മഹാകുംഭമേളയില്‍ തിരക്ക് വര്‍ധിക്കുന്നു; മാഘി പൂര്‍ണിമയ്ക്ക് മുന്നോടിയായി കര്‍ശന നിയന്ത്രണങ്ങള്‍
ന്യൂഡല്‍ഹി: മഹാ കുംഭമേളയില്‍ തിരക്ക് വര്‍ധിക്കുന്നതിനിടെ പുതിയ നിയന്ത്രണങ്ങള്‍ പുറപ്പെടുവിച്ച് പ്രയാഗ്രാജ് അധികൃതര്‍. ആറ് വിശുദ്ധസ്‌നാനങ്ങളില്‍ അഞ്ചാമത്തെ സ്‌നാനമായ മാഘി പൂര്‍ണിമയില്‍ കോടിക്കണക്കിന് ഭക്തര്‍ എത്തുന്നത് കണക്കിലെടുത്താണ് തീരുമാനം. നഗരത്തിലേക്കുള്ള ഗതാഗതം പൊലീസ് നിയന്ത്രിച്ചിട്ടുണ്ട്. ജനുവരി 29 ന് പുലര്‍ച്ചെ മഹാ കുംഭമേളയ്ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 തീര്‍ഥാടകര്‍ മരിച്ചിരുന്നു.
ഇതിനെ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെ നാല് മുതല്‍ കുംഭമേള ഏരിയ വാഹന നിരോധന മേഖലയായി പ്രഖ്യാപിച്ചു. വൈകുന്നേരം അഞ്ച് മണി മുതല്‍ ഇത് നഗരം മുഴുവന്‍ വ്യാപിപ്പിക്കും. നഗരത്തിന് പുറത്ത് നിന്ന് വരുന്ന ഭക്തര്‍ അവരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യേണ്ട വിവിധ റൂട്ടുകള്‍ക്കായി വ്യത്യസ്ത പാര്‍ക്കിംഗ് സോണുകള്‍ സജ്ജീകരിച്ചിട്ടുണ്ട്.

നാളെ ഭക്തര്‍ സുഗമമായി മേള പരിസരത്ത് നിന്ന് പുറത്തിറങ്ങുന്നത് വരെ ഗതാഗത ക്രമീകരണം തുടരും. അവശ്യ, അടിയന്തര സേവനങ്ങളെ നിയന്ത്രണങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. തിങ്കളാഴ്ച രാത്രി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പൊലീസുകാരുമായും സിവില്‍ ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. അഞ്ച് ലക്ഷത്തിലധികം വാഹനങ്ങളുടെ പാര്‍ക്കിംഗ് കപ്പാസിറ്റി പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
വാഹനങ്ങളുടെ നീണ്ട നിര റോഡുകളില്‍ രൂപപ്പെടാന്‍ അനുവദിക്കരുതെന്നും ഗതാഗതക്കുരുക്ക് എന്തുവിലകൊടുത്തും തടയണമെന്നും അദ്ദേഹം പറഞ്ഞു. ജനുവരി 29 ന് മൗനി അമാവാസി നാളിലെ രണ്ടാം വിശുദ്ധ സ്‌നാനത്തിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായത്. അപകടത്തിന്റെ കാരണങ്ങള്‍ അന്വേഷിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്.
ജസ്റ്റിസ് ഹര്‍ഷ് കുമാര്‍, മുന്‍ ഡയറക്ടര്‍ ജനറല്‍ വികെ ഗുപ്ത, വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ വികെ സിംഗ് എന്നിവരാണ് സമിതിയിലുള്ളത്. ജുഡീഷ്യല്‍ അന്വേഷണത്തിന് പുറമെ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി 25 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു. ജനുവരി 13-ന് ആരംഭിച്ച മഹാകുംഭമേള ഫെബ്രുവരി 26 വരെ തുടരും. ഫെബ്രുവരി 10 വരെ 44.74 കോടി ആളുകള്‍ ആണ് കുംഭ മേളയില്‍ പങ്കെടുത്തത്.
ഞായറാഴ്ച പ്രയാഗ്രാജിലേക്കുള്ള വഴികളിലുടനീളം കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടിരുന്നു. 300 കിലോമീറ്ററോളം ദൂരത്തില്‍ 48 മണിക്കൂറാണ് തീര്‍ത്ഥാടകര്‍ കുടുങ്ങി കിടന്നത്.












Click it and Unblock the Notifications