ബിജെപിക്കായി 'പണിയെടുത്ത' ഉദ്യോഗസ്ഥരുടെ പേര് വേണം; സ്ഥാനാര്‍ത്ഥികളോട് കോണ്‍ഗ്രസ്
ഭോപ്പാല്‍: നവംബര്‍ 17 നായിരുന്നു മധ്യപ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. 230 അംഗ നിയമസഭയിലേക്ക് നടന്ന വോട്ടെടുപ്പില്‍ 76 ശതമാനമായിരുന്നു പോളിംഗ്. വോട്ടെടുപ്പിനിടെ ബി ജെ പി - കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ പലയിടത്തും സംഘര്‍ഷമുണ്ടായിരുന്നു. ഇതിന് പിന്നാലെ വോട്ടെടുപ്പില്‍ ക്രമക്കേട് നടന്നു എന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു.
ഇപ്പോഴിതാ ബി ജെ പിക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിച്ചു എന്ന് ആരോപിക്കപ്പെടുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥരെക്കുറിച്ചുള്ള വിവരങ്ങള്‍ തേടി കോണ്‍ഗ്രസ് 230 സ്ഥാനാര്‍ത്ഥികള്‍ക്കും കത്ത് നല്‍കിയിരിക്കുകയാണ്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍നാഥിന്റെ ഉത്തരവിനെ തുടര്‍ന്നാണ് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കത്ത് നല്‍കിയത്.

ഡ്യൂട്ടിയിലുള്ള ജീവനക്കാര്‍ വോട്ടിംഗ് പ്രക്രിയയില്‍ ഇടപെടുകയും ബി ജെ പിക്ക് നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതായി കോണ്‍ഗ്രസിന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ഈ ജീവനക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.
വോട്ടെടുപ്പ് ദിവസം സ്ഥാപിച്ച കണ്‍ട്രോള്‍ റൂമില്‍ ബി ജെ പിക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിനായി ഉദ്യോഗസ്ഥരും ജീവനക്കാരും ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി പരാതി ലഭിച്ചതായി മധ്യപ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ചുമതലയുള്ള രാജീവ് സിംഗ് കത്തില്‍ അവകാശപ്പെട്ടു. അത്തരം ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും എല്ലാ വിവരങ്ങളും അവരുടെ സ്ഥാനവും പോസ്റ്റിംഗ് സ്ഥലവും നവംബര്‍ 30 നകം നല്‍കണമെന്നാണ് അദ്ദേഹം പറഞ്ഞത്.
പി സി സി ആസ്ഥാനത്ത് ഒരു വാര്‍ റൂം സ്ഥാപിച്ച് അവിടെയിരുന്നാണ് കോണ്‍ഗ്രസ് സംഘം തിരഞ്ഞെടുപ്പ് സൂക്ഷ്മമായി നിരീക്ഷിച്ചത്. പി സി സി അധ്യക്ഷന്‍ കമല്‍നാഥും ദിഗ്വിജയ് സിംഗും വാര്‍ റൂമില്‍ മണിക്കൂറുകളോളം ചെലവഴിച്ചു. അതിനിടെ സംസ്ഥാനത്തുടനീളം നിരവധി പരാതികളാണ് കോണ്‍ഗ്രസിന്റെ നിയമസംഘത്തിന് ലഭിച്ചത്. ഇതേത്തുടര്‍ന്നാണ് പി സി സി അധ്യക്ഷന്‍ കമല്‍നാഥിന്റെ നിര്‍ദേശപ്രകാരം സംഘടനാ ചുമതലയുള്ള രാജീവ് സിംഗ് എല്ലാ സ്ഥാനാര്‍ത്ഥികള്‍ക്കും കത്ത് നല്‍കിയത്.
എന്നാല്‍ തിരഞ്ഞെടുപ്പിലെ ആസന്നമായ പരാജയത്തിന് പുതിയ ഒഴിവ് കഴിവ് കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നാണ് ബി ജെ പിയുടെ മറുപടി. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ ശക്തമായ മത്സരം നടക്കുന്ന സംസ്ഥാനമാണ് മധ്യപ്രദേശ്. നിലവില്‍ ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്. സംസ്ഥാനത്ത് വാട്ടെണ്ണല്‍ ഡിസംബര്‍ 3 ന് നടക്കും.












Click it and Unblock the Notifications