ബിജെപിയോ കോണ്‍ഗ്രസോ? മധ്യപ്രദേശിന്റെ മനസിലിരിപ്പെന്ത്..? എക്‌സിറ്റ് പോളുകള്‍ക്കും പിടിയില്ല
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ ശക്തമായ മത്സരം നടക്കുന്നു എന്ന് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ചുരുക്കം ചില പോള്‍ ഏജന്‍സികള്‍ ഒഴിച്ച് ബാക്കി എല്ലാവരും ഇഞ്ചോടിഞ്ച് പോരാട്ടമാണ് സംസ്ഥാനത്ത് നടക്കുന്നത് എന്നാണ് പ്രവചിച്ചിരിക്കുന്നത്. നിലവില്‍ ബി ജെ പിയാണ് സംസ്ഥാനം ഭരിക്കുന്നത്. 230 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് 116 സീറ്റുകളാണ് വേണ്ടത്.
ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ, ഉന്ത്യാ ടിവി-സിഎന്‍എക്‌സ്, ന്യൂസ് 24-ടുഡേയ്‌സ് ചാണക്യ, റിപ്പബ്ലിക് ടിവി- മാട്രിസ് എന്നിവര്‍ സംസ്ഥാനത്ത് ബി ജെ പിക്ക് ഈസി വാക്കോവറാണ് പ്രവചിക്കുന്നത്. എന്നാല്‍ ദൈനിക് ഭാസ്‌കര്‍, ജന്‍ കി ബാത്, ടൈംസ് നൗ-ഇടിജി, ടിവി 9 ഭാരത് വര്‍ഷ്-പോള്‍സ്ട്രാറ്റ് എന്നിവര്‍ ബി ജെ പിയും കോണ്‍ഗ്രസും തമ്മില്‍ സംസ്ഥാനത്ത് ശക്തമായ പോരാട്ടമാണ് എന്നാണ് പ്രവചിക്കുന്നത്.

ദൈനിക് ഭാസ്‌കര്‍ ബി ജെ പിക്ക് 95 മുതല്‍ 115 സീറ്റ് വരെ പ്രവചിക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് സീറ്റ് നില കേവല ഭൂരിപക്ഷം കടക്കും എന്നാണ് പ്രവചനം. കോണ്‍ഗ്രസിന് 105-120 സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവര്‍ 0-15 സീറ്റ് വരേയും പ്രവചിക്കുന്നു. ഇന്ത്യാ ടുഡേ-ആക്‌സിസ് മൈ ഇന്ത്യ ബി ജെ പിക്ക് സംസ്ഥാനത്ത് കൂറ്റന്‍ ജയം പ്രവചിക്കുന്നു. ബി ജെ പിക്ക് 140 മുതല്‍ 162 സീറ്റ് വരെ ലഭിക്കും എന്നാണ് പ്രവചനം.
കോണ്‍ഗ്രസിന് 68-90 സീറ്റുകളും പ്രവചിക്കുന്നു. ബിഎസ്പി രണ്ട് സീറ്റ് വരേയും മറ്റുള്ളവര്‍ ഒരു സീറ്റും നേടിയേക്കാം. ഇന്ത്യ ടിവി - സിഎന്‍എക്‌സും ബിജെപിക്ക് തിളക്കമാര്‍ന്ന വിജയം പ്രവചിക്കുന്നു. ബിജെപി 140-159, കോണ്‍ഗ്രസ് 70-89 എന്നിങ്ങനെയാണ് പ്രവചനം. അതേസമയം ജന്‍ കി ബാത്ത് സംസ്ഥാനത്ത് ശക്തമായ പോരാട്ടമാണ് പ്രവചിക്കുന്നത്. ബി ജെ പിക്ക് 100 മുതല്‍ 123 സീറ്റ് വരേയും കോണ്‍ഗ്രസിന് 102 മുതല്‍ 125 സീറ്റ് വരേയുമാണ് പ്രവചനം.
മറ്റുള്ളവര്‍ അഞ്ച് സീറ്റ് വരെ നേടിയേക്കാം. ന്യൂസ് 24- ടുഡേയ്‌സ് ചാണക്യ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് പ്രവചിക്കുന്നത്. 74 സീറ്റില്‍ കോണ്‍ഗ്രസ് ഒതുങ്ങുമ്പോള്‍ ബി ജെ പി 151 സീറ്റിന്റെ വ്യക്തമായ ഭൂരിപക്ഷം നേടും. റിപ്പബ്ലിക് ടിവി - മാട്രിസ് ബി ജെ പിക്ക് 118-130 സീറ്റും കോണ്‍ഗ്രസിന് 97-107 സീറ്റുമാണ് പ്രവചിക്കുന്നത്. ടൈംസ് നൗ- ഇടിജി സര്‍വേയും ഇഞ്ചോടിഞ്ച് പോരാട്ടം സംസ്ഥാനത്ത് നടക്കും എന്നാണ് പ്രവചിക്കുന്നത്.
ബി ജെ പി 105-117 സീറ്റ് നേടുമ്പോള്‍ കോണ്‍ഗ്രസിന് 109-125 സീറ്റ് വരെ ലഭിക്കാം. മറ്റുള്ളവര്‍ ഒന്ന് മുതല്‍ അഞ്ച് വരെ സീറ്റ് നേടിയേക്കാം എന്നും ടൈംസ് നൗ- ഇടിജി സര്‍വേ പ്രവചിക്കുന്നു. ടിവി 9 ഭാരത് വര്‍ഷ്- പോള്‍സ്ട്രാറ്റ് എക്‌സിറ്റ് പോളും സംസ്ഥാനത്ത് ശക്തമായ പോരാട്ടം നടക്കുന്നു എന്ന് സൂചിപ്പിക്കുന്നു. ബി ജെ പി 106-116 സീറ്റും കോണ്‍ഗ്രസ് 111-121 സീറ്റും നേടുമെന്നാണ് പ്രവചനം. മറ്റുള്ളവര്‍ക്ക് പൂജ്യം മുതല്‍ ആറ് സീറ്റ് വരേയും ലഭിക്കാം.












Click it and Unblock the Notifications