെങ്കില്‍ എംഎല്‍എമാര്‍ സഭയിലുണ്ടാകണം. അല്ലാതെ എങ്ങനെ വോട്ടെടുപ്പ് നടത്തുമെന്നും ദുഷ്യന്ത് ദവെ ചോദിച്ചു.

ഉപതിരഞ്ഞെടുപ്പ് നടത്തണം
വിശ്വാസ വോട്ടെടുപ്പ് നടത്തുന്നതിന് മുമ്പ് വിമത എംഎല്‍എമാര്‍ രാജി പ്രഖ്യാപിച്ച 22 സീറ്റുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തണമെന്നാണ് കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ഉന്നയിച്ച മറ്റൊരു പ്രധാന വാദം. സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ബിജെപി ശ്രമിക്കുകയാണ്. എംഎല്‍എമാര്‍ രാജിക്കത്ത് നല്കിയ കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പീക്കറെ മറികടന്ന് നീക്കങ്ങള്‍
സ്പീക്കറാണ് സഭയുടെ മേധാവി. സ്പീക്കറെ മറികടത്ത് ഗവര്‍ണര്‍ ഇടപെടുകയാണ് മധ്യപ്രദേശില്‍. വിശ്വാസ വോട്ട് എപ്പോള്‍ നടത്തണമെന്ന് തീരുമാനിക്കേണ്ടത് സ്പീക്കറാണ്. എന്നാല്‍ ഗവര്‍ണര്‍ തിയ്യതി തീരുമാനിക്കുന്നത് അനിയോജ്യമായ നീക്കമല്ലെന്നും ദുഷ്യന്ത് ദവെ വാദിച്ചു.

ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റണം
മധ്യപ്രദേശിലെ രാഷ്ട്രീയ പ്രതിസന്ധി വിഷയത്തില്‍ സുപ്രീംകോടതി ഇടക്കാല ഉത്തരവ് ഇറക്കരുത്. അന്തിമ വാദം പൂര്‍ത്തിയായ ശേഷമേ വിധി പുറപ്പെടുവിക്കാവൂ. ഭരണഘടനാ പ്രതിസന്ധിയാണുണ്ടായിരിക്കുന്നത്. ഹര്‍ജികള്‍ പ്രത്യേക ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റണമെന്നും ദുഷ്യന്ത് ദവെ ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് അംഗങ്ങള്‍ ഗവര്‍ണറെ കണ്ടു
അതേസമയം, കോണ്‍ഗ്രസ് അംഗങ്ങള്‍ മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ടു. ബെംഗളൂരുവിലെ ഹോട്ടലില്‍ തടഞ്ഞുവച്ചിരിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് അവര്‍ കത്ത് കൈമാറി. ദിഗ്വിജയ് സിങിനെ കസ്റ്റഡിയിലെടുത്ത കാര്യവും അവര്‍ ഗവര്‍ണറെ ധരിപ്പിച്ചു.

വിമതര്‍ ഡിജിപിക്ക് കത്തയച്ചു
അതിനിടെ ബെംഗളൂരുവിലെ ഹോട്ടലില്‍ കഴിയുന്ന വിമത എംഎല്‍എമാര്‍ കര്‍ണാടക ഡിജിപിക്ക് കത്തെഴുതി. ഒരു കോണ്‍ഗ്രസ് നേതാവിനെയും തങ്ങളെ കാണാന്‍ അനുവദിക്കരുതെന്നാണ് അവരുടെ ആവശ്യം. കോണ്‍ഗ്രസ് നേതാക്കള്‍ തങ്ങളെ കാണുന്നത് സുരക്ഷയ്ക്ക് ഭീഷണിയാണെന്നും അവര്‍ കത്തില്‍ പറയുന്നു.

ബിജെപിയുടെ വാദം
ബിജെപിക്ക് വേണ്ടി മുകുള്‍ റോത്തഗിയാണ് സുപ്രീംകോടതിയില്‍ ഹാജരായത്. കോണ്‍ഗ്രസ് പാര്‍ട്ടിയെ 22 എംഎല്‍എമാര്‍ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നു അദ്ദേഹം വാദിച്ചു. 1970കളില്‍ അടിയന്തരവാസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ കൊലപ്പെടുത്തിയവരാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഇടക്കാല ഉത്തരവിറക്കണമെന്നും റോത്തഗി ആവശ്യപ്പെട്ടു.

അന്വേഷണം വേണം
ആറ് മന്ത്രിമാരുടെ രാജി സ്വീകരിച്ചിട്ടുണ്ട്. ബാക്കി 16 എംഎല്‍എമാരുടെ രാജി സ്വീകരിച്ചിട്ടില്ല. ഇത് മറ്റൊരു ഗണത്തില്‍ വരുന്നതാണ്. 16 എംഎല്‍എമാര്‍ രാജിവയ്ക്കാനുണ്ടായ കാര്യത്തില്‍ പ്രത്യേക അന്വേഷണം വേണമെന്ന് അഭിഷേക് മനു സിങ്വി കോടതിയില്‍ ആവശ്യപ്പെട്ടു. വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ അദ്ദേഹം കൂടുതല്‍ സമയം തേടി.

നിര്‍ബന്ധിക്കാന്‍ കഴിയില്ലെന്ന് കോടതി
ബെംഗളൂരുവില്‍ കഴിയുന്ന വിമത കോണ്‍ഗ്രസ് എംഎല്‍എമാരെ നിര്‍ബന്ധിച്ച് സഭാ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാന്‍ സാധിക്കില്ലെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് വ്യക്തമാക്കി. എന്നാല്‍ വിമതരുടെ തീരുമാനം അവര്‍ സ്വതന്ത്രമായി എടുത്തതാണോ എന്നറിയണമെന്നും കോടതി പറഞ്ഞു. കോടതിയില്‍ വാദം തുടരുകയാണ്. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ നിര്‍ദേശിക്കണമെന്ന് ബിജെപി വീണ്ടും ആവര്‍ത്തിച്ചു.

കമല്‍നാഥ് ബെംഗളൂരുവിലേക്ക്?
അതേസമയം, വേണ്ടി വന്നാല്‍ വിമത എംഎല്‍എമാരെ കാണാന്‍ ബെംഗളൂരുവിലേക്ക് പോകുമെന്ന് മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ബിജെപി എന്തുകൊണ്ടാണ് അവിശ്വാസ പ്രമേയം കൊണ്ടുവരാത്തത്. അവര്‍ക്ക് അറിയാം കോണ്‍ഗ്രസ് സര്‍ക്കാര്‍ വീഴില്ലെന്ന്. 16 എംഎല്‍എമാര്‍ തിരിച്ച് മധ്യപ്രദേശില്‍ എത്തുന്നതിനെ ബിജെപി ഭയക്കുകയാണെന്നും കമല്‍നാഥ് പറഞ്ഞു.

ഡികെ ശിവകുമാറിന്റെ മുന്നറിയിപ്പ്
ബെംഗളൂരുവില്‍ വിമത എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്ന ഹോട്ടലിലേക്ക് മാര്‍ച്ച് നടത്താന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്. ഇക്കാര്യം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സൂചിപ്പിച്ചു. ബിജെപി നേതാക്കള്‍ തങ്ങളുടെ എംഎല്‍എമാരെ വിട്ടയച്ചില്ലെങ്കില്‍ കോണ്‍ഗ്രസുകാര്‍ ഹോട്ടലിലേക്ക് ഇരച്ചു കയറുമെന്ന് അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ പുതിയ സഖ്യനീക്കത്തില്‍ ഞെട്ടി ബിജെപി; 13 സീറ്റില്‍ മല്‍സരിക്കും, സഖ്യമില്ലാതെ ബിജെപി
സൗദിയില്‍ ജുമുഅ, ജമാഅത്ത് നിസ്കാരം നിര്‍ത്തി; സ്ഥാപനങ്ങള്‍ അടച്ചു, ഖത്തറില്‍ എല്ലാ കടകളും അടച്ചു