കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം നിരോധിക്കണം; കേന്ദ്രത്തോട് മദ്രാസ് ഹൈക്കോടതി
ചെന്നൈ: സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണം എന്ന് കേന്ദ്ര സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിക്കുന്നതിനായി ഓസ്ട്രേലിയയിലെ പോലെ ഒരു നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് കേന്ദ്രം പരിഗണിക്കണം എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശം.
പ്രായപൂര്‍ത്തിയാകാത്തവര്‍ ഹാനികരമായ ഓണ്‍ലൈന്‍ ഉള്ളടക്കത്തിലേക്ക് ആകൃഷ്ടരാകുന്ന പ്രവണത വര്‍ധിച്ച് വരുന്നു എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അശ്ലീല ഉള്ളടക്കത്തിലേക്കുള്ള ആക്സസ് നിയന്ത്രിക്കുന്നതിന് രക്ഷാകര്‍തൃ വിന്‍ഡോ സേവനങ്ങള്‍ നല്‍കാന്‍ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി തീര്‍പ്പാക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസ് ജി ജയചന്ദ്രനും ജസ്റ്റിസ് കെ കെ രാമകൃഷ്ണനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് പ്രതികരണം. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന കുട്ടികള്‍ വളരെ ദുര്‍ബലരാണെന്നും ഇക്കാര്യത്തില്‍ മാതാപിതാക്കളുടെ ഉത്തരവാദിത്തവും ഒരുപോലെ ഉയര്‍ന്നതാണെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. എന്നിരുന്നാലും ശക്തമായ സ്ഥാപനപരമായ സുരക്ഷാ സംവിധാനങ്ങള്‍ ആവശ്യമാണെന്ന് ജഡ്ജിമാര്‍ വ്യക്തമാക്കി.
16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ച ഓസ്ട്രേലിയ അടുത്തിടെ നടപ്പിലാക്കിയതിന് സമാനമായ നിയമനിര്‍മ്മാണം കൊണ്ടുവരാനുള്ള സാധ്യത കേന്ദ്രം പരിശോധിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. 'ഇത്തരം നിയമനിര്‍മ്മാണം പാസാക്കുന്നതുവരെ, ബന്ധപ്പെട്ട അധികാരികള്‍ അവരുടെ ബോധവല്‍ക്കരണ കാമ്പെയ്നുകള്‍ കൂടുതല്‍ ഫലപ്രദമായി ത്വരിതപ്പെടുത്തുകയും ലഭ്യമായ എല്ലാ മാധ്യമങ്ങളിലൂടെയും സന്ദേശം എത്തിക്കുകയും വേണം,' കോടതി പറഞ്ഞു.
2018 ല്‍ മധുര ജില്ലക്കാരനായ എസ് വിജയകുമാര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയില്‍, ഇന്റര്‍നെറ്റില്‍ ചെറിയ കുട്ടികള്‍ക്ക് അശ്ലീല ഉള്ളടക്കത്തിന്റെ എളുപ്പത്തിലുള്ള ലഭ്യതയും ആക്സസ്സിബിലിറ്റിയും സംബന്ധിച്ച് ആശങ്കകള്‍ ഉന്നയിച്ചിരുന്നു. ഓണ്‍ലൈന്‍ അപകടങ്ങളില്‍ നിന്ന് പ്രായപൂര്‍ത്തിയാകാത്തവരെ സംരക്ഷിക്കുന്നതിന് ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉള്‍പ്പെടെയുള്ള അധികാരികളുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
വാദം കേള്‍ക്കുന്നതിനിടെ, ഹര്‍ജിക്കാരന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സമീപകാല ഓസ്ട്രേലിയന്‍ നിയമനിര്‍മ്മാണത്തെക്കുറിച്ച് പരാമര്‍ശിക്കുകയും കുട്ടികളെ ഓണ്‍ലൈനില്‍ സംരക്ഷിക്കുന്നതിന് സമാനമായ ഒരു നിയമ ചട്ടക്കൂട് ഇന്ത്യയ്ക്കും പരിഗണിക്കാമെന്ന് വാദിക്കുകയും ചെയ്തു. വാദം അംഗീകരിച്ചുകൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശശം.
അതേസമയം അധികാരികള്‍ സമര്‍പ്പിച്ച എതിര്‍ സത്യവാങ്മൂലങ്ങള്‍ അവരുടെ നിയമപരമായ ഉത്തരവാദിത്തങ്ങള്‍ വേണ്ടത്ര നിറവേറ്റുന്നുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു. സോഷ്യല്‍ മീഡിയയിലേക്കുള്ള കുട്ടികളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനെക്കുറിച്ചും പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഡിജിറ്റല്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ആഗോളതലത്തില്‍ വര്‍ദ്ധിച്ചുവരുന്ന ചര്‍ച്ചകള്‍ക്കിടയിലാണ് കോടതിയുടെ നിരീക്ഷണം












Click it and Unblock the Notifications