എന്‍ഡിഎ തരംഗത്തിലും ഇളകാതെ മഹാരാഷ്ട്രയിലെ ചെങ്കോട്ട: ദഹാനു നിലനിർത്തി സിപിഎം; ഭൂരിപക്ഷം 5133
മുംബൈ: മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പില്‍ ഏക സിറ്റിങ് സീറ്റ് നിലനിർത്തി സി പി എം. ദഹാനുവില്‍ നിലവില്‍ എം എല്‍ എയായ വിനോദ് നിക്കോളെ 5133 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ബി ജെ പിയുടെ മേദ വിനോദ് സുരേഷിനെ പരാജയപ്പെടുത്തി. സി പി എം സ്ഥാനാർത്ഥിക്ക് 104702 വോട്ട് ലഭിച്ചപ്പോള്‍ 99569 വോട്ടുകളാണ് ബി ജെ പിക്ക് സ്വന്തമാക്കാന്‍ സാധിച്ചത്. സി പി എമ്മും ബി ജെ പിയും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിച്ചത്. വോട്ടെണ്ണലിന്റെ ആദ്യ മണികൂറുകളില്‍ ബി ജെ പിക്കായിരുന്നു ലീഡെങ്കിലും അവസാന ഘട്ടങ്ങളില്‍ സി പി എം വ്യക്തമായ മുന്നേറ്റം നടത്തുകയായിരുന്നു.
സിറ്റിങ് സീറ്റ് നിലനിർത്താനായി ശക്തമായ പ്രവർത്തനമാണ് ബി ജെ പി കാഴ്ചവെച്ചത്. ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ മണ്ഡലത്തിലെ പ്രചരണത്തില്‍ സജീവമായിരുന്നു. 1978, 2009 വർഷങ്ങളില്‍ പാർട്ടി ജയിച്ച മണ്ഡലം ഒരു ഇടവേളക്ക് ശേഷം 2019 ല്‍ സി പി എം തിരികെ പിടിക്കുകയായിരുന്നു. ബി ജെ പി സ്ഥാനാർത്ഥിക്കെതിരെ 4707 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു കർഷക നേതാവായ വിനോദ് നോക്കളയുടെ വിജയം.

സി പി എം വിജയം പ്രതീക്ഷിച്ചിരുന്ന മറ്റൊരു മണ്ഡലമായിരുന്ന കല്‍വാന്‍. 2014 നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ഡലം പിടിച്ചെടുത്ത ജീവ പാണ്ഡു ഗാവിതാണ് ഇവിടെ ഇത്തവണയും മത്സരിച്ചിരുന്നു. കർഷക നേതാവായ അദ്ദേഹം മേഖലയിലെ ജനപ്രിയനുമാണ്. കഴിഞ്ഞ തവണ 6596 വോട്ടിന് എന്‍ സി പിയിലെ നിതിന്‍ അർജുന്‍ പവാറിനോട് പരാജയപ്പെട്ടെങ്കിലും ഇത്തവണ ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍ സി പിയുടേയും ശിവസേന (യുബിടി)യുടേയും പിന്തുണ വിജയത്തിലേക്ക് എത്തിക്കുമെന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ കല്‍വാന്‍ 8519 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എന്‍ സി സി സ്ഥാനാർത്ഥി നിതിന്‍ അർജുന്‍ പവാർ നിലനിർത്തിയിരിക്കുകയാണ്. എന്‍ സി പി സ്ഥാനാർത്ഥി 118366 വോട്ട് നേടിയപ്പോള്‍ ജീവ പാണ്ഡു ഗാവിതിന് ലഭിച്ചത് 10987 വോട്ടുകളാണ്. അതേസമയം, സംസ്ഥാനത്ത് എന്‍ഡിഎ സഖ്യം മികച്ച വിജയം നേടി. 234 സീറ്റുകളാണ് മുന്നണി ഇതുവരെ നേടിയത്. പ്രതിപക്ഷത്തിന് കേവലം 49 സീറ്റുകളില്‍ മാത്രമാണ് ലീഡുള്ളത്.












Click it and Unblock the Notifications