ഹെലികോപ്റ്ററില്‍ കുംഭമേള കാണാം; വെറും 1296 രൂപയ്ക്ക്... വമ്പന്‍ അവസരം ഒരുക്കി കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി: ലോകത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ പങ്കെടുക്കുന്ന മത ചടങ്ങായ മഹാ കുംഭമേളയ്ക്ക് (Maha Kumbh Mela 2025) ഉത്തര്‍ പ്രേേദശിലെ പ്രയാഗ് രാജില്‍ തുടക്കം. ജനുവരി 13 മുതല്‍ ഫെബ്രുവരി 25 വരെ നടക്കുന്ന പരിപാടിയില്‍ 45 കോടിയോളം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയ്ക്ക് പുറത്ത് നിന്നും നിരവധി പേര്‍ കുംഭമേളയ്ക്ക് വരുന്നുണ്ട്.
വ്യാഴവട്ടത്തില്‍ ഒരിക്കലാണ് കുംഭമേള നടക്കുക. ഇത്തവണ വിശ്വാസികള്‍ക്ക് വേണ്ടി ഹെലികോപ്റ്റര്‍ യാത്രയും ഒരുക്കിയിട്ടുണ്ട്. 1296 രൂപയാണ് ഇതിന് ചെലവ് വരിക. കുംഭമേള നടക്കുന്ന പ്രദേശത്തിന്റെ ആകാശദൃശ്യം ആസ്വദിക്കാന്‍ ഇതുവഴി സാധിക്കും. എങ്ങനെയാണ് ഹെലികോപ്റ്റര്‍ സേവനം ബുക്ക് ചെയ്യുക എന്ന് അറിയാം...

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള പവന്‍ ഹാന്‍സ് ലിമിറ്റഡ് ആണ് ഹെലികോപ്റ്റര്‍ സര്‍വീസ് നടത്തുന്നത്. ഉത്തര്‍ പ്രദേശ് ടൂറിസം വികസന കോര്‍പറേഷന്റെ വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. പ്രയാഗ് രാജിലെ ഹെലിപാഡില്‍ നിന്ന് സര്‍വീസ് ആരംഭിക്കും. വന്‍തോതില്‍ ആവശ്യക്കാര്‍ എത്തുന്നതിനാല്‍ യാത്ര തുടങ്ങുന്ന സമയവും സീറ്റ് ലഭ്യതയുമെല്ലാം ബുക്ക് ചെയ്യുന്ന േേവളയില്‍ പരിശോധിച്ച് ഉറപ്പ് വരുത്തണം.
ഓരോരുത്തര്‍ക്കും അനിയോജ്യമായ സമയവും തിയ്യതിയും യാത്രയ്ക്ക് വേണ്ടി തിരഞ്ഞെടുക്കാന്‍ സാധിക്കും. ഓണ്‍ലൈന്‍ വഴിയാണ് പണം അടയ്‌ക്കേണ്ടത്. ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്തണം. കോടിക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ചടങ്ങ് ആയതിനാല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ കര്‍ശനമായും പാലിച്ചിരിക്കണം.
യാത്ര തുടങ്ങുംമുമ്പ് പരിശോധനകളും സുരക്ഷാ നടപടികളുമുണ്ടാകും. അതുകൊണ്ടുതന്നെ കുറച്ച് നേരം മുമ്പ് എത്തുന്നത് നല്ലതാണ്. തിരക്കേറിയ സമയം ആയതിനാല്‍ റോഡ് മാര്‍ഗമുള്ള യാത്രയ്ക്ക് തടസം നേരിട്ടേക്കാം. ഈ വേളയില്‍ ഗുണം ചെയ്യുക ഹെലികോപ്റ്റര്‍ സര്‍വീസ് ആയിരിക്കും. വിശുദ്ധ സ്ഥലങ്ങളുടെ ആകാശ ദൃശ്യം കാണുന്നത് നവ്യാനുഭവം തന്നെയാകും.
ഹെലികോപ്റ്റര്‍ യാത്ര ആഗ്രഹിക്കുന്നവര്‍ നേരത്തെ ബുക്ക് ചെയ്യുന്നതാകും നല്ലത്. വന്‍ തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ താല്‍പ്പര്യമുള്ള സമയം ബുക്ക് ചെയ്യാന്‍ സാധിക്കണം എന്നില്ല. ഒരേ സമയം നിരവധി പേര്‍ ഹെലികോപ്റ്റര്‍ ബുക്ക് ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സാങ്കേതിക തടസം നേരിട്ടേക്കാം. കാലാവസ്ഥയില്‍ മാറ്റമുണ്ടെങ്കില്‍ സര്‍വീസ് റദ്ദാക്കപ്പെടാനും സമയം മാറ്റാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ബുക്ക് ചെയ്താല്‍ ലഭിക്കുന്ന അറിയിപ്പുകള്‍ ശ്രദ്ധിക്കണം.
ഉത്തര്‍ പ്രദേശ് സര്‍ക്കാരിന്റെ ടൂറിസം കോര്‍പറേഷന്‍ വെബ്‌സൈറ്റ് വഴിയാണ് ഹെലികോപ്റ്റര്‍ സര്‍വീസിന് അപേക്ഷിക്കേണ്ടത്. മറ്റു ലിങ്കുകള്‍ വഴി ബുക്ക് ചെയ്യാന്‍ ശ്രമിക്കരുത്. തട്ടിപ്പിനുള്ള സാധ്യതകളും തള്ളിക്കളയരുത്. കുറഞ്ഞ നിരക്ക് ഓഫര്‍ ചെയ്തുള്ള ഏജന്റുമാര്‍ കബളിപ്പിക്കാനും സാധ്യതയുണ്ട്.












Click it and Unblock the Notifications