ക്ഷേത്രമതില്‍ ഇടിഞ്ഞുവീണ് ഒമ്പത് കുട്ടികള്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്
ഭോപ്പാല്‍: ക്ഷേത്രത്തിന്റെ മതില്‍ ഇടിഞ്ഞ് വീണ് ഒമ്പത് കുട്ടികള്‍ക്ക് ദാരുണാന്ത്യം. നിരവധി പേര്‍ക്ക് പരിക്കേറ്റു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ഷാപൂര്‍ മേഖലയില്‍ ആണ് സംഭവം. മതപരമായ ചടങ്ങിനിടെയായിരുന്നു സംഭവം. അപകടത്തില്‍ 10 മുതല്‍ 15 വയസ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത് എന്ന് സാഗര്‍ ഡിവിഷണല്‍ കമ്മീഷണര്‍ വീരേന്ദ്ര സിംഗ് റാവത്ത് പിടിഐയോട് പറഞ്ഞു.
ഷാഹ്പൂരിലെ ഹര്‍ദൗള്‍ ബാബ ക്ഷേത്രത്തിലെ മതപരമായ ചടങ്ങിനിടെയാണ് ദാരുണമായ സംഭവം. പരിക്കേറ്റ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് രക്ഷാപ്രവര്‍ത്തനം നടത്തി. ഉന്നത ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി മോഹന്‍ യാദവ് രംഗത്തെത്തി.

പരിക്കേറ്റവര്‍ ഉടന്‍ സുഖം പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളെ നഷ്ടപ്പെട്ട കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നു എന്നും ഓരോ കുടുംബത്തിനും 4 ലക്ഷം രൂപ വീതം സര്‍ക്കാര്‍ ധനസഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മധ്യപ്രദേശിലെ രേവ ജില്ലയില്‍ സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ആള്‍ത്താമസമില്ലാത്ത കെട്ടിടത്തിന്റെ മതില്‍ തകര്‍ന്ന് നാല് കുട്ടികള്‍ മരിക്കുകയും ഒരു സ്ത്രീക്കും ഒരു കുട്ടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ഗഡ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഒരു സ്വകാര്യ സ്‌കൂളിന് സമീപമായിരുന്നു സംഭവം. സണ്‍റൈസ് പബ്ലിക് സ്‌കൂളിലെ കുട്ടികള്‍ വീട്ടിലേക്ക് പോകുന്നതിനിടെ സമീപത്തുള്ള കെട്ടിടത്തിന്റെ മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നുവെന്ന് രേവ സോണ്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ് മഹേന്ദ്ര സിംഗ് സികര്‍വാര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അഞ്ചിനും ഏഴിനും ഇടയില്‍ പ്രായമുള്ള കുട്ടികളായിരുന്നു മരിച്ചത്.
കെട്ടിട ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മധ്യപ്രദേശില്‍ കനത്ത മഴ പെയ്യുന്നതിനാല്‍ മതില്‍ തകര്‍ന്ന സംഭവങ്ങള്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ വര്‍ഷം സംസ്ഥാനത്ത് മഴക്കെടുതിയില്‍ 200 പേര്‍ മരിച്ചു. 206 വീടുകള്‍ പൂര്‍ണമായും 2403 വീടുകള്‍ ഭാഗികമായും തകര്‍ന്നു.












Click it and Unblock the Notifications