ഇപ്പോഴും പലരും മഹാ കുംഭ മേളയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു; കുംഭമേള നീട്ടണമെന്ന് അഖിലേഷ് യാദവ്
ഡൽഹി: മഹാ കുംഭ മേളയുടെ ദൈർഘ്യം നീട്ടണമെന്ന് സമാജ് വാദി പാർട്ടി ( എസ് പി ) അധ്യക്ഷൻ അഖിലേഷ് യാദവ് ഉത്തർപ്രദേശ് സർക്കാരിനോട് ആവശ്യപ്പെട്ടു. കുംഭ മേളയിൽ പങ്കെടുക്കണമെന്ന് പ്രതീക്ഷിക്കുന്ന ധാരാളം ഭക്തജനങ്ങൾ ഇനിയും റോഡുകളിൽ ഉണ്ടെന്നും മുൻ വർഷങ്ങളിൽ മഹാ കുംഭ മേള 75 ദിവസം നീണ്ടുനിന്നിരുന്നുവെന്നും നിലവിലെ ഷെഡ്യൂൾ ചെറുതാണെന്നും അഖിലേഷ് യാദവ് പറഞ്ഞു.
" ഇപ്പോഴും പലരും മഹാ കുംഭ മേളയിലേക്ക് പോകാൻ ആഗ്രഹിക്കുന്നു. പക്ഷേ കഴിയുന്നില്ല. അത്തരമൊരു സാഹചര്യത്തിൽ സർക്കാർ മഹാ കുംഭത്തിന്റെ സമയപരിധി നീട്ടണം," അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയയിലെ ദൃശ്യങ്ങൾ നിറഞ്ഞ തീവണ്ടികളും തിരക്കേറിയ റോഡുകളും വൻ ജനക്കൂട്ടവും എല്ലാം മഹാ കുംഭത്തിലേക്ക് പോകുന്നതായി കാണിക്കുന്നു.

ഈ ആഴ്ച ആദ്യം മഹാ കുംഭ മേളയിലേക്ക് നയിക്കുന്ന റോഡുകളിൽ കിലോ മീറ്ററുകളോളം നീണ്ടുകിടക്കുന്ന ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. ജനത്തിരക്ക് പ്രയാഗ് രാജ് സംഗമം റെയിൽ വേ സ്റ്റേഷൻ താൽക്കാലികമായി അടച്ചിടാൻ നിർബന്ധിതരായെന്നും കഴിഞ്ഞ മാസം നടന്ന മഹാ കുംഭത്തിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ യഥാർത്ഥ കണക്ക് സംസ്ഥാന സർക്കാർ മറച്ചുവെക്കുകയാണെന്നും അഖിലേഷ് യാദവ് ആരോപിച്ചു.
ലോകത്തിലെ ഏറ്റവും വലിയ ആത്മീയ സംഗമമായ മഹാ കുംഭം ജനുവരി 13 ന് ആരംഭിച്ചു. മഹാ ശിവരാത്രിയോട് അനുബന്ധിച്ച് ഫെബ്രുവരി 26 ന് സമാപിക്കും. സംസ്ഥാന ഗവൺമെന്റ് കണക്കുകൾ പ്രകാരം, വെള്ളിയാഴ്ച വൈകുന്നേരം വരെ സംഗമത്തിൽ 50 കോടിയിലധികം ആളുകൾ വിശുദ്ധ് സ്നാനം നടത്തി. വെള്ളിയാഴ്ച വൈകുന്നേരം 6 മണി വരെ 92 ലക്ഷത്തിലധികം പേർ പുണ്യ സ്നാനം നടത്തി.
45 ദിവസത്തെ ആഘോഷമാണ്. വൻ ഒരുക്കങ്ങളാണ് യു പി സർക്കാർ കുംഭ മേളയ്ക്കായി നടത്തിയത്. മഹാ കുംഭ നഗർ എന്ന താത്ക്കാലിക നഗരം ഒരുക്കിയത് 10,000 ഏക്കറിൽ. ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ ഇത്തവണ നടക്കുന്ന മഹാ കുംഭ മേളയ്ക്ക് അത് കൊണ്ട് തന്നെ വളരെ പ്രധാന്യമുണ്ട്. രാജ്യത്തിന് അകത്ത് നിന്ന് മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുംഭ മേളയിൽ പങ്കെടുക്കാൻ ഭക്തർ എത്താറുണ്ട്..












Click it and Unblock the Notifications