വയൽ നനയ്ക്കുന്നതിനെ ചൊല്ലി തർക്കം; മധ്യപ്രദേശിൽ ദളിത് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി
ഡൽഹി: മധ്യപ്രദേശിലെ ശിവപുരി ജില്ലയിൽ ദളിത് യുവാവിനെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. ഗ്രാമ സർപഞ്ചും കുടുംബവുമാണ് യുവാവിനെ കൊലപ്പെടുത്തിയത് എന്നാണ് റിപ്പോർട്ട്. ഇന്ദ്രഗഡ് ഗ്രാമത്തിലെ വയലിൽ വെള്ളം നനയ്ക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയിയൽ വൈറൽ ആയിട്ടുണ്ട്.
സർപഞ്ച് പദം സിംഗ് ധക്കാഡും കുടുംബാംഗങ്ങളും ചേർന്ന് 28കാരനായ നാരദ് ജാഥവിനെ നിലത്തിട്ട് ക്രൂരമായി മർദ്ദിക്കുന്നതായാണ് വീഡിയോയിൽ ഉള്ളത്. ഗ്വാളിയാർ നിവാസിയായ നാരദ് ജാഥവ്, ഇന്ദർഗഡ് ഗ്രാമത്തിലുള്ള തന്റെ അമ്മാവന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു. കഴിഞ്ഞ ദിവസം വയലിൽ വെള്ളം നനയ്ക്കുന്നതിനിടെ ധക്കാട്, തന്റെ കുടുംബാംഗങ്ങലായ ബേതൽ ധക്കാട്, ജസ്വന്ത് ധക്കാട്, അവധേഷ് ധക്കാട്, അങ്കേഷ് ധക്കാട്, മേഹർ പാൽ ധക്കാട്, ദഖാ ഭായ് ധക്കാട, വിമൽ ധക്കാട് എന്നിവർക്കൊപ്പം അവിടെ എത്തി.

ഇവർ ജാഥവിനെ അധിക്ഷേപിക്കുകയും അക്രമിക്കുകയും ചെയ്തു. വടി കൊണ്ട് യുവാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവരുടെ മർദ്ദനത്തിൽ പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ വീട്ടുകാർ ശിവപുരിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവാവ് മരണപ്പെടുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ സുഭാഷ്പുര പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications