മധ്യപ്രദേശ് എക്‌സിറ്റ് പോള്‍: തൂക്കുസഭ പ്രവചിച്ച് ജന്‍ കി ബാത്ത്; നിര്‍ണായകമാകുക സ്വതന്ത്രര്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ തൂക്കുസഭ പ്രവചിച്ച് ജന്‍ കി ബാത്ത് എക്‌സിറ്റ് പോള്‍. ബി ജെ പിക്ക് 100 മുതല്‍ 123 സീറ്റ് വരേയും കോണ്‍ഗ്രസിന് 102 മുതല്‍ 125 സീറ്റ് വരേയുമാണ് പ്രവചിച്ചിരിക്കുന്നത്. 230 അംഗ നിയമസഭയില്‍ 116 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. ഇരുപാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്ച വെക്കുന്നതിനാല്‍ മറ്റുള്ളവരുടേയും സ്വതന്ത്രരുടേയും നിലപാട് നിര്‍ണായകമാകും.
2018 ല്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല. എന്നാല്‍ 114 സീറ്റ് നേടിയ കോണ്‍ഗ്രസ് കമല്‍നാഥിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചു. 109 സീറ്റാണ് ബി ജെ പിക്ക് ലഭിച്ചിരുന്നത്. അതേസമയം ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാര്‍ കൂറുമാറിയതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.

അതേസമയം എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ ശ്രദ്ധ തിരിയരുത് എന്ന് കമല്‍ നാഥ് പറഞ്ഞു. 'എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും ശക്തിയെ ഓര്‍മ്മിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കോണ്‍ഗ്രസിന്റെ ശക്തിയാണ്, നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് പൊതുജനങ്ങള്‍ കോണ്‍ഗ്രസിനെ പിന്തുണച്ച് വന്‍തോതില്‍ വോട്ട് ചെയ്തത്,' കമല്‍നാഥ് പറഞ്ഞു.
ഡിസംബര്‍ മൂന്നിന് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ ജനങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ അംഗീകരിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. തങ്ങള്‍ക്ക് 130-ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ് പറഞ്ഞു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ വളരെ വ്യത്യസ്തമാണ്. ഞങ്ങള്‍ക്ക് അതിനെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് 130- ലധികം സീറ്റുകള്‍ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുനല്‍കാന്‍ കഴിയും.
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ ജനങ്ങള്‍ മടുത്തു, അദ്ദേഹം പറഞ്ഞു. അതേസമയം ബി ജെ പി 165 സീറ്റുകള്‍ വരെ നേടുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര പി ടി ഐയോട് പറഞ്ഞു. ബി ജെ പിയുടെ ഇരട്ട എഞ്ചിന്‍ സര്‍ക്കാര്‍ വീണ്ടും അധികാരത്തിലെത്തും എന്ന് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹനും പറഞ്ഞു.
കമല്‍നാഥിന്റെ ചിന്ദ്വാര, കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ ദിമാനി, ചുര്‍ഹത്ത്, സംസ്ഥാന ആഭ്യന്തര മന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്രയുടെ ദാതിയ, മുഖ്യമന്ത്രി ശിവരാജിന്റെ ബുധ്നി, ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയുടെ ഇന്‍ഡോര്‍ 1 എന്നിവയാണ് സംസ്ഥാനത്തെ പ്രധാന സീറ്റുകള്‍.












Click it and Unblock the Notifications