ഹേബിയസ് കോര്‍പ്പസുമായി ഭാര്യയെത്തി; ബാലാജിയെ കാവേരിയിലേക്ക് മാറ്റണമെന്ന് ഹൈക്കോടതി
ചെന്നൈ: കോഴ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത തമിഴ്‌നാട് വൈദ്യുതി-എക്‌സൈസ് മന്ത്രി വി സെന്തില്‍ ബാലാജിയെ കാവേരി ആശുപത്രിയിലേക്ക് മാറ്റാന്‍ ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. നിലവില്‍ ചെന്നൈയിലെ ഓമന്ദുരാര്‍ എസ്റ്റേറ്റിലെ സര്‍ക്കാര്‍ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് സെന്തില്‍ ബാലാജി.
തന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യുമ്പോള്‍ ഇഡി ഉദ്യോഗസ്ഥര്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാട്ടി മന്ത്രിയുടെ ഭാര്യ മെഗല നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ ജെ നിഷ ബാനു, ഡി ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. അറസ്റ്റ് നിയമവിരുദ്ധമാണെന്ന മെഗലയുടെ ഹര്‍ജി ജൂണ്‍ 29 ന് ഹൈക്കോടതി വീണ്ടും പരിഗണിക്കും.

രക്തധമനികളില്‍ മൂന്ന് ബ്ലോക്കുകള്‍ കണ്ടെത്തിയ മന്ത്രിയുടെ ആരോഗ്യനില പരിഗണിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കണം എന്ന് മെഗലയ്ക്കായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എന്‍ ആര്‍ ഇളങ്കോ ആവശ്യപ്പെട്ടു. അതേസമയം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുമെന്ന് കോടതി വ്യക്തമാക്കി. എന്നാല്‍, ഇഡി രൂപീകരിക്കുന്ന ഡോക്ടര്‍മാരുടെ പാനലിന് എപ്പോഴും മന്ത്രിയെ സന്ദര്‍ശിച്ച് ആരോഗ്യനില വിലയിരുത്താമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കി.
നേരത്തെ മന്ത്രിക്ക് അടിയന്തര ചികിത്സ നല്‍കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സെന്തില്‍ ബാലാജിയെ ഇഡി അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ ഇദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ രക്തസമ്മര്‍ദ്ദവും ഇലക്ട്രോകാര്‍ഡിയോഗ്രാമും മറ്റ് സുപ്രധാന ഘടകങ്ങളും സാധാരണ നിലയിലായിരുന്നെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അവകാശപ്പെട്ടിരുന്നു.
മന്ത്രിയെ പരിശോധിക്കാന്‍ എയിംസിലെ ഡോക്ടര്‍മാരുടെ സംഘത്തോട് ആവശ്യപ്പെടണം എന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞിരുന്നു. എന്നാല്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടിയന്തര ചികില്‍സയുടെ ആവശ്യകതയെക്കുറിച്ച് അഭിപ്രായപ്പെടുകയും ഇഎസ്‌ഐസി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പരിശോധിക്കുകയും ചെയ്ത സ്ഥിതിക്ക് എയിംസില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ പരിശോധനയ്ക്ക് ED നിര്‍ബന്ധിക്കുന്നത് എന്തിനാണെന്ന് മെഗല ചോദിച്ചു.
ജയലളിത സര്‍ക്കാരില്‍ 2011-16 കാലയളവില്‍ മന്ത്രിയായിരിക്കെ ജോലിക്ക് കോഴ വാങ്ങിയെന്ന കേസിലാണ് സെന്തില്‍ ബാലാജിയെ കഴിഞ്ഞ ദിവസം ഇഡി അറസ്റ്റ് ചെയ്തത്. 18 മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലായിരുന്നു ബാലാജിയുടെ അറസ്റ്റ് ഇഡി രേഖപ്പെടുത്തിയത്. ജയലളിതയുടെ ഭരണകാലത്ത് 2011 മുതല്‍ 2015 വരെ ഗതാഗത മന്ത്രിയായിരുന്നു സെന്തില്‍ ബാലാജി. പിന്നീട് ഇദ്ദേഹം ഡി എം കെ യില്‍ ചേരുകയായിരുന്നു.
സെന്തില്‍ ബാലാജിയുടെ ചെന്നൈയിലെ ഔദ്യോഗിക വസതിയിലും കരൂരിലെ വീട്ടിലുമുള്‍പ്പടെ ആറ് സ്ഥലങ്ങളില്‍ ഇഡി പരിശോധന നടത്തിയിരുന്നു. അതേസമയം സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെ ബി ജെ പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി. ഭയപ്പെടുത്താനാണ് ശ്രമമെങ്കില്‍ പ്രത്യാഘാതം ബി ജെ പിക്ക് താങ്ങാന്‍ സാധിക്കില്ലെന്നായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്.
ഇഡിയെ ഉപയോഗിച്ച് ഡി എം കെയെ നേരിടാനാണ് ശ്രമമെങ്കില്‍ ബി ജെ പി അനുഭവിക്കേണ്ടി വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയപരമായും പ്രത്യയശാസ്ത്രപരമായും നേരിടാന്‍ കഴിയാത്ത രാഷ്ട്രീയ എതിരാളികളെ സി ബി ഐയേയും ഇഡിയേയും ആദായനികുതി വകുപ്പിനേയും ഇറക്കി നേരിടുന്നതാണ് ബി ജെ പിയുടെ രീതി എന്നും സ്റ്റാലിന്‍ കുറ്റപ്പെടുത്തി.
തമിഴ്‌നാട്ടിലും ഇതേ രീതിയാണ് ബി ജെ പി പ്രയോഗിക്കുന്നത് എന്നും അണ്ണാ ഡി എം കെയെ അടിമയാക്കിയത് ഇത്തരം റെയ്ഡുകളിലൂടെയാണ് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ ഡി എം കെയ്‌ക്കെതിരേയും ഇതേ രീതിയാണ് അവര്‍ പ്രയോഗിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ബി ജെ പിക്ക് വളരെ അധികം നിരാശപ്പെടേണ്ടി വരുമെന്ന മുന്നറിയിപ്പും സ്റ്റാലിന്‍ നല്‍കി












Click it and Unblock the Notifications