മധുര മീനാക്ഷി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകം; വിഐപികള്‍ അകത്ത്.. ഭക്തര്‍ പുറത്ത്, വിവാദം

മധുര മീനാക്ഷി സുന്ദരേശ്വരര്‍ ക്ഷേത്രത്തിലെ മഹാകുംഭാഭിഷേക ചടങ്ങില്‍ വിവാദമായി വിഐപി പാസ് വിവാദവും മോശം ജനക്കൂട്ട നിയന്ത്രണവും. മധുര മീനാക്ഷി ക്ഷേത്രത്തിലെ മഹാകുംഭാഭിഷേകം 17 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നടക്കുന്നത്. തമിഴ്നാട്ടില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമായി ലക്ഷക്കണക്കിന് ഭക്തരാണ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയത്.

എന്നാല്‍, പ്രവേശന ക്രമീകരണങ്ങള്‍, ജനക്കൂട്ട നിയന്ത്രണം, പ്രത്യേക പാസുകളുടെ വിതരണം എന്നിവയുമായി ബന്ധപ്പെട്ട ആശയക്കുഴപ്പങ്ങള്‍ എന്നിവ ചടങ്ങിന് മങ്ങലേല്‍പ്പിച്ചു. രാഷ്ട്രീയ നേതാക്കള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിഐപികള്‍ക്കും മുന്‍ഗണന നല്‍കിയപ്പോള്‍ സാധാരണക്കാരായ ഭക്തര്‍ക്ക് കടുത്ത വെയിലത്ത് മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വന്നുവെന്ന് പലരും പരാതിപ്പെട്ടു.

Madurai Meenakshi Temple Kumbab

സാധാരണയായി ഈ ചടങ്ങിനായി 11,000-ത്തോളം പാസുകള്‍ വിതരണം ചെയ്യാറുണ്ട്; ഇതില്‍ വലിയൊരു ഭാഗം മീനാക്ഷി അമ്മന്‍ ക്ഷേത്രത്തിന് സംഭാവന നല്‍കുന്നവര്‍ക്കാണ് ലഭിക്കാറുള്ളത്. എന്നാല്‍ ഇത്തവണ സംഭാവന നല്‍കുന്നവര്‍ക്ക് 2,000-ത്തോളം പാസുകള്‍ മാത്രമേ നല്‍കിയുള്ളൂ എന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്ര പരിസരത്തുള്ള സ്വര്‍ണാഭരണ-വസ്ത്ര വ്യാപാര സ്ഥാപനങ്ങള്‍ പതിവായി വലിയ തുക സംഭാവന നല്‍കാറുണ്ട്.

എന്നാല്‍ ഇത്തവണ തങ്ങള്‍ക്കും പാസുകള്‍ ലഭിച്ചില്ലെന്ന് കടയുടമകളും മറ്റ് സംഭാവന നല്‍കുന്നവരും പരാതിപ്പെട്ടതായി പറയപ്പെടുന്നു. മന്ത്രി നിര്‍മ്മല്‍ കുമാര്‍ തന്റെ അനുയായികള്‍ക്കും വിഐപികള്‍ക്കുമായി വലിയൊരു വിഭാഗം പാസുകള്‍ കൈക്കലാക്കിയെന്ന ആരോപണവുമുണ്ട്. മധുരയിലെ നിരവധി ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് വിഐപി പാസുകള്‍ ലഭിച്ചതായും ആരോപണമുണ്ട്.

രാവിലെ ഏകദേശം 7:40-നും 8:10-നും ഇടയിലാണ് കുംഭാഭിഷേകം നടന്നത്. ഈ സമയത്ത് ക്ഷേത്രഗോപുരത്തിന്റെ മുകളിലെ കലശങ്ങളിലും ശ്രീകോവിലിന് മുകളിലുള്ള സ്വര്‍ണ വിമാനത്തിലും പുണ്യജലം അഭിഷേകം ചെയ്തു. ഈ ചടങ്ങ് നേരില്‍ കാണാനായി ആയിരക്കണക്കിന് സ്ത്രീകളും വയോധികരായ ഭക്തരും കുട്ടികളും തലേദിവസം രാത്രി മുതല്‍ തന്നെ ചിത്തിരൈ, അവനി മൂല തെരുവുകളില്‍ കാത്തിരിപ്പുണ്ടായിരുന്നു.

എന്നാല്‍ ചടങ്ങ് തുടങ്ങുന്നതിന് മുന്‍പ് പ്രധാന പ്രവേശന കവാടങ്ങള്‍ അടയ്ക്കുകയും ബാരിക്കേഡുകള്‍ സ്ഥാപിക്കുകയും ചെയ്തതോടെ, സാധാരണക്കാരായ പല ഭക്തര്‍ക്കും ക്ഷേത്രപരിസരത്തേക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടായി. അതിനിടയാണ് ഭരണകക്ഷി പ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും മറ്റ് വിഐപികള്‍ക്കും പ്രത്യേക ടോക്കണുകളും പാസുകളും വഴി അകത്തേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കിയെന്ന ആരോപണം ഉയരുന്നത്.

തിരക്ക് നിയന്ത്രിക്കുന്നതിനായി പൊലീസ് ആളുകളെ പിന്നിലേക്ക് തള്ളിയെന്ന് ചില ഭക്തര്‍ ആരോപിച്ചതോടെ, തിരക്ക് നിയന്ത്രണ നടപടികളെക്കുറിച്ചും പരാതികള്‍ ഉയര്‍ന്നു. കുടിവെള്ളം, താല്‍ക്കാലിക ശൗചാലയ സൗകര്യങ്ങള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കയതില്‍ അപര്യാപ്തതയുണ്ട് എന്നും ഭക്തര്‍ ചൂണ്ടിക്കാട്ടി. ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ എത്തിയ മന്ത്രി നിര്‍മ്മല്‍ കുമാറിനെ ഒരു കൂട്ടം സ്ത്രീകളും മറ്റ് പൊതുജനങ്ങളും വളഞ്ഞത് സ്ഥിതി വഷളാക്കി.

ലക്ഷക്കണക്കിന് ഭക്തര്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന ചടങ്ങില്‍, പ്രവേശന കവാടങ്ങളുടെ ലഭ്യത, ക്യൂ നിയന്ത്രണം, കുടിവെള്ളം, ശുചിത്വ സൗകര്യങ്ങള്‍, അതിലുപരി പാസ് വിതരണ സംവിധാനത്തിലെ സുതാര്യത എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. സാധാരണ ഭക്തരേക്കാള്‍ വിഐപികളുടെ പ്രവേശനത്തിനാണ് ക്രമീകരണങ്ങളില്‍ മുന്‍ഗണന നല്‍കിയതെന്നാണ് ഭക്തരുടെ പ്രധാന ആരോപണം.

അതിനിടെ ചടങ്ങിനുശേഷം തീര്‍ത്ഥം (പുണ്യജലം) തങ്ങള്‍ക്ക് വിതരണം ചെയ്തില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം ഭക്തര്‍ രംഗത്തെത്തി. ഇതിനുമുമ്പ് 2009 ഏപ്രിലിലാണ് ക്ഷേത്രത്തില്‍ കുംഭാഭിഷേകം നടന്നത്. 2021-ല്‍ നടക്കേണ്ടിയിരുന്ന ചടങ്ങ്, 2018 ഫെബ്രുവരിയില്‍ വീര വസന്തരായര്‍ മണ്ഡപത്തിലുണ്ടായ തീപിടുത്തവും തുടര്‍ന്നുണ്ടായ കൊവിഡ് മഹാമാരിയും കാരണം വൈകുകയായിരുന്നു.

ചടങ്ങുകളുടെ ഭാഗമായി വടക്കേ ആദി തെരുവില്‍ 184 ഹോമകുണ്ഡങ്ങളോട് കൂടിയ വലിയൊരു യാഗശാല ഒരുക്കിയിരുന്നു. ഗംഗ, യമുന, കാവേരി, വൈഗ തുടങ്ങിയ നദികളില്‍ നിന്നെല്ലാം ശേഖരിച്ച പുണ്യജലം ചടങ്ങുകള്‍ക്കായി പ്രത്യേക പാത്രങ്ങളില്‍ നിറച്ച് പൂജകള്‍ നടത്തി. 400-ലധികം ശിവാചാര്യന്മാര്‍ ചടങ്ങുകളില്‍ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma