രാജ്യമാണോ മതമാണോ പ്രധാനം; ഇത് ഒരു രാജ്യമല്ലേ എന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: രാജ്യമാണോ മതമാണോ പ്രധാനമെന്ന ചോദ്യവുമായി മദ്രാസ് ഹൈക്കോടതി. ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ പ്രവേശിക്കുന്നത് തടയണമെന്നും ക്ഷേത്ര പരിസരത്ത് അഹിന്ദുക്കള്‍ കച്ചവടം നടത്തുന്നത് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കര്‍ണാടകയില്‍ ഹിജാബ് വിലക്കിനെതിരേ നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്കിടെയാണ് മദ്രാസ് ഹൈക്കോടതിയുടെ പരാമര്‍ശം. ഡ്രസ് കോഡിന്റെ പേരില്‍ ചിലര്‍ രാജ്യത്താകെ വിവാദം ഉയര്‍ത്തുകയാണെന്ന് ആക്ടിങ് ചീഫ് ജസ്റ്റിസ് എംഎന്‍ ഭണ്ഡാരി, ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തി എന്നിവര്‍ അംഗങ്ങളായ ബെഞ്ച് അഭിപ്രായപ്പെട്ടു.
ഇതു ശരിക്കും ഞെട്ടിക്കുന്നതാണ്. ചിലര്‍ ഹിജാബിന്റെ പിറകേയും മറ്റു ചിലര്‍ തൊപ്പിയുടെ പിറകെയും വേറെ ചിലര്‍ മറ്റു ചിലതിന്റെയും പിറകെ പോവുകയാണ്. ഇതു ഒരു രാജ്യമല്ലേ. അല്ലെങ്കില്‍ മതത്തിന്റെയോ മറ്റോ പേരില്‍ വിഭജിക്കപ്പെട്ടതാണോയെന്നും ചോദിച്ച കോടതി ഇത് അപ്രതീക്ഷിതമാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയൊരു മതേതരരാജ്യമാണ്. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് എംഎന്‍ ഭണ്ഡാരി നിരീക്ഷിച്ചു.

ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതിന് ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശനനവും ക്ഷേത്രപരിസരത്ത് അഹിന്ദുക്കളുടെ വ്യാപാരത്തിനും വിലക്കേര്‍പ്പെടുത്തണമെന്നുമാവശ്യപ്പെട്ട് തിരുച്ചിറപ്പള്ളി ജില്ലയിലെ ശ്രീരം ഗം സ്വദേശി രം ഗരാജന്‍ നരസിംഹന്‍ ആണ് പൊതു താല്‍പ്പര്യ ഹര്‍ജി സമര്‍പ്പിച്ചത്. അഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളില്‍ പ്രവേശനം നിരോധിക്കുന്നതിന് ഡ്രസ് കോഡ് ആവശ്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഡ്രസ് കോഡ് നിര്‍ബന്ധമാക്കിയാല്‍ മറ്റു മതസ്ഥര്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് തടയാണെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞു. ഇത് സംബന്ധിച്ച് ഉത്തരവിടണമെന്നായിരുന്നു ആവശ്യം. ഇതുമായി ബന്ധപ്പെട്ട ബോര്‍ഡുകള്‍ ക്ഷേത്രകവാടത്തില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.
അതേസമയം അങ്ങനെയരു ഡ്രസ് കോഡ് ഇല്ലാതിരിക്കെ എങ്ങനെയാണ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കുകയെന്ന മറുചോദ്യം കോടതി ഹരജിക്കാരനോട് ഉന്നയിച്ചു. ക്ഷേത്രങ്ങളിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട് രേഖാചിത്രങ്ങള്‍ തയ്യാറാക്കി സത്യവാങ് മൂലം സമര്‍പ്പിക്കാനും കോടതി ഹരജിക്കാരനോട് ആവശ്യപ്പെട്ടു. നിങ്ങള്‍ പ്രാര്‍ഥന നടത്താറുണ്ട് എന്നതിന് തെളിവ് ഹാജരാക്കണമെന്നും കോടതി ആവശ്യപ്പെട്ടു. പുതിയ വിധി പ്രസ്ഥാവിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവര്‍ത്തിച്ചു. ഇനിയും ഇത്തരം ആവശ്യം ഉന്നയിച്ചാല്‍ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതിന് വിലക്കേര്‍പ്പെടുത്തുമെന്നും മാന്യമായ ഭാഷ കോടതിയില്‍ ഉപയോഗിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് താക്കീത് നല്‍കി.
കര്‍ണാടകത്തില്‍ കലാലയങ്ങളില്‍ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാര്‍ഥിനികള്‍ കര്‍ണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. സിംഗിള്‍ ബെഞ്ച് ഡിവിഷന്‍ ബെഞ്ചിന് കേസ് കൈമാറി. ഡിവിഷന്‍ ബെഞ്ച് വിശദമായ വാദം കേട്ട ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ നിര്‍ദേശിച്ചു. ഹിജാബ് വിഷയത്തില്‍ തീരുമാനം എടുക്കുന്ന വരെ ഹിജാബ് ധരിച്ച് കലാലയങ്ങളില്‍ എത്തരുതെന്നും വ്യക്തമാക്കി. സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചു. കോളജുകള്‍ തുറക്കുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കും.












Click it and Unblock the Notifications