പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു; പ്രതികളുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് വനിതാ പൊലീസുകാര്‍
ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ക്രിമിനല്‍ കേസ് പ്രതികളുടെ വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ത്ത സംഭവം ഉണ്ടായിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് മധ്യപ്രദേശിലേത്

ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗക്കേസ് പ്രതിയുടെ വീട് ബുള്‍ഡോസര്‍ കൊണ്ട് തകര്‍ത്ത് വനിതാ പൊലീസുകാര്‍. തലസ്ഥാനമായ ഭോപ്പാലില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ദാമോയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായിരുന്നു.
ഈ സംഭവത്തില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ നാലാമനായ കൗശല്‍ കിഷോര്‍ ചൗബേ ഒളിവിലായിരുന്നു. ഇയാളുടെ വീട് ആണ് തകര്‍ത്തത്. അനധികൃതമായി കൈയേറിയ ഭൂമിയില്‍ ആണ് ഇയാള്‍ വീട് പണിതിരുന്നത് എന്ന് പൊലീസ് പറയുന്നു.
ഈ വീടാണ് പൊലീസുകാര്‍ തകര്‍ത്ത് കളഞ്ഞത്. ഒരു കൂട്ടം വനിതാ ഉദ്യോഗസ്ഥരാണ് ബുള്‍ഡോസര്‍ പ്രവര്‍ത്തിപ്പിച്ചത് എന്നും ഇത്തരം നടപടികള്‍ ഇനിയും തുടരണം എന്നും സ്റ്റേഷന്‍ ഓഫീസര്‍ പറഞ്ഞു. അതേസമയം കൗശല്‍ കിഷോര്‍ ചൗബേയെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു എന്ന് പൊലീസ് വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മറ്റ് രണ്ട് കേസുകളിലെ പ്രതികളുടേയും വീടുകള്‍ സമാനമായ രീതിയില്‍ തകര്‍ത്തിരുന്നു. ഇവയും കൈയേറ്റ ഭൂമിയില്‍ നിര്‍മിച്ച ആയിരുന്നു എന്നായിരുന്നു പൊലീസ് പറഞ്ഞത്.
2022 സെപ്തംബറില്‍, രേവ കൂട്ടബലാത്സംഗക്കേസിലെ മൂന്ന് പ്രതികളുടെ വീടുകള്‍ ജില്ലാ ഭരണകൂടം തകര്‍ത്തിരുന്നു. സെപ്തംബര്‍ 16ന് മധ്യപ്രദേശിലെ രേവ ജില്ലയില്‍ പ്രശസ്തമായ അഷ്ടഭുജി ക്ഷേത്രത്തിന് സമീപം ഒരു പെണ്‍കുട്ടിയെ ആറ് പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്യുകയായിരുന്നു.












Click it and Unblock the Notifications