ക്ലാസില്‍ വെച്ച് അധ്യാപകന്‍ 10 വയസുകാരിയുടെ വസ്ത്രം അഴിപ്പിച്ചു; അടിവസ്ത്രത്തില്‍ നിര്‍ത്തി
ഭോപ്പാൽ (മധ്യപ്രദേശ്): പത്ത് വയസുകാരിയായ ആദിവാസി വിദ്യാർത്ഥിനിയെ ക്ലാസിലെ മറ്റു വിദ്യാർഥികളുടെ മുന്നിൽ വെച്ച് നിർബന്ധപൂർവം യൂണിഫോം അഴിപ്പിച്ച അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു. ചെളിപുരണ്ട യൂണിഫോം ധരിച്ചെത്തി എന്നുപറഞ്ഞാണ് അഞ്ചാം ക്ലാസ് വിദ്യാർഥിയോട് യൂണിഫോം അഴിച്ചുമാറ്റാൻ അധ്യാപകൻ ആവശ്യപ്പെട്ടത്.
വെള്ളിയാഴ്ച ഷഹ്ദോൾ ജില്ലയിൽ നടന്ന സംഭവത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിച്ചു, അതിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി അടിവസ്ത്രത്തിൽ മാത്രം നിൽക്കുന്നത് കാണപ്പെടുന്നു, അധ്യാപികൻ ശ്രാവൺ കുമാർ ത്രിപാഠിയും ക്ലാസിലെ മറ്റ് കുട്ടികളും കുട്ടിയുടെ അടുത്ത് നിൽക്കുന്നതും കാണാം.

ശഹ്‌ഡോൽ ജില്ലയിൽ ഗോത്രകാര്യ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രൈമറി സ്‌കൂളിൽ ആണ് സംഭവം നടന്നത്.. അടിവസ്ത്രങ്ങൾ മാത്രം ധരിച്ച പെൺകുട്ടി തന്റെ വസ്ത്രങ്ങൾ കഴുകേണ്ടി വന്നതായും വസ്ത്രങ്ങൾ ഉണങ്ങുന്നതുവരെ വിദ്യാർഥിനിയ്ക്ക് അതേ നിലയിൽ ക്ലാസിലിരിക്കേണ്ടി വന്നതായുമാണ് റിപ്പോർട്ട്.
സംഭവത്തിന്റെ ചിത്രങ്ങൾ ഗോത്രകാര്യ വകുപ്പിന്റേയും മറ്റും വാട്‌സ് ആപ്പ് ഗ്രൂപ്പുകളിൽ അധ്യാപകൻ തന്നെ ഷെയർ ചെയ്തു. 'സ്വച്ഛ മിത്ര' ( വ്യത്തിയുടെ സന്നദ്ധസേവകൻ) എന്ന് സ്വയം വിശേഷിപ്പിച്ചായിരുന്നു അധ്യാപകൻ ചിത്രങ്ങൾ പങ്കുവെച്ചത്. സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിച്ചതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി.
ചെളിപുരണ്ട യൂണിഫോം മറ്റു വിദ്യാർഥികളുടെ മുന്നിൽവെച്ച് അഴിച്ചുമാറ്റാനും അലക്കിയിടാനും അധ്യാപകൻ നിർബന്ധിച്ചതായും അധ്യാപകനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായും മധ്യപ്രദേശ് ട്രൈബൽ വെൽഫെയർ ഡിപാർട്‌മെന്റ് അസിസ്റ്റന്റ് കമ്മിഷണർ ആനന്ദ് റായ് സിൻഹ അറിയിച്ചു. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications