മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: 'വിഷൻ മഹാരാഷ്ട്ര @2028' ; പ്രകടന പത്രിക പുറത്തിറക്കി ബിജെപി
മുംബൈ: 2024 ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രകട പത്രിക പുറത്തിറക്കി ബി ജെ പി. മഹാരാഷ്ട്രയെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രമാക്കാനുള്ള പദ്ധതി, ലഡ്കി ബഹിൻ യോജനയുടെ കീഴിൽ സ്ത്രീകൾക്കുള്ള പ്രതിമാസ സഹായം വർദ്ധിപ്പിക്കുക, അവശ്യ വസ്തുക്കളുട വില നിയന്ത്രണം എന്നിവ ഉൾപ്പെടെ നിരവധി വാഗ്ദാനങ്ങളാണ് നൽകുന്നത്.
ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബി ജെ പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 'സങ്കൽപ് പത്ര' എന്നറിയപ്പെടുന്ന പ്രകടനപത്രിക കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് പുറത്തിറക്കിയത്. മഹാരാഷ്ട്രയെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെയും (എ ഐ) ഫിൻടെക്കിൻ്റെയും കേന്ദ്രമാക്കി മാറ്റാനുള്ള തന്ത്രത്തിൻ്റെ രൂപരേഖയാണ് പ്രകടനപത്രികയിൽ പറയുന്നത്.

മഹാരാഷ്ട്രയിലെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്താൻ ലക്ഷ്യമിട്ടുള്ള വാഗ്ദാനങ്ങളാൽ നിറഞ്ഞതാണ് ബി ജെ പിയുടെ പ്രകടനപത്രിക. ലഡ്‌കി ബഹിൻ പദ്ധതിക്ക് കീഴിലുള്ള സ്ത്രീകൾക്കുള്ള പ്രതിമാസ സഹായ തുക 1,500 ൽ നിന്ന് 2,100 രൂപയായി ഉയർത്തും. കൂടാതെ, 25 ലക്ഷം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും 10 ലക്ഷം വിദ്യാർത്ഥികൾക്ക് 10,000 രൂപ സ്റ്റൈപ്പൻഡ് എന്നിങ്ങനെ വൻ ഉറപ്പുകളാണ് നൽകുന്നത്.
45,000 ഗ്രാമങ്ങളിൽ പുതിയ റോഡുകൾ, പുനരുപയോഗ ഊർജ സ്രോതസ്സുകൾക്ക് ഊന്നൽ നൽകി വൈദ്യുതി ബില്ലിൽ 30% കുറവ് എന്നിവയ്‌ക്കൊപ്പം അടിസ്ഥാന സൗകര്യങ്ങളുടെ വിപുലീകരണവും നവീകരണവും പദ്ധതിയിൽ ഉൾപ്പെടുന്നു.
വാർധക്യ പെൻഷൻ പ്രതിമാസം 2,100 രൂപയായി വർധിപ്പിക്കുക, അവശ്യസാധനങ്ങളുടെ വില സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ എന്നിവ ഉൾപ്പെടെയുള്ള സാമൂഹിക ക്ഷേമ പദ്ധതികൾ മെച്ചപ്പെടുത്തുമെന്നും പ്രകടനപത്രിക വാഗ്ദാനം ചെയ്യുന്നു. മാത്രമല്ല, സർക്കാർ രൂപീകരിച്ച് ആദ്യ 100 ദിവസങ്ങൾക്കുള്ളിൽ 'വിഷൻ മഹാരാഷ്ട്ര @2028' അവതരിപ്പിക്കുമെന്നും സംസ്ഥാനത്തിന് ഒരു ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനുള്ള പാതയൊരുക്കുമെന്നും പറയുന്നു.
സ്ത്രീ ശാക്തീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, 2027 ഓടെ മഹാരാഷ്ട്രയിലെ 50 ലക്ഷം സ്ത്രീകളെ 'ലക്ഷപതി ദീദികൾ' ആക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. സർക്കാർ സ്‌കൂളുകളിൽ AI പരിശീലനം സംയോജിപ്പിക്കുക, നൈപുണ്യ സെൻസസ് നടത്തുക, സംരംഭകരെ പിന്തുണയ്ക്കുക, പിന്നാക്കക്കാരായ വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യുക തുടങ്ങിയ പദ്ധതികളും പ്രകടന പത്രിക ഉയർത്തിക്കാട്ടുന്നു.












Click it and Unblock the Notifications