മഹാകുംഭമേള 2025: ഉദ്ഘാടനദിനം ശങ്കര്‍ മഹാദേവന്റെ സംഗീതസന്ധ്യ, ബച്ചന്‍ മുതല്‍ ആലിയ വരെ എത്തിയേക്കും
മഹാകുംഭമേളയ്ക്കുള്ള കാത്തിരിപ്പിലാണ് ഉത്തരേന്ത്യയിലെ തീര്‍ത്ഥാടകരെല്ലാം. പ്രയാഗ്രാജില്‍ ജനുവരി 13-ന് ആരംഭിച്ച് ഫെബ്രുവരി 26-ന് അവസാനിക്കുന്ന മഹാ കുംഭമേള ഈ വര്‍ഷം ഭക്തര്‍ക്ക് അതുല്യമായ അനുഭവങ്ങളാണ് വാഗ്ദാനം ചെയ്യുക എന്നുറപ്പാണ്. ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അപൂര്‍വ ജ്യോതിശാസ്ത്ര വിന്യാസം കാരണം 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുംഭമേള നടക്കുന്നത്.
ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമസ്ഥാനമായ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിക്കാന്‍ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഭക്തരാണ് എത്തുക. പുണ്യനദിയില്‍ മുങ്ങിയാല്‍ പാപങ്ങള്‍ കഴുകി മോക്ഷം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. 44 ദിവസങ്ങളിലായി നീണ്ടുനില്‍ക്കുന്ന മഹാ കുംഭമേള മഹാശിവരാത്രിയില്‍ ആണ് സമാപിക്കുക. മഹാ കുംഭമേളയില്‍ ആകെ ആറ് സ്നാനങ്ങളാണ് ഉള്ളത്.

അതില്‍ മൂന്ന് രാജകീയ സ്നാനങ്ങളും മൂന്ന് മറ്റ് സ്നാനങ്ങളും ഉള്‍പ്പെടുന്നു. ജനുവരി 13 പൗഷ് പൂര്‍ണി, ജനുവരി 14: മകര സംക്രാന്തി(ആദ്യത്തെ രാജകീയ സ്നാം), ജനുവരി 29: മൗനി അമാവാസ്യ(രണ്ടാമത്തെ രാജകീയ സ്നാനം), ഫെബ്രുവരി 3: ബസന്ത് പഞ്ചമി(മൂന്നാമത്തെ രാജകീയ സ്നാനം), ഫെബ്രുവരി 12: മാഘി പൂര്‍ണിമ, ഫെബ്രുവരി 26: മഹാശിവരാത്രി (അവസാന സ്നാനം) എന്നിങ്ങനെയാണ് സ്‌നാനങ്ങള്‍.
മഹാകുംഭമേളയോട് അനുബന്ധിച്ച് നിരവധി പരിപാടികളും അരങ്ങേറും. ശങ്കര്‍ മഹാദേവന്‍ മുതല്‍ മോഹിത് ചൗഹാന്‍ വരെയുള്ള നിരവധി ഗായകര്‍ സംഗീതപരിപാടികള്‍ നയിക്കും. ഉദ്ഘാടന ദിവസം ശങ്കര്‍ മഹാദേവന്റെ സംഗീതസന്ധ്യ ഉണ്ടായിരിക്കും. കൈലാഷ് ഖേര്‍, ഷാന്‍ മുഖര്‍ജി, കവിതാ കൃഷ്ണമൂര്‍ത്തി, കവിതാ സേത്ത്, ഹരിഹരന്‍, ബിക്രം ഘോഷ്, മാലിനി അവസ്തി ഋഷബ് റിഖിറാം ശര്‍മ, ശോവന നാരായണ്‍, ഡോ. എല്‍ സുബ്രഹ്‌മണ്യം തുടങ്ങി നിരവധി കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.
ഇത് കൂടാതെ നിരവധി ബോളിവുഡ് സെലിബ്രിറ്റികളും മഹാകുംഭമേള ആഘോഷങ്ങളില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അമിതാഭ് ബച്ചന്‍, രണ്‍ബീര്‍ കപൂര്‍, ആലിയ ഭട്ട്, അനുപ് ജലോട്ട, രേണുക ഷഹാനെ, അശുതോഷ് റാണ, രവി കിഷന്‍, മനോജ് തിവാരി, അക്ഷര സിംഗ്, രാഖി സാവന്ത്, തുടങ്ങിയവര്‍ പരിപാടിയില്‍ സന്നിഹിതരായിരിക്കും എന്നാണ് റിപ്പോര്‍ട്ട്. നടി അദാ ശര്‍മ്മ മഹാകുംഭമേളയില്‍ ശിവ താണ്ഡവ സ്‌തോത്രം തത്സമയം അവതരിപ്പിക്കുന്നുണ്ട്.
അവസാന കുംഭ മേള 2013ലാണ് നടന്നത്. ഏകദേശം പത്ത് കോടിയോളം പേരാണ് അന്ന് കുംഭമേളയില്‍ പങ്കെടുത്തത്.












Click it and Unblock the Notifications