ഷാരൂഖിനെ ഭീഷണിപ്പെടുത്തിയത് പ്രീതിയുടെ ആരാധകന്‍
മുംബൈ: ബോളിവുഡ് കിംഗ് ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കിയ രവി പൂജാരി നടി പ്രീതി സിന്റയുമായി അടുപ്പമുള്ളയാള്‍. രവി പൂജാരി തന്നെയാണ് ഇക്കാര്യം നേരത്തെ വ്യക്തമാക്കിയിട്ടുള്ളത്. പ്രീതി സിന്റയും മുന്‍ കാമുകന്‍ നെസ് വാഡിയയുമായുണ്ടായ പോലീസ് കേസില്‍ പ്രീതിയെ സഹായിക്കാനായി പൂജാരി രംഗത്തെത്തിയിരുന്നു.
പ്രീതിക്കെതിരെ ഏതെങ്കിലും തരത്തില്‍ നടപടിയുണ്ടായാല്‍ താന്‍ നോക്കിയിരിക്കില്ലെന്നായിരുന്നു പൂജാരിയുടെ ഭീഷണി. നെസ് വാഡിയ ഇക്കാര്യം പോലീസില്‍ പരാതിയായി നല്‍കുകയും ചെയ്തിരുന്നു. ഫോണ്‍ കോളുകളും സന്ദേശങ്ങളുമടക്കം ഒട്ടേറെതവണ പൂജാരി നെസ് വാഡിയയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി.

ഇപ്പോള്‍ വിദേശത്ത് ഒരു പരിപാടി സൗജന്യമായി സംഘടിപ്പിക്കണമെന്ന ആവശ്യമാണ് ഷാരൂഖിന് ഭീഷണിക്ക് നിദാനമായത്. ഇതിനായി ഷാരൂഖിന്റെ ഏജന്റ് കരിം മൊറാനിയെയാണ് പൂജാരി സമീപിച്ചത്. മൊറാനി ആവശ്യം നിരസിച്ചതോടെ ഇയാളുടെ വീടിനുനേരെ വെടിവെപ്പു നടത്തി. ഇതിനുശേഷമാണ് ഷാരൂഖിനെ ഭീഷണിപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ഷാരൂഖ് ഖാന് കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ബോളിവുഡും അധോലോകവുമായി തുടരുന്ന ബന്ധവും ശത്രുതയും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പല ബോളിവുഡ് താരങ്ങള്‍ക്കും അധോലോക നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. തങ്ങള്‍ക്ക് വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി ഒപ്പം നിര്‍ത്തിയും അല്ലാത്തവരെ ഇല്ലാതാക്കിയുമാണ് അധോലോകം കണക്കു തീര്‍ത്തിരുന്നത്.












Click it and Unblock the Notifications