കോണ്‍ഗ്രസിനെ കുരുക്കിലാക്കി മഹാദേവ് ബെറ്റിങ് ആപ്പ്: ആരോപണങ്ങള്‍ക്ക് മറുപടിയുമായി ബാഗേല്‍
റായ്പൂർ: മഹാദേവ് ബെറ്റിങ് ആപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ തള്ളി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. മഹാദേവ് ആപ്പിന്റെ ഉടമയെന്ന് അവകാശപ്പെടുന്ന ശുഭം സോണി കളിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്ത് വന്നിരുന്നു. ഭൂപേഷ് ബാഗേലിന്റെ ഉപദേശപ്രകാരമാണ് താൻ ദുബായിൽ പോയതെന്നും തന്റെ ആളുകൾ അറസ്റ്റിലാകാതിരിക്കാൻ രാഷ്ട്രീയക്കാർക്ക് 508 കോടി രൂപ സംരക്ഷണ പണമായി നൽകിയെന്നും അദ്ദേഹം അവകാശപ്പെട്ടു.
എന്നാല്‍ ശുംഭം സോണിയുടേത് അടക്കമുള്ള എല്ലാ ആരോപണങ്ങളും പൂർണ്ണമായി നിഷേധിക്കുകയാണ് ഭൂപേഷ് ബാഗേല്‍. "ഉത്തരവാദിത്തമുള്ള എല്ലാ ടിവി ചാനലുകളും ഒരു അജ്ഞാതന്റെ പ്രസ്താവന എന്ത് അടിസ്ഥാനത്തിലാണ് വാർത്തയാക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു? അതിൽ എന്റെ പേര് ഉള്ളതുകൊണ്ടാണോ? ഇത് അപകീർത്തിക്കേസ് അല്ലേ? ഈ വീഡിയോ എന്തിന്, എങ്ങനെ വന്നു എന്നതിൽ ദുരൂഹതയില്ല. കൂടാതെ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരമൊരു പ്രസ്താവന ബിജെപിക്ക് നേട്ടമുണ്ടാക്കാൻ മാത്രമാണെന്ന് മനസ്സിലാക്കാൻ അധികം പ്രയാസമില്ല." കോണ്‍ഗ്രസ് മുഖ്യമന്ത്രി പറഞ്ഞു.

"ഇഡി, ഐടി തുടങ്ങിയ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് തെരഞ്ഞെടുപ്പിനെ നേരിടാൻ ബി ജെ പി ആഗ്രഹിക്കുന്നുവെന്നും ഛത്തീസ്ഗഡ് നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്റെ പ്രതിച്ഛായ നശിപ്പിക്കാൻ വൃത്തികെട്ട ശ്രമം നടക്കുന്നു" എന്നും ബാഗേൽ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ ആരോപിച്ചിരുന്നു. ഇഡിയെ ആയുധമാക്കുന്നതിലൂടെയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് എല്ലാവരും മനസ്സിലാക്കുന്നു. വാസ്തവത്തിൽ, ബിജെപി ഇപ്പോൾ ഇഡിയുടെ സഹായത്തോടെ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നു, എന്നെ അപകീർത്തിപ്പെടുത്താൻ ഇഡിയെ ഉപയോഗിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഒന്നാമതായി, എനിക്ക് ഈ വ്യക്തിയെ അറിയില്ല അല്ലെങ്കിൽ അവൻ അവകാശപ്പെടുന്ന രീതിയിൽ ഞാൻ അവനെ കണ്ടിട്ടില്ല. ഏതെങ്കിലും പരിപാടിയുടെയോ മറ്റോ ഭാഗമായി എന്നെ കണ്ടോയെന്ന് അറിയില്ല. രണ്ടാമതായി, താൻ 'മഹാദേവ് ആപ്പിന്റെ' ഉടമയാണെന്ന് ഈ വ്യക്തി അവകാശപ്പെടുന്നു. അതിശയകരമെന്നു പറയട്ടെ, മാസങ്ങളായി ഈ കേസ് അന്വേഷിക്കുന്ന ഏജൻസിയായ ഇഡി പോലും ഇത് അറിഞ്ഞിരുന്നില്ല, രണ്ട് ദിവസം മുമ്പ് വരെ ഇഡി അദ്ദേഹത്തെ മാനേജർ എന്ന് വിളിക്കുകയായിരുന്നു, " കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
അതേസമയം, നിയമവിരുദ്ധമായ ആപ്പും വെബ്‌സൈറ്റും വളരെ മുമ്പുതന്നെ അടച്ചുപൂട്ടാൻ ഛത്തീസ്ഗഢ് സർക്കാരിന് കഴിയുമായിരുന്നുവെന്ന് ആരോപിച്ചുകൊണ്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. സെക്ഷൻ 69 എ ഐടി (ഇൻഫർമേഷൻ ടെക്‌നോളജി) ആക്‌ട് പ്രകാരം വെബ്‌സൈറ്റ്/ആപ്പ് ഷട്ട് ഡൗൺ ചെയ്യാൻ ശുപാർശ ചെയ്യാനുള്ള എല്ലാ അധികാരവും ഛത്തീസ്ഗഡ് സർക്കാരിനുണ്ടായിരുന്നു. എന്നാല്‍, അവർ അത് ചെയ്തില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.












Click it and Unblock the Notifications