'ആരെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയാലും പിന്തുണക്കും'; കോണ്‍ഗ്രസിനോടും പവാറിനോടും താക്കറെ
മുംബൈ: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും എന്‍സിപി (എസ്പി)യും പ്രഖ്യാപിക്കുന്ന ഏതൊരു സ്ഥാനാര്‍ത്ഥിയെയും നിരുപാധികം പിന്തുണയ്ക്കുമെന്ന് ശിവസേന (യുബിടി) തലവന്‍ ഉദ്ധവ് താക്കറെ. ഈ വര്‍ഷം അവസാനം നടക്കാന്‍ സാധ്യതയുള്ള മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംസ്ഥാനത്തിന്റെ ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മഹാ വികാസ് അഘാഡിയുടെ യോഗത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. മഹാ വികാസ് അഘാഡിയുടെ മുഖ്യമന്ത്രിയുടെ മുഖത്തെക്കുറിച്ച് ഊഹാപോഹങ്ങള്‍ ഉണ്ട്. സഖ്യത്തിലെ എല്ലാ നേതാക്കളോടും, അത് പൃഥ്വിരാജ് ചവാനോ ശരദ് പവാറോ ആകട്ടെ, ആരാണോ മുഖ്യമന്ത്രിയാകാന്‍ തീരുമാനിക്കുന്നത് എന്ന് പ്രഖ്യാപിക്കാന്‍ ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, ഞാന്‍ അവരെ നിരുപാധികം പിന്തുണയ്ക്കും, ''താക്കറെ പറഞ്ഞു.

ആദ്യം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച ശേഷം പ്രചാരണം ആരംഭിക്കുന്നതായിരിക്കും നല്ലത് എന്ന നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവെച്ചു. 'കൂടുതല്‍ സീറ്റ് നേടുന്ന കക്ഷിക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കണം എന്ന ധാരണ നമ്മള്‍ പാലിച്ചിരുന്നു. നേരത്തെയുള്ള കൂട്ടുകെട്ടുകളില്‍ ഞങ്ങളും ഇതേ ഫോര്‍മുലയാണ് പിന്തുടരുന്നത്. അതിനാല്‍ ആദ്യം മുഖ്യമന്ത്രിയുടെ മുഖം പ്രഖ്യാപിക്കണം''അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗത്തിനാണ് ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ലഭിച്ചിട്ടുള്ളത് എങ്കിലും അവരുടെ നട്ടെല്ലിന് തീപിടിപ്പിക്കാനായി 'തീപ്പന്തം' എന്ന ചിഹ്നം തങ്ങളുടെ കൈയിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. ''അവര്‍ ഞങ്ങളുടെ പാര്‍ട്ടിയെയും തുടര്‍ന്ന് എന്‍സിപിയെയും പിളര്‍ത്തി. എന്നിരുന്നാലും, കോണ്‍ഗ്രസിന്റെ കൈപ്പത്തി ചിഹ്നം നിലനിര്‍ത്താനായത് ഭാഗ്യമാണ്.
ഇപ്പോള്‍ കോണ്‍ഗ്രസിന്റെ കൈ നമ്മുടെ തീപ്പന്തം പിടിക്കുകയും എന്‍സിപി (എസ്പി) യുടെ പോരാളി ചിഹ്നം നമ്മുടെ വിജയത്തിന്റെ കാഹളം മുഴക്കുമെന്നും എനിക്കുറപ്പുണ്ട്' ഉദ്ധവ് താക്കറെ പറഞ്ഞു. ഈ ചിഹ്നങ്ങളുമായി സഖ്യം സംസ്ഥാനത്തിന്റെ എല്ലാ കോണുകളിലും എത്തേണ്ടതുണ്ടെന്നും പരസ്പരം പോരടിക്കുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
ജമ്മു കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പുകള്‍ക്ക് ശേഷമായിരിക്കും മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടക്കുക. നേരത്തെ നാല് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ഒരുമിച്ച് നടക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ന് ജമ്മു കശ്മീര്‍, ഹരിയാന തിരഞ്ഞെടുപ്പുകളുടെ തിയതി മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ഒക്ടോബര്‍ ഒന്നിനാണ് ഹരിയാനയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.
സെപ്തംബര്‍ 18, 15, ഒക്ടോബര്‍ ഒന്ന് തിയതികളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് ജമ്മു കശ്മീരില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിന് ഇരുസംസ്ഥാനങ്ങളിലേയും ഫലമറിയാം. ഇതിന് പിന്നാലെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നേക്കും എന്നാണ് വിവരം.












Click it and Unblock the Notifications