മഹാകുംഭമേള യുപി സര്‍ക്കാരിന് ബംപര്‍ ലോട്ടറി..! വരുമാനമായി ലഭിക്കുക എത്രയെന്നോ!!?
ലഖ്‌നൗ: ലോകത്തിലെ തന്നെ ഏറ്റവും വലിയ തീര്‍ത്ഥാടക സംഗമമായ മഹാകുംഭമേളയ്ക്ക് ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജില്‍ തുടക്കമായിരിക്കുകയാണ്. ഗംഗ, യമുന, സരസ്വതി എന്നീ പുണ്യ നദികള്‍ സംഗമിക്കുന്ന സംഗമസ്ഥാനത്ത് 50 ലക്ഷത്തിലധികം ആളുകള്‍ ആണ് ആദ്യത്തെ പുണ്യസ്‌നാനം നടത്തിയത്. ലോകത്തിലെ മനുഷ്യരാശിയുടെ ഏറ്റവും വലിയ സമ്മേളനമെന്നാണ് മഹാ കുംഭമേളയെ വിശേഷിപ്പിക്കുന്നത്.
സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള കുംഭമേളയില്‍ പങ്കെടുക്കാന്‍ 40 കോടിയിലധികം ആളുകളെ പ്രയാഗ്രാജിലേക്ക് വരും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് യുഎസിലെയും റഷ്യയിലെയും ജനസംഖ്യയേക്കാള്‍ കൂടുതലാണ്. 12 വര്‍ഷത്തില്‍ ഒരിക്കലാണ് മഹാ കുംഭമേള നടക്കുക. 4000 ഹെക്ടര്‍ പ്രദേശത്താണ് മഹാ കുംഭമേളയ്ക്ക് വേണ്ട സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ഫെബ്രുവരി 26 മഹാശിവരാത്രി ദിനം വരെ ഇത് തുടരും.

തീര്‍ത്ഥാടക സംഗമത്തിനൊപ്പം തന്നെ ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും കുംഭമേള വലിയ ഉത്തേജനം നല്‍കും. 45 ദിവസം നീണ്ടുനില്‍ക്കുന്ന മെഗാ ഇവന്റിന് 7000 കോടി രൂപയാണ് ചെലവ് വരിക. എന്നാല്‍ ഇതില്‍ രണ്ട് ലക്ഷം കോടി രൂപ വരെ വരുമാനമാണ് പ്രതീക്ഷിക്കുന്നത്. കണക്കുകള്‍ പ്രകാരം 40 കോടി സന്ദര്‍ശകരില്‍ ഓരോരുത്തരും ശരാശരി 5000 രൂപ ചെലവഴിച്ചാല്‍ പരിപാടി 2 ലക്ഷം കോടി രൂപ സമാഹരിക്കും.
ഒരു വ്യക്തിയുടെ ശരാശരി ചെലവ് 10,000 രൂപ വരെ വരും എന്നും അങ്ങനെ വരുമ്പോള്‍ നാല് ലക്ഷം കോടി രൂപ വരെ വരുമാനം നേടാം എന്നുമാണ് വ്യാവസായിക കണക്കുകള്‍ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 ലെ പ്രയാഗ്രാജിലെ അര്‍ദ്ധ കുംഭമേള സംസ്ഥാനത്തിന്റെ സമ്പദ്വ്യവസ്ഥയ്ക്ക് 1.2 ലക്ഷം കോടി രൂപ സംഭാവന നല്‍കിയെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. അന്ന് 24 കോടി തീര്‍ത്ഥാടകരാണ് എത്തിയിരുന്നത്.
'ഈ വര്‍ഷം 40 കോടി ഭക്തജനങ്ങളെ പ്രതീക്ഷിക്കുന്നു, മഹാ കുംഭമേള 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,' യോഗി പറഞ്ഞു. പാക്ക്ഡ് ഫുഡ്സ്, വെള്ളം, ബിസ്‌ക്കറ്റ്, ജ്യൂസുകള്‍, ഭക്ഷണം എന്നിവയുള്‍പ്പെടെ ഭക്ഷ്യ-പാനീയ മേഖല മൊത്തത്തിലുള്ള വ്യാപാരത്തിലേക്ക് 20,000 കോടി രൂപ കൂട്ടിച്ചേര്‍ക്കുമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സിന്റെ (സിഎഐടി) കണക്ക്.
എണ്ണ, വിളക്ക്, ഗംഗാജലം, വിഗ്രഹങ്ങള്‍, ധൂപവര്‍ഗ്ഗങ്ങള്‍, മതഗ്രന്ഥങ്ങള്‍ തുടങ്ങിയ മതപരമായ വസ്തുക്കളും വഴിപാടുകളും സാമ്പത്തികമായി നേട്ടം കൊയ്യുന്നമറ്റൊരു പ്രധാന മേഖലയാണ്. ഇതിലൂടെ 20,000 കോടി രൂപ സമാഹരിക്കാനാകും എന്നും വ്യാപാരികളുടെ സംഘടന പറഞ്ഞു. പ്രാദേശിക, അന്തര്‍സംസ്ഥാന സേവനങ്ങള്‍, ചരക്ക്, ടാക്‌സികള്‍ എന്നിവയുള്‍പ്പെടെ ഗതാഗതം, ലോജിസ്റ്റിക്‌സ് എന്നിവയ്ക്ക് 10,000 കോടി രൂപ പ്രതീക്ഷിക്കുന്നു.
അതേസമയം ടൂര്‍ ഗൈഡുകള്‍, ട്രാവല്‍ പാക്കേജുകള്‍, അനുബന്ധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ ടൂറിസം സേവനങ്ങള്‍ 10,000 കോടി രൂപ കൂടി സംഭാവന ചെയ്യാന്‍ സാധ്യതയുണ്ട്, സിഎഐടി പറഞ്ഞു. താല്‍ക്കാലിക മെഡിക്കല്‍ ക്യാമ്പുകള്‍, ആയുര്‍വേദ ഉല്‍പ്പന്നങ്ങള്‍, മരുന്നുകള്‍ എന്നിവയിലൂടെ 3,000 കോടി രൂപയും ഇ-ടിക്കറ്റിംഗ്, ഡിജിറ്റല്‍ പേയ്മെന്റുകള്‍, വൈ-ഫൈ സേവനങ്ങള്‍, മൊബൈല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയ മേഖലകളില്‍ 1,000 കോടി രൂപയുടെ ബിസിനസുംപ്രതീക്ഷിക്കുന്നു.
പരസ്യവും പ്രമോഷണല്‍ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള വിനോദ, മാധ്യമങ്ങള്‍ വ്യാപാരത്തില്‍ 10,000 കോടി രൂപയുടെ വരുമാനം ഉണ്ടാക്കുമെന്ന് സിഎഐടി അറിയിച്ചു. ലോകത്തിന്റെ പല കോണില്‍ നിന്നും മഹാ കുംഭമേളയ്ക്ക് ആളുകള്‍ എത്തുന്നുണ്ട്.












Click it and Unblock the Notifications