ബിഹാറല്ല, മഹാരാഷ്ട്ര... ആ ഫോര്‍മുല ഇവിടെ ഏശില്ല; മുഖ്യമന്ത്രി സ്ഥാനത്തില്‍ കടുപ്പിച്ച് ബിജെപി
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കം തുടരുന്നു. 288 അംഗ നിയമസഭയില്‍ 235 സീറ്റ് നേടി മഹായുതി സഖ്യം ഭരണം നിലനിര്‍ത്തിയെങ്കിലും ശിവസേനയും ബിജെപിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷി എന്ന നിലയിലാണ് ബിജെപി മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കുന്നത്.
145 സീറ്റില്‍ മത്സരിച്ച ബിജെപിക്ക് 132 സീറ്റിലും വിജയിക്കാനായിരുന്നു. ശിവസേന 81 സീറ്റില്‍ മത്സരിച്ച് 57 സീറ്റിലാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് നേരിട്ടത് താന്‍ മുഖ്യമന്ത്രിയായ സര്‍ക്കാരിന്റെ നേതൃത്വത്തിലാണ് എന്നാണ് ഏക്‌നാഥ് ഷിന്‍ഡെ (ശിവസേന)യുടെ അവകാശവാദം. അതേസമയം ബിഹാര്‍ മാതൃകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഫോര്‍മുല കൊണ്ടുവരണം എന്ന് ആവശ്യമുയരുന്നുണ്ട്.

എന്നാല്‍ ഇത് അംഗീകരിക്കുന്ന പ്രശ്‌നമില്ല എന്നാണ് ബിജെപി ഉറപ്പിച്ച് പറയുന്നത്. മഹാരാഷ്ട്രയില്‍ ബിഹാര്‍ മാതൃക പിന്തുടരാന്‍ കാവി പാര്‍ട്ടി പോകുന്നില്ലെന്ന് ബിജെപി ദേശീയ വക്താവ് പ്രേം ശുക്ല പറഞ്ഞു. ബിഹാറില്‍ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ജെഡിയു നേതാവ് നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കും എന്ന് അറിയിച്ചതാണ്. അവിടത്തെ സാഹചര്യം അതായിരുന്നു.
അതേസമയം മഹാരാഷ്ട്രയില്‍ ആ ഫോര്‍മുലയുടെ ആവശ്യമില്ല എന്ന് പ്രേം ശുക്ര വ്യക്തമാക്കി. 'മഹാരാഷ്ട്രയില്‍, ഞങ്ങള്‍ക്ക് ശക്തമായ സംഘടനാ അടിത്തറയും നേതൃത്വവും ഉണ്ട്. അതിനാല്‍ അത്തരമൊരു ക്രമീകരണത്തിന്റെ പ്രശ്‌നമേ ഉദിക്കുന്നില്ല. മാത്രമല്ല മുഖ്യമന്ത്രി സ്ഥാനത്ത് ഏക്‌നാഥ് ഷിന്‍ഡെ തുടരും എന്ന ഒരു വാക്കും തിരഞ്ഞെടുപ്പിന് മുമ്പ് നല്‍കിയിട്ടില്ല,' അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്ന് ഉന്നത നേതൃത്വം നേരത്തെ തന്നെ വ്യക്തമാക്കിയതാണ് എന്നും പ്രേം ശുക്ര പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ് ഷിന്‍ഡെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നുവെന്ന ചില ശിവസേനാ നേതാക്കളുടെ അവകാശവാദങ്ങള്‍ മുന്‍ കേന്ദ്രമന്ത്രിയും ബി ജെ പിയുടെ തിരഞ്ഞെടുപ്പ് കോ-ഓര്‍ഡിനേറ്ററുമായ റാവുസാഹെബ് ദന്‍വെയും തള്ളി.
'മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. രണ്ട് പാര്‍ട്ടികള്‍ ഇതിനകം തന്നെ അവരുടെ നിയമസഭാ കക്ഷി നേതാക്കളെ നിയമിച്ച് കഴിഞ്ഞു. ബിജെപി ഉടന്‍ തന്നെ ആ തിരഞ്ഞെടുപ്പ് നടത്തും,' അദ്ദേഹം പറഞ്ഞു. അതിനിടെ ഇന്നലെ ഏക്‌നാഥ് ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുന്നത് വരെ കാവല്‍ മുഖ്യമന്ത്രിയായി ഷിന്‍ഡെ തുടരും.












Click it and Unblock the Notifications