മഹാകുംഭമേള; മഹാശിവരാത്രി ഉത്സവത്തിന് സുരക്ഷ വര്‍ധിപ്പിച്ചു: 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ കേസ്
പ്രയാഗ് രാജ്: ലോകമെമ്പാടും നിന്നും കോടിക്കണക്കിന് ഭക്തര്‍ പങ്കെടുത്ത മഹാകുംഭമേളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം നടത്തിയ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെ നടപടിയെടുത്ത് യുപി പൊലീസ്. 144 വര്‍ഷത്തിലൊരിക്കല്‍ നടത്തി വരുന്ന ഉത്സവമായ മഹാകുംഭ മേളയെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പങ്കിട്ട 140 സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ക്കെതിരെയാണ് കേസെടുത്തത്. 13 എഫ്ഐഐആറുകള്‍ പൊലീസ് ഫയല്‍ ചെയ്തതു. മഹാകുംഭമേള ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് വൈഭവ് കൃഷ്ണയാണ് ഇക്കാര്യം അറിയിച്ചത്.
മഹാശിവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് ഫെബ്രുവരി 26 ന് എല്ലാ ക്രമീകരണങ്ങളും പൊലീസ് ഒരുക്കിയതായി വൈഭവ് കൃഷ്ണ ഉറപ്പു നല്‍കി. 'വരാനിരിക്കുന്ന ശിവരാത്രി ഉത്സവത്തിനായി എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. പ്രദേശത്ത് ഒരിടത്തും ഗതാഗതക്കുരുക്ക് ഉണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. എല്ലാ ക്രമീകരണങ്ങളും സുഗമമായി നടക്കണം. എത്ര വലിയ ജനക്കൂട്ടമുണ്ടെങ്കിലും അതു സുഗമമായി കൈക്കാര്യം ചെയ്യാന്‍ ഞങ്ങള്‍ തയ്യാറാണ് - അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ ഇതുവരെ 620 ദശലക്ഷം ഭക്തര്‍ പങ്കെടുത്തതായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഞായറാഴ്ച മാത്രം മഹാ കുംഭമേളയില്‍ 8.773 ദശലക്ഷം ആളുകള്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയതായി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ വകുപ്പ് റിപ്പോര്‍ട്ട് ചെയ്തു.
മഹാശിവരാത്രി ഉത്സവത്തിനോടനുബന്ധിച്ച് അയോധ്യ ധാം റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്ക് നിയന്ത്രിക്കാന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയെന്നും പൊലീസ് അറിയിച്ചു. 'അധിക സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ട്രെയിന്‍ എത്തുമ്പോള്‍ മാത്രമേ ഭക്തരെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കൂ. മൂന്നൂറ്റി അന്‍പതിലധികം പൊലീസുകാരെ റെയില്‍വേ സ്റ്റേഷനില്‍ വിന്യസിച്ചിട്ടുണ്ട്. ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ട്രെയിനുകളെക്കുറിച്ചുള്ള അറിയിപ്പുകള്‍ കൃത്യമായി ഭക്തജനങ്ങള്‍ക്ക് നല്‍കും - ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് യശ്വന്ത് സിങ് പറഞ്ഞു.
മഹാ ശിവരാത്രി ഉത്സവത്തില്‍ കോടിക്കണക്കിന് ഭക്തജന പ്രവാഹമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാരും പൊലീസും പ്രതീക്ഷിക്കുന്നത്. ഫെബ്രുവരി 26 ന് നടക്കാനിരിക്കുന്ന മഹാ ശിവരാത്രി ദിനത്തിലാണ് അവസാനത്തെ പ്രധാന സ്നാനം നടക്കുന്നത്.












Click it and Unblock the Notifications