ബിജെപിയ്ക്ക് വോട്ട് ചെയ്യാത്തതിന് കുടിവെള്ളം നിഷേധിച്ചെന്ന് പരാതി; ആരോപണം തള്ളി മന്ത്രി
ഭോപ്പാല്‍: ബി ജെ പിക്ക് വോട്ട് ചെയ്യാത്തതിന്റെ പേരില്‍ വെള്ളം നിഷേധിക്കപ്പെട്ടതായി പരാതി. മധ്യപ്രദേശിലെ അശോക്നഗര്‍ ജില്ലയില്‍ നിന്നാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. സംസ്ഥാന മന്ത്രി ബ്രിജേന്ദ്ര സിംഗ് യാദവ് പ്രതിനിധീകരിക്കുന്ന മുംഗാവലി അസംബ്ലി മണ്ഡലത്തിലെ നയഖേഡ ഗ്രാമത്തില്‍ നിന്നാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
'അവര്‍ ബി ജെ പിക്ക് വോട്ട് ചെയ്തിട്ടുണ്ടോ എന്ന് ഗ്രാമവാസികളോട് ചോദിക്കുന്നു. ഞങ്ങള്‍ ഇല്ല എന്ന് പറഞ്ഞാല്‍ അവര്‍ മോട്ടോര്‍ സ്വിച്ച് ഓഫ് ചെയ്ത് ഞങ്ങളെ ഓടിക്കുന്നു,' ഗ്രാമവാസിയായ ശ്യാം ബായി പറഞ്ഞു. വോട്ടെടുപ്പ് അവസാനിച്ചതിന് ശേഷം അവര്‍ കുഴല്‍ക്കിണര്‍ പ്രവര്‍ത്തിപ്പിക്കുന്നത് പൂര്‍ണമായും നിര്‍ത്തി എന്നാണ് ഗ്രാമത്തിലെ മറ്റൊരു പെണ്‍കുട്ടി പറയുന്നത്.

ആരും അറിയാതെ രാത്രി മാത്രമാണ് സ്വിച്ച് ഓണ്‍ ചെയ്യുന്നത് എന്നും ഗ്രാമവാസികള്‍ ആരോപിക്കുന്നു. ഗ്രാമത്തിലെ മറ്റുള്ളവരും സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെങ്കിലും ബി ജെ പിയുടെ പേര് പറഞ്ഞിട്ടില്ല. എന്നാല്‍ പൂവിന് (ബി ജെ പിയുടെ ചിഹ്നം താമരയാണ്) വോട്ട് ചെയ്തില്ലെങ്കില്‍ വെള്ളം നല്‍കില്ലെന്ന് ചിലര്‍ പറഞ്ഞതായി ഇവരും സമ്മതിക്കുന്നുണ്ട്. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ബ്രിജേന്ദ്ര സിംഗ് യാദവ് രംഗത്തെത്തി.
തിരഞ്ഞെടുപ്പിന് ശേഷം എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ബ്രിജേന്ദ്ര സിംഗ് യാദവ് എന്‍ഡിടിവിയോട് പറഞ്ഞു. 'ഇതൊരു സര്‍ക്കാര്‍ കുഴല്‍ക്കിണറാണ്. ഗ്രാമത്തില്‍ ഞാന്‍ നാല് കുഴല്‍ക്കിണറുകള്‍ ഇവിടെ ഉണ്ടാക്കിയിട്ടുണ്ട്. എല്ലാവര്‍ക്കും വെള്ളം നല്‍കുന്നതിനാണ് അത് ചെയ്തത്', അദ്ദേഹം പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് രംഗത്തെത്തി.
ബി ജെ പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാരിന്റെ വ്യാജ അവകാശവാദങ്ങളുടെയും നുണകളുടെയും യഥാര്‍ത്ഥ വശമാണിത് എന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പറഞ്ഞു. 'ബി ജെ പിയുടെ ക്രൂരതയുടെ പാരമ്യത നോക്കൂ. വോട്ട് ചെയ്യാത്തവരെ വെള്ളമില്ലാതെ കൊല്ലാന്‍ അവര്‍ ശ്രമിക്കുന്നു. 18 വര്‍ഷം എല്ലാ കൊള്ളരുതായ്മകളും ചെയ്തിട്ടും ബി ജെ പിക്ക് ഇപ്പോഴും തൃപ്തിയായിട്ടില്ല,' അദ്ദേഹം എക്‌സില്‍ കുറിച്ചു.
അഴിമതിക്കും ദുര്‍ഭരണത്തിനും അതിക്രമങ്ങള്‍ക്കും മധ്യപ്രദേശിലെ ജനങ്ങള്‍ ഉത്തരം നല്‍കിയിട്ടുണ്ടെന്നും അത് വോട്ടെണ്ണുമ്പോള്‍ മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ നേരിട്ട് മത്സരിക്കുന്ന സംസ്ഥാനത്തെ ഫലം ഡിസംബര്‍ മൂന്നിന് പ്രഖ്യാപിക്കും.












Click it and Unblock the Notifications