വോട്ട് തേടി ഇതുവരെ ഒരാളും എത്താത്ത ഒരു ഗ്രാമം... കുടിവെള്ളം പോലും ഇവിടെ ആഡംബരം..!!
ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. കോണ്‍ഗ്രസും ബി ജെ പിയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് എല്ലാ സ്ഥാനാര്‍ത്ഥികളും വോട്ട് തേടി സജീവമായി പ്രചാരണം നടത്തുന്നുണ്ട്. ഓരോ ഗ്രാമങ്ങളിലും ഒന്നിലേറെ തവണ കയറിയിറങ്ങി അവസാന വോട്ടും പെട്ടിയിലാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടികള്‍.
എന്നിരുന്നാലും അലിരാജ്പൂര്‍ ജില്ലയില്‍ ജന്‍ദാന എന്ന പേരുള്ള ഒരു ഗ്രാമത്തിലേക്ക് ഒരു സ്ഥാനാര്‍ത്ഥി പോലും പ്രചരണത്തിന് പോകില്ല. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഒരു രാഷ്ട്രീയ നേതാവും ഇവിടേക്ക് പ്രചാരണത്തിന് എത്തിയിട്ടില്ല എന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. ഗ്രാമവാസികളോട് സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആണ് അഭ്യര്‍ത്ഥിക്കുാറുള്ളത്.

മാത്രമല്ല ഈ ഗ്രാമത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയ സുഗമമാക്കുന്നതിന് കാര്യമായ ശ്രമങ്ങള്‍ കമ്മീഷന്‍ നടത്തുകയും വേണം. ജന്‍ദാന ഗ്രാമത്തിലെ പോളിംഗ് കേന്ദ്രത്തിലെത്താന്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളും (ഇവിഎം) വഹിച്ചുകൊണ്ട് ബോട്ട് സവാരി നടത്തണം. തുടര്‍ന്ന് മലയോര മേഖലയിലെ വെല്ലുവിളി നിറഞ്ഞ പാതയിലൂടെ കാല്‍നടയായി സഞ്ചരിക്കണം.
ആയിരത്തോളം നിവാസികളുള്ള ഈ ഗ്രാമത്തില്‍ 763 എസ് ടി വോട്ടര്‍മാരാണുള്ളത്. ഇവിടെ വന്ന് ഒരു സ്ഥാനാര്‍ത്ഥിയും പ്രചാരണം നടത്തുന്നത് തങ്ങള്‍ കണ്ടിട്ടില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു. ഗ്രാമപ്പഞ്ചായത്ത് കെട്ടിടത്തിലാണ് പോളിംഗ് കേന്ദ്രം ഒരുക്കിയിരിക്കുന്നത്. ജന്‍ദാന ഗ്രാമത്തിന്റെ ഭൂരിഭാഗവും വര്‍ഷങ്ങള്‍ക്ക് മുമ്പ് വെള്ളത്തിനടിയിലായിരുന്നു. അതിനാല്‍ ഗതാഗത യോഗ്യമായ റോഡ് പോലും ഇവിടെ ഇല്ല.
അടിസ്ഥാന സൗകര്യങ്ങളില്ലാതെ ജീവിക്കേണ്ടി വന്നിട്ടും ഇവിടത്തെ ആദിവാസി നിവാസികള്‍ ഗ്രാമം വിട്ടുപോകാന്‍ തയ്യാറായില്ല എന്നത് ശ്രദ്ധേയമാണ്. അലിരാജ്പൂര്‍ ജില്ലാ ആസ്ഥാനത്ത് നിന്ന് 60 കിലോമീറ്റര്‍ മാത്രം അകലെയാണെങ്കിലും ഈ ഗ്രാമം വികസനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തില്‍ ദശാബ്ദങ്ങളായി വളരെ പിന്നിലാണ്. ഏതാനും വീടുകളില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് മാത്രമാണ് തിരഞ്ഞെടുപ്പിന്റെ പ്രതിഫലനം.
കായലുകളാല്‍ ചുറ്റപ്പെട്ട ഈ ഗ്രാമത്തില്‍ കുടിവെള്ള ലഭ്യത ഒരു ആഡംബരമായി കണക്കാക്കപ്പെടുന്നു എന്നതാണ് വിരോധാഭാസം. വേനല്‍ക്കാലത്ത് സ്ഥിതി കൂടുതല്‍ വഷളാകുമെന്ന് നാട്ടുകാര്‍ പറയുന്നു. മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും ജലക്ഷാമം രൂക്ഷമാണ്. കുറച്ചുനാള്‍ മുമ്പ് ഗ്രാമവാസികള്‍ ഇവിടെ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കിലും പാറക്കെട്ടുകള്‍ നിറഞ്ഞ പ്രദേശനമായതിനാല്‍ ശ്രമം വിജയിച്ചില്ല
വീടുകളില്‍ കുടിവെള്ളം നല്‍കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇതുവരെ അത് പാലിക്കപ്പെട്ടിട്ടില്ല. മനുഷ്യര്‍ക്കും കന്നുകാലികള്‍ക്കും ഇവിടെ വെള്ളം കുറവാണ്. ഇവിടുത്തെ ഭൂരിഭാഗം ആളുകളും പ്രാദേശിക ഭാഷയായ ഭഭിലി ആണ് സംസാരിക്കുന്നത്. ശരിയായ റോഡുകളില്ലാത്തതിനാല്‍ പുറംലോകവുമായി ബന്ധപ്പെടാന്‍ ബോട്ടുകളെ ആശ്രയിക്കേണ്ടിവരുന്നവരാണ് ഇവര്‍.
ആര്‍ക്കെങ്കിലും അസുഖം വന്നാല്‍ പോലും ബോട്ടില്‍ ആണ് ആളുകളെ കൊണ്ടുപോകുന്നത്. മഴ പെയ്താല്‍ ജലനിരപ്പ് ഉയരുമ്പോള്‍ ഇവിടെ അതിജീവനം ബുദ്ധിമുട്ടാണെന്നും ധാരാളം ആളുകള്‍ തൊഴില്‍ തേടി ഗുജറാത്തിലേക്ക് കുടിയേറിയിട്ടുണ്ടെന്നും ഗ്രാമവാസികള്‍ പറയുന്നു. ഗ്രാമത്തിലേക്ക് എത്താന്‍ ബദല്‍ മാര്‍ഗമുണ്ടെങ്കിലും അഞ്ച് കിലോമീറ്ററോളം നടക്കണമെന്ന് അലിരാജ്പൂരിലെ കളക്ടര്‍ അഭയ് അരവിന്ദ് ബേഡേക്കര്‍ പറഞ്ഞു.
ഗ്രാമവാസികള്‍ കോണ്‍ക്രീറ്റ് റോഡ് ആവശ്യപ്പെടുന്നുണ്ടെങ്കിലും അത് വനഭൂമിയിലൂടെ കടന്നുപോകേണ്ടിവരുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റോഡ് നിര്‍മാണത്തിന് അനുമതി തേടി വനംവകുപ്പിന് കത്ത് നല്‍കിയിട്ടുണ്ടെന്നും അനുമതി ലഭിച്ചാല്‍ റിമോട്ട് വില്ലേജ് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോണ്‍ക്രീറ്റ് റോഡ് നിര്‍മിക്കുമെന്നും ബേഡേക്കര്‍ പറഞ്ഞു.
നിലവില്‍ കോണ്‍ഗ്രസിനാണ് അലിരാജ്പൂരിലെ എം എല്‍ എ സ്ഥാനം. ബിജെപി അലിരാജ്പൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് നാഗര്‍ സിംഗ് ചൗഹാനെ മത്സരിപ്പിക്കുന്നു. കോണ്‍ഗ്രസ് നിലവിലെ എം എല്‍ എ മുകേഷ് പട്ടേലിനെയാണ് മത്സരിപ്പിക്കുന്നത്.












Click it and Unblock the Notifications