സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കേന്ദ്രമന്ത്രിയെ വളഞ്ഞു, മധ്യപ്രദേശിൽ ബിജെപിയിൽ പൊട്ടിത്തെറി
ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപൂരിൽ ബി ജെ പി സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം നടന്നത് നാടകീയ സംഘർഷങ്ങൾ. കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ ബി ജെ പി നേതാക്കളും പ്രവർത്തകരും ചേർന്ന് വളഞ്ഞു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അതൃപ്തി രേഖപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഈ പ്രതിഷേധം. സംഭവത്തിൽ മൂന്ന് ബി ജെ പി നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അഭിലാഷ് എന്നയാളെയാണ് ഇത്തവണ ജബൽപൂർ നോർത്ത് മണ്ഡലത്തിൽ ബി ജെ പി സ്ഥാനാർത്ഥിയായി നിർത്തിയിരിക്കുന്നത്. എന്നാൽ അഭിലാഷ് മണ്ഡലത്തിന് പുറത്തു നിന്നുള്ള ആളാണ് എന്നുള്ള കാരണം പറഞ്ഞാണ് പ്രവർത്തകർ പ്രതിഷേധമറിയിച്ചത്. ഗ്വാളിയാറിലും സമാന ഗതിയിലുള്ള പ്രതിഷേധമുയരുന്നുണ്ട്.

കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവിനെ പ്രതിഷേധകർ വളഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നു. ഇത് സംസ്ഥാനത്ത് സോഷ്യൽ മീഡിയയിലും പടരുകയാണ്. ഭൂപേന്ദര്‍ യാദവിനൊപ്പമുള്ള ഉദ്യോഗസ്ഥരെ ബി ജെ പി പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതും ദൃശ്യങ്ങളിൽ വ്യക്തമായി കാണാനാകും.
സ്ഥാനാർത്ഥി പ്രഖ്യാപനം സംബന്ധിച്ച് സംസ്ഥാന ബിജെപി അധ്യക്ഷൻ വി ഡി ശർമ്മയ്‌ക്കെതിരെയും പ്രതിഷേധം ശക്തമാകുകയാണ്. സംഭവത്തിൽ സംസ്ഥാന ബി ജെ പി ഘടകം ഇതു വരെ പ്രതികരിച്ചിട്ടില്ല. പ്രതിഷേധത്തിന് മുൻപേ പ്രവർത്തകർ കേന്ദ്രമന്ത്രിയെ സമീപിക്കാൻ ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഇവരെ പാർട്ടി ഓഫീസിൽ കയറാൻ അനുവദിച്ചില്ല എന്നും പറയുന്നുണ്ട്.\
സംസ്ഥാനത്ത് സ്ഥാനാർത്ഥി പട്ടികയിൽ 37 സിറ്റിംഗ് എംഎൽഎമാരെ
ബി ജെ പി നിലനിർത്തിയിട്ടുണ്ട്. മൂന്ന് സംസ്ഥാന മന്ത്രിമാരും ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗിയയും ഉൾപ്പെടെ 29 സിറ്റിംഗ് എം എൽ എമാർക്ക് ഇത്തവണ സീറ്റ് നിഷേധിച്ചു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബി ജി പി സ്ഥാനാർത്ഥികളുടെ അവസാന പട്ടിക ഇന്നലെയാണ് പാർട്ടി പുറത്തു വിട്ടത്. ഇതു കൂടെ ചേർത്ത് മധ്യ പ്രദേശിലെ മുഴുവൻ സീറ്റുകളിലേക്കുമുള്ള സ്ഥാനാർത്ഥി പ്രഖ്യാപനവും കഴിഞ്ഞു. മധ്യപ്രദേശിൽ 228 സീറ്റുകാണ് ഉള്ളത്. അടുത്ത മാസം (നവംബർ) 17 ന് ആണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്.












Click it and Unblock the Notifications