'ക്ഷേത്ര പുജാരിമാരെ നിയമിക്കുന്നതില്‍ ജാതിക്ക് പങ്കില്ല'; സുപ്രധാന വിധിയുമായി മദ്രാസ് ഹൈക്കോടതി
ചെന്നൈ : ക്ഷേത്രങ്ങളില്‍ പുജാരിമാരെ നിയമിക്കുന്നതില്‍ ജാതിക്ക് ഒരു പങ്കുമില്ലെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. ഈ സ്ഥാനത്തേക്ക് നിയമിക്കുന്ന വ്യക്തിക്ക് ക്ഷേത്രങ്ങളിലെ ആചാരങ്ങളെ കുറിച്ചും തത്വങ്ങളെ കുറിച്ചും നന്നായി അറിവുണ്ടാകുക മാത്രമാണ് യോഗ്യതയെന്ന് മദ്രാസ് ഹൈക്കോടതി വിധിയില്‍ പറയുന്നു.
'പൂജാരിയായി നിയമിക്കപ്പെടുന്ന വ്യക്തി തന്റെ കര്‍ത്തവ്യങ്ങള്‍ പാലിക്കുകയാണെങ്കില്‍ ജാതി അടിസ്ഥാനമാക്കേണ്ട കാര്യമില്ല. ക്ഷേത്രങ്ങളിലെ പ്രത്യേക ആചാരങ്ങളിൽ പ്രാവിണ്യമുള്ള വ്യക്തിയാണെങ്കില്‍ ഏത് ജാതിയില്‍പ്പെട്ടയാളെയും പൂജാരിയായി നിയമിക്കാവുന്നതാണ്'- ജസ്റ്റിസ് ആര്‍ ആനന്ദ് വെങ്കിടേഷിന്റെ വിധിയില്‍ പറയുന്നു .

സേലത്തെ സുഗവനേശ്വരര്‍ ക്ഷേത്രത്തിലേക്ക് പൂജാരിമാരെ നിയമിക്കുന്നതിനുള്ള 2018ലെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് മുത്തു സുബ്രഹ്മണ്യ ഗുരുക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. പണ്ടു മുതലേ ആചാരങ്ങളും പ്രയോഗങ്ങളും അനുസരിച്ച് ക്ഷേത്രത്തില്‍ സേവനമനുഷ്ഠിക്കുന്നതിനാല്‍ സ്ഥാനിക സ്ഥാനം വഹിക്കാനുള്ള തന്റെ പാരമ്പര്യ അവകാശത്തെ വിജ്ഞാപനം ലംഘിക്കുന്നുവെന്ന് അദ്ദേഹം ഹര്‍ജിയില്‍ പറഞ്ഞു .
റിട്ട് ഹര്‍ജി തീര്‍പ്പാക്കിയ കോടതി, നടപടിക്രമങ്ങള്‍ പാലിച്ച് പൂജാരിമാരെ നിയമിക്കുന്നതിന് പുതിയ പരസ്യം നല്‍കാന്‍ എക്‌സിക്യുട്ടീവ് ഓഫീസര്‍മാരോട് നിര്‍ദ്ദേശിക്കുകയും അപേക്ഷകനെ പൂജാരി തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയും ചെയ്തു. ക്ഷേത്ര പൂജാരി നിയമനം മതേതരമായ ചടങ്ങാണെന്നും അതിനാല്‍ പാരമ്പര്യ അവകാശം ഉന്നയിക്കേണ്ട പ്രശ്നമില്ലെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി. എന്നാല്‍ ക്ഷേത്രങ്ങളില്‍ നടക്കുന്ന ആചാരങ്ങളെ കുറിച്ച് പൂജാരിക്ക് വ്യക്തമായ അറിവുണ്ടായിരിക്കണം.
അതേസമയം, തമിഴ്‌നാട്ടില്‍ ബ്രാഹ്മണരല്ലാത്ത മറ്റ് വിവിധ ജാതികളില്‍ നിന്നുള്ള 58 പേരെ തമിഴ്‌നാട്ടിലെ വിവിധ ക്ഷേത്രങ്ങളിലെ പൂജാരുമാരായി സര്‍ക്കാര്‍ നിയമിച്ചിരുന്നു. പൂജാരിമാരാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ജാതി നോക്കാതെ നിയമനം നല്‍കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. തമിഴ്നാട് ഹിന്ദു റിലീജ്യസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്മെന്റിന്റെ കീഴില്‍ വരുന്ന ക്ഷേത്രങ്ങളിലേക്കാണ് 58 പുതിയ പൂജാരിമാരെ നിയമിച്ചിരിക്കുന്നത് .
ഇതില്‍ പിന്നാക്ക വിഭാഗങ്ങളില്‍നിന്നുള്ളവരും, പട്ടിക ജാതിയില്‍നിന്നുള്ളവരും അതീവ ദുര്‍ബല പിന്നാക്ക വിഭാഗക്കാരില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. സംസ്‌കൃതത്തിനു പകരം തമിഴില്‍ പൂജാ കര്‍മങ്ങള്‍ ചെയ്യണമെന്ന നിര്‍ദേശവും സര്‍ക്കാര്‍ സംസ്ഥാനത്ത് മുന്നോട്ടുവച്ചിരുന്നു. കൂടാതെ ക്ഷേത്രങ്ങളിലെ മറ്റു ജോലികളിലേക്കായി 138 പേരെയും സര്‍ക്കാര്‍ നിയമിച്ചിരുന്നു .












Click it and Unblock the Notifications