മഹാരാഷ്ട്രയിൽ വടിയെടുത്ത് കോൺഗ്രസ്; വിമതർക്ക് എട്ടിന്റെ പണി, 'ഹരിയാന ആവർത്തിക്കില്ല'
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പിൽ വിമതർക്കെതിരെ കടുത്ത നടപടിയുമായി കോൺഗ്രസ്. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിക്കുന്ന 6 വിമതരെ പാർട്ടിയിൽ നിന്നും സസ്പെനറ് ചെയ്തതായി നേതൃത്വം അറിയിച്ചു. ആറ് വർഷത്തേക്കാണ് സസ്പെൻഷൻ.
'എംവിഎയ്ക്കുള്ളിൽ സൗഹൃദ മത്സരമില്ല. ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ സ്ഥാനാർത്ഥിത്വം പിൻവലിക്കാത്തവരെ ആറ് വർഷത്തേക്ക് പാർട്ടിയിൽ നിന്നും പുറത്താക്കാൻ തീരുമാനിച്ചു', കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള മുതിർന്ന നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. രാജേന്ദ്ര മുലക് (രാംടെക്), യാദ്‌ന്യാവൽക്യ ജിച്ച്‌കർ (കറ്റോൾ), ജയശ്രീ പാട്ടീൽ (സാംഗ്ലി), അബാ ബാഗുൽ (പാർവതി), കമൽ വ്യവഹാരെ (കസ്ബ) എന്നീ നേതാക്കളെയാണ് സസ്പെന്റ് ചെയ്തത്.

ഇക്കുറി മഹാരാഷ്ട്രയിൽ വലിയ മുന്നേറ്റമാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് മികച്ച വിജയം സ്വന്തമാക്കാൻ കോൺഗ്രസിന് സാധിച്ചിരുന്നു. ആകെയുള്ള 48 സീറ്റിൽ 31 ഇടത്താണ് കോൺഗ്രസ് വിജയിച്ചത്. ഇത് ആവർത്തിക്കാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. എന്നാൽ വിമതർ കോൺഗ്രസിന് ക്ഷീണം തീർക്കുന്നുണ്ട്. ഹരിയാനയിൽ ഭരണം പിടിക്കാമെന്ന കോൺഗ്രസ് മോഹത്തിന് തിരിച്ചടിയായതിൽ ഒരു ഘടകം വിമതരുടെ സാന്നിധ്യമായിരുന്നു.
സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടർ കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരത്തിനിറങ്ങി. ഈ മണ്ഡലങ്ങളിൽ ദുർബലരായ സ്ഥാനാർത്ഥികളെ നിർത്തി ബി ജെ പി തന്ത്രം പയറ്റുകയും ചെയ്തതോടെ പലയിടത്തും കോൺഗ്രസ് കനത്ത തിരിച്ചടി നേരിട്ടു. സമാന സാഹചര്യം മഹാരാഷ്ട്രയിലും ആവർത്തിക്കുമോയെന്നാണ് കോൺഗ്രസ് ഭയക്കുന്നത്. കോൺഗ്രസിന് മാത്രമല്ല മഹാ വികാസ് അഘാഡി സഖ്യത്തിൽ എൻ സി പിക്കും ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയ്ക്കും വിമത ഭീഷണിയുണ്ട്.
മഹായുതി സഖ്യത്തിന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. 36 ഓളം വിമതരാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഇതിൽ 16 ഓളം പേരാണ് ബി ജെ പിക്കെതരെ മത്സരം പ്രഖ്യാപിച്ചത്. നേതാക്കളെ അനുനയിപ്പിക്കാൻ ബി ജെ പി തീവ്രശ്രമങ്ങൾ നടത്തിയെങ്കിലും വിജയിച്ചില്ല.
അതേസമയം വിമതരായി മത്സരത്തിനിറങ്ങിയ നിരവധി പേരെ തങ്ങൾക്ക് അനുനയിപ്പിക്കാൻ ആയെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്. ഹരിയാനയിൽ നിന്ന് ഞങ്ങൾ പാഠം പഠിച്ചിട്ടുണ്ട്. പാർട്ടിയിൽ ഐക്യം നിലനിർത്താൻ കഴിഞ്ഞു. എല്ലാവരും ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സഖ്യത്തിനുള്ളിലും അസ്വാരസ്യങ്ങളൊന്നുമില്ല. സീറ്റ് വിഭജനം ഉൾപ്പെടെ മികച്ച രീതിയിൽ പൂർത്തിയാക്കാൻ സാധിച്ചിട്ടുണ്ട്. സി പി എം, സി പി ഐ, പി ഡബ്ല്യു പി തുടങ്ങിയ ചെറിയ പാർട്ടികൾക്കെല്ലാം അർഹമായ സീറ്റുകൾ നൽകിയിട്ടുണ്ട്. അതിനാൽ ഹരിയാന പോലൊരു സാഹചര്യം മഹാരാഷ്ട്രയിൽ ആവർത്തിക്കില്ല', ചെന്നിത്തല വ്യക്തമാക്കി.
103 സീറ്റിലാണ് മഹാരാഷ്ട്രയിൽ കോൺഗ്രസ് മത്സരിക്കുന്നത്. സഖ്യത്തിൽ ഏറ്റവും കൂടുതൽ സീറ്റുകളും കോൺഗ്രസിനാണ്. ശരദ് പവാറിന്റെ എൻ സി പി 87 സീറ്റിലും ശിവസേന 89 സീറ്റിലും മത്സരിക്കുന്നു. നവംബർ 20 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications