മധ്യപ്രദേശില്‍ ട്വിസ്റ്റ്! കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി; മൂന്ന് രാജ്യസഭാ സീറ്റും ബിജെപിക്ക്?
ഭോപ്പാല്‍: മധ്യപ്രദേശില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്‍പെ വന്‍ ട്വിസ്റ്റ്. കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്‍ നാമനിര്‍ദ്ദേശ പത്രിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരസിച്ചു. ഇതോടെ സംസ്ഥാനത്തെ മൂന്ന് രാജ്യസഭാ സീറ്റുകളിലും ബിജെപി ജയിച്ചേക്കും എന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എംഎല്‍എമാരെ ബിജെപിയുടെ കുതിരക്കച്ചവട നീക്കങ്ങളില്‍ നിന്ന് സംരക്ഷിക്കുന്ന തിരക്കിലായിരുന്നു കോണ്‍ഗ്രസിന് ഇത് അപ്രതീക്ഷിത തിരിച്ചടിയായി.
മീനാക്ഷി നടരാജന്‍ നാമനിര്‍ദ്ദേശ പത്രികയില്‍ തനിക്കെതിരായ ഒരു കേസിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്ന പരാതിയെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അവരുടെ അപേക്ഷ നിരസിച്ചത്. ബിജെപിയാണ് പരാതി നല്‍കിയത്.
മീനാക്ഷി നാമനിര്‍ദ്ദേശ പത്രിക തള്ളിയതോടെ ബെംഗളൂരുവിലേക്ക് പോകാനിരുന്ന എംഎല്‍എമാരെ തിരികെ വിളിച്ചു. നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്.

എ ഐ സി സി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘം റിട്ടേണിംഗ് ഓഫീസറുടെ നീക്കത്തിനെതിരെ പ്രതിഷേധിക്കുകയാണ്. അതേസമയം പോളിംഗ് ഓഫീസില്‍ കയറാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം വിഫലമായി. കമ്മീഷനിലെ മിക്ക ഉദ്യോഗസ്ഥരും വൈകുന്നേരം 6 മണിക്ക് ശേഷം പോയതായി വൃത്തങ്ങള്‍ അറിയിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ഓഫീസിലുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസ് അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ടിരുന്നില്ല എന്ന് വൃത്തങ്ങള്‍ പറഞ്ഞു.
എന്നാല്‍ കെ സി വേണുഗോപാല്‍ വൈകുന്നേരം 7.30 ന് അപ്പോയിന്റ്‌മെന്റ് ആവശ്യപ്പെട്ടിരുന്നുവെന്ന് പാര്‍ട്ടി അവകാശപ്പെട്ടു. അതേസമയം കമ്മീഷന്‍ കോണ്‍ഗ്രസില്‍ നിന്ന് മെമ്മോറാണ്ടം സ്വീകരിച്ചിട്ടുണ്ട്. റിട്ടേണിംഗ് ഓഫീസറില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. ഉദ്യോഗസ്ഥര്‍ക്ക് നാളെ ഉച്ചയ്ക്ക് പാര്‍ട്ടിയെ കാണാനാകും. അതേസമയം പത്രിക തള്ളിയ നടപടി ബിജെപിയുമായുള്ള ഒത്തുകളിയാണ് എന്ന് മീനാക്ഷി ആരോപിച്ചു.
'മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതുപോലെ രാജ്യസഭാ തെരഞ്ഞെടുപ്പിലും കൃത്രിമം കാണിക്കാന്‍ അവര്‍ ശ്രമിക്കുന്നുണ്ടെന്ന് വ്യക്തമാണ്. ഇത് ഒരു രാജ്യസഭാ സീറ്റിനെക്കുറിച്ചോ ഒരു പ്രത്യേക സ്ഥാനാര്‍ത്ഥിയെക്കുറിച്ചോ മാത്രമല്ല. നമ്മുടെ നേതാവ് രാഹുല്‍ ഗാന്ധി ഇന്ന് നമ്മുടെ രാജ്യത്തിനായി ഒരു നിര്‍ണായക പോരാട്ടം നടത്തുന്ന 'ഇന്ത്യ എന്ന ആശയത്തിനും' ജനാധിപത്യത്തിനും വേണ്ടിയുള്ള വിശാലമായ പോരാട്ടത്തെക്കുറിച്ചാണ്,' അവര്‍ കൂട്ടിച്ചേര്‍ത്തു.
'ആവശ്യമായ സംഖ്യാബലം ഇല്ലാതിരുന്നിട്ടും ഭരണകക്ഷിയായ ബിജെപി മൂന്നാമത്തെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയതോടെയാണ് ഇതെല്ലാം ആരംഭിച്ചത്. ഭരണഘടനയെയും ജനാധിപത്യത്തെയും ചവിട്ടിമെതിക്കാന്‍ രൂപകല്‍പ്പന ചെയ്ത രാഷ്ട്രീയത്തില്‍ അവര്‍ ഏര്‍പ്പെടുകയാണെന്ന് വ്യക്തമായി,' മീനാക്ഷി നടരാജന്‍ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂണ്‍ 8 ആയതിനാല്‍ കോണ്‍ഗ്രസിന് മറ്റൊരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ കഴിയില്ല.
ബിജെപിയുടെ മൂന്നാമത്തെ സ്ഥാനാര്‍ത്ഥി മഹേഷ് കേവത്താണ്. മോഹന്‍ യാദവ് സര്‍ക്കാരിലെ മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ കൈലാഷ് വിജയവര്‍ഗിയയാണ് പരാതി നല്‍കിയത്. മീനാക്ഷി നടരാജനുമായി ബന്ധപ്പെട്ട ഒരു കേസ് തെലങ്കാന കോടതിയില്‍ പരിഗണനയിലാണെന്നും അവരുടെ നാമനിര്‍ദ്ദേശ സത്യവാങ്മൂലത്തില്‍ അത് വെളിപ്പെടുത്തിയിട്ടില്ലെന്നും പരാതിയില്‍ വാദിച്ചു.
കോണ്‍ഗ്രസ് എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള തങ്ങളുടെ വൃത്തികെട്ട തന്ത്രങ്ങള്‍ പരാജയപ്പെടുമെന്ന് മനസ്സിലാക്കിയപ്പോള്‍ ബിജെപി തരംതാണ കളികള്‍ കളിക്കുകയാണ് എന്ന് കെസി വേണുഗോപാല്‍ പറഞ്ഞു. ഭരണഘടനയോടും ജനാധിപത്യത്തോടുമുള്ള ബിജെപിയുടെ പൊള്ളയായ പ്രതിബദ്ധത ഇത് കാണിക്കുന്നു. ഓരോ ഘട്ടത്തിലും അവര്‍ വോട്ട് ചോരിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നും കെസി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് സീറ്റ് തട്ടിയെടുക്കാന്‍ ബിജെപി എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിക്കുകയാണ് എന്ന് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് പറഞ്ഞു. ആദ്യം കോണ്‍ഗ്രസ് എംഎല്‍എമാരെ വഹിച്ചുകൊണ്ടുള്ള വിമാനത്തിന് ദീര്‍ഘനേരം പറന്നുയരാന്‍ അവര്‍ മനഃപൂര്‍വ്വം അനുമതി നിഷേധിച്ചു. രണ്ടാമതായി, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി മീനാക്ഷി നടരാജന്റെ നാമനിര്‍ദ്ദേശത്തിനെതിരെ അവര്‍ ദുരുദ്ദേശ്യപൂര്‍വ്വം എതിര്‍പ്പ് ഫയല്‍ ചെയ്തു എന്നും കമല്‍നാഥ് പറഞ്ഞു.
മീനാക്ഷി നടരാജനെതിരെ ഒരു കേസും ഫയല്‍ ചെയ്തിട്ടില്ലെന്നും ബിജെപി അവരെ പിന്തിരിപ്പിക്കാന്‍ വേണ്ടി മാത്രമാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും കോണ്‍ഗ്രസിന്റെ മധ്യപ്രദേശ് ചുമതലയുള്ള ഹരീഷ് ചൗധരി പ്രഖ്യാപിച്ചു. ംമീനാക്ഷിക്ക് കോടതിയില്‍ നിന്ന് കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചിരുന്നു. പൊലീസ് കേസ് ഫയല്‍ ചെയ്യുമ്പോള്‍ മാത്രമേ വിവരങ്ങള്‍ നല്‍കേണ്ടതുള്ളൂ എന്നതിനാല്‍ സത്യവാങ്മൂലത്തില്‍ അക്കാര്യം പരാമര്‍ശിക്കേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു.
230 അംഗ മധ്യപ്രദേശ് നിയമസഭയില്‍, വിജയിക്കാന്‍ ഒരു രാജ്യസഭാ സ്ഥാനാര്‍ത്ഥിക്ക് 58 വോട്ടുകള്‍ ആവശ്യമാണ്. ഏകദേശം 165 എംഎല്‍എമാരുള്ള ബിജെപിക്ക് 116 വോട്ടുകള്‍ ഉപയോഗിച്ച് രണ്ട് നോമിനികളായ തരുണ്‍ ചുഗ്, രജനീഷ് അഗര്‍വാള്‍ എന്നിവരെ എളുപ്പത്തില്‍ തിരഞ്ഞെടുക്കാന്‍ കഴിയും. ബാക്കി ഏകദേശം 47 മുതല്‍ 49 വരെ വോട്ടുകള്‍ മാത്രമേ അധികമായി ലഭിക്കൂ.
കോണ്‍ഗ്രസിന് 65 എംഎല്‍എമാരുണ്ട്, അത് മീനാക്ഷി നടരാജനെ ഉപരിസഭയിലേക്ക് അയയ്ക്കാന്‍ പര്യാപ്തമായിരുന്നു. എന്നാല്‍ ബിന എംഎല്‍എ നിര്‍മ്മല സാപ്രെക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അയോഗ്യതാ നടപടികളും ചില നിയമസഭാംഗങ്ങളുടെ വോട്ടിംഗ് നിലയും ആണ് പ്രതിസന്ധി സൃഷ്ടിച്ചത്. അതുകൊണ്ടാണ് പാര്‍ട്ടി ബിജെപിക്ക് കുതിരക്കച്ചവടത്തിന് അവസരങ്ങള്‍ കൊടുക്കാതിരിക്കാന്‍ എംഎല്‍എമാരെ കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകയിലേക്ക് കൊണ്ടുപോകാന്‍ ഒരുങ്ങുന്നത്.















Click it and Unblock the Notifications