എഐഎഡിഎംകെയുടെ ഏക എംപിയും ഔട്ട്; തിരഞ്ഞെടുപ്പ് അസാധു... ഒപി രവീന്ദ്രനാഥിന് തിരിച്ചടി
ചെന്നൈ: എഐഎഡിഎംകെയുടെ തമിഴ്‌നാട്ടിലെ ഏക എംപി ഒപി രവീന്ദ്രനാഥ് കുമാറിന്റെ വിജയം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വത്തിന്റെ മകനാണ് രവീന്ദ്രനാഥ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തേനി മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വരുമാനം മറച്ചുവച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി നടപടി.
ജസ്റ്റിസ് എസ്എസ് സുന്ദറിന്റെ വിധിയോടെ തമിഴ്‌നാട്ടില്‍ എന്‍ഡിഎയ്ക്ക് എംപിമാരില്ലാതെയായി. അടുത്തിടെ പനീര്‍ശെല്‍വത്തെ എഐഎഡിഎംകെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പുറത്താക്കിയിരുന്നു. ഇപ്പോള്‍ രവീന്ദ്രനാഥ് കുമാറിന്റെ എംപി പദവി ഇല്ലാതായത് പാര്‍ട്ടിയിലെ വിമത പക്ഷത്തിന് കനത്ത തിരിച്ചടിയായി. വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്ക് കോടതി തടഞ്ഞിട്ടുണ്ട്.

രവീന്ദ്രനാഥ് കുമാറിന് അപ്പീല്‍ സമര്‍പ്പിക്കുന്നതിനാണ് 30 ദിവസത്തെ സമയം കോടതി അനുവദിച്ചിരിക്കുന്നത്. ആസ്തി വിവരങ്ങള്‍ മറച്ചുവച്ചു എന്നതിന് പുറമെ വോട്ടര്‍മാര്‍ക്ക് പണം നല്‍കി എന്ന ആരോപണവും രവീന്ദ്രനാഥ് കുമാറിനെതിരെ ഉയര്‍ന്നിരുന്നു. തേനി മണ്ഡലത്തിലെ വോട്ടറാണ് കോടതിയെ സമീപിച്ചത്. 2022 ഏപ്രിലിലാണ് ഹര്‍ജിയില്‍ വാദം തുടങ്ങിയത്.
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കൃഷിയും ബിസിനസുമാണ് രവീന്ദ്രനാഥ് കുമാര്‍ വരുമാന മാര്‍ഗമായി ചൂണ്ടിക്കാട്ടിയിരുന്നത്. എന്നാല്‍ ഒരു സ്വകാര്യ കമ്പനിയുടെ ഡയറക്ടറായിരുന്നു കുമാര്‍. ഈ കമ്പനിയില്‍ നിന്ന് അദ്ദേഹം ശമ്പളം കൈപ്പറ്റുകയും ചെയ്തിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ കാണിച്ചിരുന്നില്ലെന്ന് പരാതിക്കാരനായ പി മിലനി ബോധിപ്പിച്ചു.
ഇതിന് പുറമെ രവീന്ദ്രനാഥ് കുമാര്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതിന്റെ വീഡിയോയും പരാതിക്കാരന്‍ കോടതിയില്‍ കാണിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് ഈ വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ മറ്റൊരു വ്യക്തി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. തെളിവുകള്‍ രവീന്ദ്രനാഥിന് എതിരാണെന്ന് കോടതി വ്യക്തമാക്കി.
അപ്പീല്‍ കോടതി രവീന്ദ്രനാഥ് കുമാറിന്റെ ഹര്‍ജി തള്ളിയാല്‍ തേനി മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങും. എന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ബാക്കിയുള്ള സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയില്ല. ഇതുവരെ എംപി എന്ന നിലയില്‍ കൈപ്പറ്റിയ ശമ്പളം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ രവീന്ദ്രനാഥ് കുമാറില്‍ നിന്ന് മടക്കി വാങ്ങിയേക്കും.












Click it and Unblock the Notifications