ബ്രാഹ്‌മണ യുവതികളെ, നാല് കുട്ടികളെ പ്രസവിക്കൂ, ഒരു ലക്ഷം രൂപ തരാം; വിചിത്രവാദവുമായി വിഷ്ണു രജോറിയ
ഭോപ്പാല്‍: നാല് കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്‌മണ ദമ്പതികള്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് ധ്യപ്രദേശ് സര്‍ക്കാരിന് കീഴിലുള്ള ബോര്‍ഡ്. ഇന്‍ഡോറില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെ പരശുറാം കല്യാണ്‍ ബോര്‍ഡ് പ്രസിഡന്റ് പണ്ഡിറ്റ് വിഷ്ണു രജോറിയ ഇത്തരത്തിലൊരു പ്രഖ്യാപനം നടത്തിയത്. സംസ്ഥാന ക്യാബിനറ്റ് മന്ത്രിയുടെ റാങ്കുള്ള വ്യക്തിയാണ് വിഷ്ണു രജോറിയ.
സമൂഹത്തില്‍ മതനിന്ദ നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നത് ആളുകള്‍ കുടുംബജീവിതത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാത്തതിനാലാണ് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വന്തം കുടുംബങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് പലരും നിര്‍ത്തിയെന്നും പരമ്പരാഗത മൂല്യങ്ങള്‍ പാലിക്കാത്തവരുടെ ആളുകളുടെ എണ്ണം പ്രതിദിനം വര്‍ധിക്കുന്നത് ആശങ്കപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.

അനേകം യുവ ദമ്പതിമാര്‍ ഒരു കുട്ടിയുമായി സ്ഥിരതാമസമാക്കുന്നു. അത് സമൂഹത്തിന്റെ ഭാവിക്ക് പ്രശ്നകരമാണെന്ന് താന്‍ വിശ്വസിക്കുന്നതായി രജോറിയ പറഞ്ഞു. ''എനിക്ക് യുവാക്കളില്‍ നിന്ന് വലിയ പ്രതീക്ഷയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് നമുക്ക് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല. ശ്രദ്ധയോടെ കേള്‍ക്കുക, ഭാവി തലമുറയുടെ സംരക്ഷണം നിങ്ങള്‍ക്കാണ്,' രജോറിയ കൂട്ടിച്ചേര്‍ത്തു.
ചെറുപ്പക്കാരായ സ്ത്രീകള്‍ വിവാഹം കഴിഞ്ഞ് ഒരു കുട്ടിക്ക് ശേഷം പ്രസവം നിര്‍ത്തുകയാണ് എന്നും ഇത് വളരെ പ്രശ്‌നകരമാണ് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടികള്‍ കുറഞ്ഞത് നാലെണ്ണമെങ്കിലും ഉണ്ടായിരിക്കണമെന്ന് താന്‍ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ ബോര്‍ഡ് പ്രസിഡന്റായാലും ഇല്ലെങ്കിലും നേരത്തെ പ്രഖ്യാപിച്ച പാരിതോഷികം നല്‍കുമെന്നും അദ്ദേഹം ഉറപ്പുനല്‍കി.
വര്‍ധിച്ച് വരുന്ന വിദ്യാഭ്യാസ ചെലവിനെക്കുറിച്ച് നിരവധി യുവാക്കള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്നും രജോറിയ സമ്മതിച്ചു. ഈ പ്രശ്‌നം എങ്ങനെയെങ്കിലും കൈകാര്യം ചെയ്യണം എന്നും പക്ഷേ കുട്ടികളെ പ്രസവിക്കുന്നതില്‍ കാലതാമസം വരുത്തരുത് എന്നും അദ്ദേഹം പറഞ്ഞു. അല്ലാത്തപക്ഷം, മതഭ്രാന്തന്മാര്‍ ഈ രാജ്യം പിടിച്ചെടുക്കുമെന്ന മുന്നറിയിപ്പും രജോറിയ നല്‍കി. അതേസമം പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, സര്‍ക്കാര്‍ പദ്ധതിയല്ലെന്നും രജോറിയ പിന്നീട് പറഞ്ഞു.












Click it and Unblock the Notifications