ഇനിയൊരു തോല്‍വി താങ്ങാനാകില്ല; മഹാരാഷ്ട്രയില്‍ 150 സീറ്റുകളില്‍ മത്സരിക്കാന്‍ ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞടുപ്പില്‍ മഹായുതിയില്‍ നിന്ന് ഭൂരിഭാഗം സീറ്റുകളിലും ബി ജെ പി മത്സരിച്ചേക്കും. 288 അംഗ സഭയില്‍ 140 മുതല്‍ 150 വരെ സീറ്റുകളില്‍ ബി ജെ പി മത്സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന 80 സീറ്റുകളിലും അജിത് പവാറിന്റെ എന്‍സിപി 55 സീറ്റുകളിലും മത്സരിക്കാനാണ് സാധ്യത.
സീറ്റ് വിഭജനത്തെക്കുറിച്ച് ബി ജെ പി, ശിവസേന, എന്‍ സി പി കക്ഷികള്‍ ചര്‍ച്ചയിലാണ് എന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. സഖ്യത്തിലെ ചെറിയ സഖ്യകക്ഷികള്‍ക്കായി മൂന്ന് സീറ്റുകള്‍ നീക്കിവച്ചിട്ടുണ്ട്. എന്‍ ഡി എ മഹായുതി സഖ്യം കോണ്‍ഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ), എന്‍ സി പി (ശരദ് പവാര്‍) എന്നിവ ഉള്‍പ്പെടുന്ന മഹാ വികാസ് അഘാഡി എന്ന ശക്തമായ പ്രതിപക്ഷ സഖ്യത്തെയാണ് നേരിടുന്നത്.

മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 48 ലോക്സഭാ സീറ്റുകളില്‍ 30 സീറ്റും നേടിയത് മഹാ വികാസ് അഘാഡിയായിരുന്നു. മഹായുതി സഖ്യത്തിന് 17 സീറ്റുകള്‍ മാത്രമാണ് നേടാനായിരുന്നത്. 2019 ലെ മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ബിജെപിയുടെയും അവിഭക്ത ശിവസേനയുടെയും സഖ്യം വന്‍ വിജയം നേടിയിരുന്നു. എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി ബി ജെ പിയും ശിവസേനയും പിരിയുകയായിരുന്നു.
പിന്നീട് ശിവസേനാ മേധാവി ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസുമായും എന്‍ സി പിയുമായും സഖ്യമുണ്ടാക്കി. അതിനിടെ 2022 ല്‍ ശിവസേനയുടെ ഉന്നത നേതാവ് ഏകനാഥ് ഷിന്‍ഡെ നയിച്ച കലാപം മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിച്ചു. തുടര്‍ന്ന് ഷിന്‍ഡെ ബി ജെ പിയുമായി ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കുകയായിരുന്നു.
അധികം വൈകാതെ എന്‍ സി പിയേയും ബി ജെ പി പിളര്‍ത്തി. ശരദ് പവാറിന്റെ അനന്തരവനും പാര്‍ട്ടി നേതാവുമായ അജിത് പവാറിന്റെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ പാര്‍ട്ടിയെ പിളര്‍ത്തുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവ് പ്രകാരം ഉദ്ധവ് താക്കറെയ്ക്കും ശരദ് പവാറിനും പാര്‍ട്ടിയുടെ പേരും ചിഹ്നവും നഷ്ടപ്പെട്ടു. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡിയ്ക്ക് പുതിയ ഊര്‍ജമാണ് സമ്മാനിച്ചിരിക്കുന്നത്.
ഈ പശ്ചാത്തലത്തില്‍ ബി ജെ പി നേതൃത്വത്തിലുള്ള മഹായുതി സഖ്യത്തിന് നിയമസഭാ തിരഞ്ഞെടുപ്പ് അഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം കൂടിയാണ്. അതേസമയം മഹാ വികാസ് അഘാഡി തങ്ങളുടെ സീറ്റ് വിഭജന ക്രമീകരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.












Click it and Unblock the Notifications