പ്രയാഗ്രാജില് 144 വർഷത്തിന് ശേഷം മഹാകുംഭമേള: 45 കോടിയിലേറെപ്പേർ ഭക്തർ എത്തുമെന്ന് പ്രതീക്ഷ
പ്രയാഗ്രാജ്: 144 വർഷത്തിന് ശേഷം വന്നെത്തുന്ന മഹാകുംഭമേളക്ക് ഇന്ന് പ്രയാഗ്രാജില് തുടക്കം. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന മഹാകുംഭമേളയിലേക്ക് വിദേശികള്‍ ഉള്‍പ്പെടെ 45 കോടിയിലേറെപ്പേർ എത്തുമെന്നാണ് പ്രതീക്ഷ. മഹാകുംഭമേളയ്ക് മുന്നോടിയായി ഇന്നലെ നടന്ന ത്രിവേണി സ്നാനത്തില്‍ മാത്രം പങ്കെടുത്തത് 25 ലക്ഷത്തിലേറെ ഭക്തരാണ്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം ദില്ലിയിലെത്തി ക്ഷണിച്ചിരുന്നു.
പൗഷ് പൂർണിമ മുതൽ ഫെബ്രുവരി 26ന് മഹാ ശിവരാത്രി വരെ 45 ദിവസങ്ങൾ നീണ്ടു നിൽക്കുന്നതാണ് ചടങ്ങുകൾ. മകര സംക്രാന്തി ദിനത്തിലും - ജനുവരി 14, മൗനി അമാവാസ്യ ദിനത്തിലും -ജനുവരി 19,വസന്ത പഞ്ചമി ദിനത്തിലും - ഫെബ്രുവരി 3, മാഘി പൂർണിമ ദിനത്തിലും - ഫെബ്രുവരി 12, മഹാ ശിവരാത്രി ദിനത്തിലുമാണ് - ഫെബ്രുവരി 26 പ്രധാന സ്നാനങ്ങൾ നടക്കുക. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേളി സംഗമത്തില്‍ സ്നാനം ചെയ്യുന്നതോടെ പാപങ്ങള്‍ ഇല്ലാതാകുമെന്നാണ് വിശ്വാസം.

മഹാകുംഭമേളയ്ക്കായി വിപുലമായ ഒരുക്കങ്ങളാണ് യുപി സർക്കാർ നടത്തിയിരിക്കുന്നത്. സജ്ജീകരണങ്ങള്‍ക്കായി മാത്രം 7000 കോടി രൂപ ചിലവഴിക്കുന്നു. 2019 ല്‍ 24 കോടി പേർ പങ്കെടുത്ത കുംഭമേളയ്ക്ക് വേണ്ടി യുപി സർക്കാർ ചിലവഴിച്ചത് 3500 കോടി രൂപയായിരുന്നു. അന്ന് താല്‍ക്കാലിക നഗരവിന്യാസത്തിന് വേണ്ടി 3200 ഹെക്ടർ സ്ഥലമാണ് നീക്കിവെച്ചതെങ്കില്‍ ഇത്തവണ അത് 4000 ഹെക്ടറാണ്.
പ്രയാഗ് രാജിൽ 12 കിലോമീറ്റർ നീളത്തിൽ സ്നാന ഘാട്ടുകൾ തയാറാക്കി. കുംഭമേള സമയത്ത് ഇത് 8 കിലോമീറ്ററായിരുന്നു. വാച്ചടവർ, അണ്ടർ വാട്ടർ ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പെടെ വിപുലമായ സുരക്ഷാ നടപടികളും തയ്യാറാക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്പെഷൽ സർവീസുകളുൾപ്പടെ 13000 ട്രെയിൻ സർവീസുകൾ നടത്തും. തിരക്ക് നിയന്ത്രിക്കുന്നതിനായി 3000 ക്യാമറകള്‍ അധികമായി സ്ഥാപിച്ചു.
സമ്പന്നരായ ഭക്തർക്ക് താമസിക്കുന്നതിനായി കേന്ദ്ര ടൂറിസം വകുപ്പിൻറെ കീഴിലുള്ള ഐ ടി ഡി സിയും പ്രയാഗ്രാജിൽ പ്രത്യേക ലക്ഷ്വറി ടെന്റുകൾ ഒരുക്കിയിട്ടുണ്ട്. 14000 മുതൽ 45000 വരെയാണ് ഐ ടി ഡി സിയുടെ ഇത്തരം ലക്ഷ്വറി സ്യൂട്ടുകളുടെ ഒരു ദിവസത്തെ വാടക. മഹാകുഭമേളയിലൂടെ സംസ്ഥാനത്ത് 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളർച്ചയുണ്ടാകുമെന്നാണ് ഉത്തർപ്രദേശ് സർക്കാർ പ്രതീക്ഷിക്കുന്നത്.
എന്താണ് മഹാകുംഭമേള
പൂർണ കുംഭമേള, അർധ കുംഭമേള, മാഘ കുംഭമേള, മഹാകുംഭമേള എന്നിങ്ങനെ പലതരത്തിലുള്ള കുംഭമേളകളുണ്ട്. ഹരിദ്വാർ, പ്രയാഗ്രാജ്, നാസിക്, ഉജ്ജയ്നി എന്നിവിടങ്ങളിലെ നദീതീരങ്ങളിലായി മൂന്ന് വർഷം കൂടുമ്പോഴാണ് കുംഭമേളകള്‍ നടക്കുന്നത്. അർധകുംഭമേളകള്‍ 6 വർഷത്തിനിടെ ഹരിദ്വാറിലും പ്രയാഗ്രാജിലും നടക്കും. 12 വർഷങ്ങളിലെ ഇടവേളകളിലാണ് പൂർണ്ണ കുംഭമേള. 12 പൂർണ്ണ കുംഭമേളകള്‍ക്ക് ശേഷമാണ് മഹാകുംഭമേള വരുന്നത്. പ്രയാഗ്രാജില് മാത്രമായിരിക്കും മാഹാകുംഭമേള നടക്കുക.












Click it and Unblock the Notifications