ബ്രാഹ്മണര്‍ക്ക് പ്രത്യേക ക്ഷേമ ബോര്‍ഡ്; രാജ്യത്ത് ആദ്യം, പൂജാരിമാര്‍ക്ക് കൂടുതല്‍ അധികാരം
ഭോപ്പാല്‍: ബ്രാഹ്മണ വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി പ്രത്യേക ബോര്‍ഡ് രൂപീകരിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഈ തീരുമാനം എടുത്തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്‍ഡോറിലെ ജനപാവില്‍ ഭഗവാന്‍ ശ്രീ പരശുരാമ ലോക് എന്ന പേരില്‍ മതപരമായ ഇടനാഴി സ്ഥാപിക്കാനും തീരുമാനിച്ചു.
ക്ഷേത്രങ്ങളുടെ മേല്‍ സര്‍ക്കാരിനുള്ള നിയന്ത്രണം കുറച്ചിട്ടുണ്ട്. പൂജാരിമാര്‍ക്കായിരിക്കും കൂടതല്‍ അധികാരം. ക്ഷേത്രങ്ങളിലെ എല്ലാ കാര്യങ്ങളിലും സര്‍ക്കാരിന് ഇനി നിയന്ത്രണങ്ങളുണ്ടാകില്ല. ക്ഷേത്ര ഭൂമി ലേലം ചെയ്യുന്നതുള്‍പ്പെടെ പൂജാരിമാരാകും ചെയ്യുക. ഇതുവരെ ജില്ലാ കളക്ടര്‍മാര്‍ക്കായിരുന്നു അധികാരമെന്നും മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.

ഹിന്ദു മതത്തെയും സംസ്‌കാരത്തെയും എപ്പോഴും സംരക്ഷിക്കുന്നവരാണ് ബ്രാഹ്മണര്‍ എന്ന് പറഞ്ഞ മുഖ്യമന്ത്രി, പ്രത്യേക ക്ഷേമ ബോര്‍ഡ് ബ്രാഹ്മണര്‍ക്ക് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തു. ബ്രാഹ്മിണ്‍ വെല്‍ഫയര്‍ ബോര്‍ഡിന് വിശാലമായ അധികാരമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 21104 ക്ഷേത്രങ്ങളാണ് മധ്യപ്രദേശില്‍. ഇതില്‍ 1320 ക്ഷേത്രങ്ങള്‍ക്ക് 10 ഏക്കറിലധികം കാര്‍ഷിക ഭൂമിയുണ്ട്.
കൃഷി ഭൂമി സ്വന്തമായില്ലാത്ത ക്ഷേത്രങ്ങളിലെ പൂജാരിമാര്‍ക്ക് സര്‍ക്കാര്‍ ഓരോ മാസവും 5000 രൂപ വീതം നല്‍കുന്നുണ്ട്. മധ്യപ്രേേദശില്‍ വളരെ തുച്ഛമാണ് ബ്രാഹ്മണര്‍. ഇവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുന്നതിനെതിരെ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. ആറ് ശതമാനം ജനങ്ങള്‍ക്ക് ഇത്രയും ആനുകൂല്യം നല്‍കുന്നതിന് പിന്നില്‍ മറ്റുചില ലക്ഷ്യങ്ങളുണ്ടത്രെ.
പ്രധാനമന്ത്രി നരേന്ദ്ര മോദി വിന്ധ്യാസ് മേഖല സന്ദര്‍ശിച്ച വേളയില്‍ തന്നെ രാഷ്ട്രീയ ലക്ഷ്യം ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ഇവിടെ ബ്രാഹ്മണര്‍ക്കാണ് കൂടുതല്‍ സ്വാധീനം. സത്‌ന, രേവ ജില്ലകളിലെ ചില നിയമസഭാ മണ്ഡലങ്ങളില്‍ 40 ശതമാനത്തിലധികം ബ്രാഹ്മണരാണ്. 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഈ മേഖലയില്‍ വലിയ നേട്ടമുണ്ടായിരുന്നു.

വിന്ധ്യാസില്‍ 30 നിയമസഭാ മണ്ഡലങ്ങളാണുള്ളത്. 2018ല്‍ ബിജെപിക്ക് ഈ മേഖലയിലെ 24 സീറ്റുകളാണ് ലഭിച്ചത്. 2013ല്‍ 17 ആയിരുന്നു. ഏഴ് സീറ്റാണ് കഴിഞ്ഞ തവണ വര്‍ധിച്ചത്. കോണ്‍ഗ്രസ് 11ല്‍ നിന്ന് ആറിലേക്ക് താഴുകയും ചെയ്തു. ഇത്തവണ കൂടുതല്‍ സീറ്റ് പിടിക്കാനാണ് ബിജെപിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമാണ് ബ്രാഹ്മിണ്‍ ക്ഷേമ ബോര്‍ഡ് പ്രഖ്യാപിച്ചതത്രെ.
വിന്ധ്യാസ് മേഖലയില്‍ ബിജെപിയെ ആശങ്കയിലാക്കുന്നത് കോണ്‍ഗ്രസ് അല്ല. അടുത്തിടെയുണ്ടായ ചില രാഷ്ട്രീയ മാറ്റങ്ങളാണ്. അരവിന്ദ് കെജ്രിവാളിന്റെ എഎപി മേഖലയില്‍ സജീവമായിട്ടുണ്ട്. കൂടാതെ നാരായണ്‍ ത്രിപാഠി എംഎല്‍എ പുതിയ പാര്‍ട്ടി രൂപീകരിക്കുകയും ചെയ്തു. ബിജെപിയുടെ വോട്ട് ഭിന്നിക്കാന്‍ ഇത് കാരണമാകുമെന്നാണ് പാര്‍ട്ടി നേതാക്കളുടെ ആശങ്ക.












Click it and Unblock the Notifications