ബിജെപി നേതാവിന്റെ പരാതി ബൂമറാങായി; സിന്ധ്യയ്‌ക്കൊപ്പം കോണ്‍ഗ്രസ് വിട്ട എംഎല്‍എയെ അയോഗ്യനാക്കും
ഭോപ്പാല്‍: ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് വിട്ട 22 എം എല്‍ എമാരില്‍ ഒരാളായ ജജ്പാല്‍ സിംഗ് ജജ്ജിക്ക് എം എല്‍ എ സ്ഥാനം നഷ്ടമായേക്കും. പട്ടികജാതി സംവരണ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച ജയിച്ച ജജ്പാല്‍ സിംഗ് ജജ്ജി പട്ടികജാതിക്കാരനല്ല എന്ന് ഹൈക്കോടതി കണ്ടെത്തി.
ഇതിനെ തുടര്‍ന്ന് ജജ്പാല്‍ സിംഗ് ജജ്ജിക്ക് എതിരെ കേസെടുക്കണം എന്നും കോടതി നിര്‍ദേശിച്ചു. 2020 മാര്‍ച്ചില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള 15 മാസം പഴക്കമുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കി ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോണ്‍ഗ്രസ് വിട്ട 22 എം എല്‍ എമാരില്‍ ഒരാളാണ് ജജ്പാല്‍ സിംഗ് ജജ്ജി.

മുന്‍ മുഖ്യമന്ത്രി ഉമാഭാരതിയുടെ അനന്തരവന്‍ രാഹുല്‍ സിംഗ് ലോധിക്ക് ശേഷം നിയമസഭാംഗത്വം നഷ്ടപ്പെടാന്‍ പോകുന്ന രണ്ടാമത്തെ എം എല്‍ എയാണ് ജജ്പാല്‍ സിംഗ് ജജ്ജി. ഇന്ന് രാവിലെ ഹൈക്കോടതിയുടെ ഗ്വാളിയോര്‍ ബെഞ്ച് ജജ്പാല്‍ സിംഗ് ജജ്ജിയുടെ പട്ടികജാതി സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി. ജജ്പാല്‍ 'നാറ്റ്' ജാതിയില്‍ പെട്ടയാളാണെന്ന് തെളിയിക്കുന്നതില്‍ പോലും പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി പറഞ്ഞു.

'നാറ്റ്' ജാതിയെ പഞ്ചാബില്‍ പട്ടികജാതിയായി കണക്കാക്കുന്നുണ്ടെങ്കിലും മധ്യപ്രദേശില്‍ അങ്ങനെ അല്ല. അമൃത്സറിലെ തരണ്‍ ജില്ലയിലെ ഖര ഗ്രാമത്തില്‍ നിന്നുള്ള ഒരു രേഖയുടെ അടിസ്ഥാനത്തിലാണ് ജാജ്ജിയുടെ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. എന്നാല്‍ ഇത് സുപ്രീം കോടതി പുറപ്പെടുവിച്ച വിധിന്യായങ്ങള്‍ക്ക് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

എം എല്‍ എയ്ക്കെതിരെ കേസെടുക്കാന്‍ അശോക് നഗര്‍ പൊലീസിനോട് ജസ്റ്റിസ് ജി എസ് അലുവാലിയയുടെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടു. 2018 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ജജ്പാലിനോട് പരാജയപ്പെട്ട ബി ജെ പി മുന്‍ എം എല്‍ എ ലദ്ദുറാം കോറിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

230 അംഗ നിയമസഭയില്‍ ഭരണകക്ഷിയായ ബി ജെ പിക്ക് 130 അംഗങ്ങളുണ്ട്. കോണ്‍ഗ്രസിന് 96 എം എല്‍ എമാരാണുള്ളത്. തെരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷം നേടി കോണ്‍ഗ്രസാണ് ജയിച്ചത് എങ്കിലും രണ്ട് വര്‍ഷത്തിന് ശേഷം രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തരില്‍ ഒരാളായിരുന്ന ജ്യോതിരാദിത്യ സിന്ധ്യ എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് ബി ജെ പിയില്‍ ചേരുകയും കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കുകയുമായിരുന്നു.












Click it and Unblock the Notifications