മഹാ കുംഭ മേള: പൗഷ് പൂർണിമ ദിനത്തിൽ മഹാ കുംഭ മേളയിൽ പുണ്യ സ്നാനം ചെയ്തത് 1.5 കോടി ഭക്തർ
പ്രായ്ഗ് രാജ്: മഹാ കുംഭ മേളയ്ക്ക് പൗഷ് പൂർണിമ ദിനത്തിലെ ആദ്യത്തെ പുണ്യ സ്നാനത്തോടെ തുടക്കമായി. ആദ്യ ദിനത്തിൽ 1.50 കോടി ഭക്തരാണ് പുണ്യ സ്നാനം ചെയ്തത്. ഇന്നത്തെ ആദ്യത്തെ സ്നാന ഉത്സവത്തിൽ 1. 50 കോടി സനാതന വിശ്വാസികൾ ത്രിവേണിയിൽ കുളിച്ചതിന്റെ പുണ്യ ഫലം നേടിയെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ് മഹാ കുംഭ മേള നടക്കുന്നത്. കുംഭ മേളയുടെ നടത്തിപ്പിനായി 7000 കോടി രൂപയാണ് യു പി സർക്കാർ ചെലവഴിക്കുന്നത്. കഴിഞ്ഞ കുംഭ മേളയിൽ 24 കോടി ആളുകൾ പങ്കെടുത്തെന്നാണ് കണക്കുകൾ. ഇത്തവണ തിരക്ക് വർദ്ധിക്കാനാണ് സാധ്യത. അതേ സമയം 45 ദിവസം നീണ്ടുനിൽക്കുന്ന കുംഭമേളയിൽ ഏകദേശം 45 കോടി ഭക്തർ പങ്കെടുക്കുമെന്നാണ് യു പി സർക്കാർ വിലയിരുത്തുന്നത്.

കുംഭ മേളയുടെ തുടക്കത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച ആശംസകൾ നേർന്നു. മഹാ കുംഭം ഇന്ത്യയുടെ കാലാതീതമായ ആത്മീയ പൈതൃകം ഉൾക്കൊള്ളുന്നുവെന്നും വിശ്വാസവും ഐക്യവും ആഘോഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം തണുപ്പ് പോലും വക വെയ്ക്കാതെയാണ് ഭക്തർ വെള്ളത്തിൽ പുണ്യ സ്നാനം നടത്തിയത്.
മഹാ കുംഭ മേളയിലൂടെ ഏകദേസം രണ്ട് ലക്ഷം കോടി രൂപയുടെ വരുമാനം യു പിക്ക് ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. കുംഭ മേളയ്ക്കെത്തുന്ന ഓരോ ഭക്തനും ശരാശരി 5000 രൂപ ചെലവഴിക്കുമെന്നും അതിലൂടെ രണ്ട് ലക്ഷം കോടിയുടെ വരുമാനം ഉണ്ടാകുമെന്നും കരുതുന്നു. ഒരാളുടെ ശരാശരി ചെലവ് 10000 രൂപ വരെ ഉയരാൻ സാധ്യത ഉണ്ടെന്നും അങ്ങനെയാണെങ്കിൽ നാല് ലക്ഷം കോടി രൂപയുടെ വരുമാനം ഉണ്ടാകും എന്നും ചില വ്യവസായ സ്ഥാപനങ്ങൾ കണക്ക് കൂട്ടുന്നതായാണ് റിപ്പോർട്ട്.
2019 ൽ പ്രയാഗ് രാജിൽ നടന്ന അർധ കുംഭ മേളയിൽ 1. 2 ലക്ഷം കോടി രൂപയുടെ വരുമാനം ആണ് ലഭിച്ചത്. കുംഭ മേളയ്ക്കായി വൻ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. അതേ സമയം മഹാ കുംഭ് എന്ന താത്കാലിക നഗരത്തിലാണ് കുംഭ മേള നടക്കുന്നത്.












Click it and Unblock the Notifications