പ്ലസ്ടു പാസായവർക്ക് ആറായിരം രൂപ, ഡിഗ്രി പൂർത്തിയാക്കിയവർക്ക് പതിനായിരം; കളം പിടിക്കാൻ ഷിൻഡെ
മുംബൈ: ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നീക്കങ്ങളുമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ. ആഷാധി ഏകാദശി പ്രമാണിച്ച് മഹാരാഷ്ട്ര സർക്കാർ വിദ്യാർത്ഥികൾക്കായി ഒരു പുതിയ പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. 'ലഡ്‌ല ഭ യോജന' എന്ന് പേരിട്ടിരിക്കുന്ന ഈ സംരംഭം 12-ാം ക്ലാസ് പൂർത്തിയാക്കിയ യുവാക്കളെ ലക്ഷ്യമിട്ട് കൊണ്ടുള്ളതാണ്.
പദ്ധതി പ്രകാരം 12-ാം ക്ലാസ് പൂർത്തിയാക്കിയ യുവാക്കൾക്ക് പ്രതിമാസം 6,000 രൂപ ലഭിക്കും.. തിരഞ്ഞെടുപ്പിന് മുന്നോടിയായി വിവിധ ജനവിഭാഗങ്ങളെ പങ്കാളികളാക്കാനുള്ള ശ്രമം ആണ് സർക്കാരിൻ്റെ ഈ നീക്കം. ഡിപ്ലോമക്കാർക്ക് പ്രതിമാസം 8,000 രൂപയും ബിരുദധാരികൾക്ക് പ്രതിമാസം 10,000 രൂപയും ലഭിക്കും.

' ആൺകുട്ടികളേയം പെൺകുട്ടികളേയും സർക്കാർ വേർതിരിച്ച് കാണുന്നില്ല. പെൺകുട്ടികൾക്കായി മാജി ലഡ്കി ബഹിൻ യോജന തുടങ്ങിയതിന് പിന്നാലെ ആൺകുട്ടികൾക്കായി ലഡ്ല ഭായ് യോജന നടപ്പാക്കുകയാണ്. ഇത് പ്രകാരം 12ാം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് പ്രതിമാസം 6000 രൂപ ലഭിക്കും. ഡിപ്ലോമയുള്ളവർക്ക് 8000 രൂപയും ബിരുദമുള്ളവർക്ക് 10000 രൂപയുമാണ് ലഭിക്കുക. യുവാക്കൾക്ക് ഫാക്ടറിയിൽ ഒരു വർഷത്തെ അപ്രന്റിസ്‌ഷിപ്പിനും അവസരമൊരുക്കും''- അദ്ദേഹം പറഞ്ഞു.
യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ച് പ്രതിപക്ഷം പലപ്പോഴും ആശങ്ക ഉയർത്തിയിട്ടുണ്ട്. ഷിൻഡെ സർക്കാരിൻ്റെ ധനസഹായ പദ്ധതി ഈ പ്രശ്‌നങ്ങളെ നേരിട്ട് അഭിസംബോധന ചെയ്യാൻ ലക്ഷ്യമിട്ടാണ്. മഹാരാഷ്ട്ര നിയമസഭയുടെ മൺസൂൺ സെഷനിൽ 'ലാഡ്‌ലി ബെഹ്‌ന യോജന' അവതരിപ്പിച്ചതിന് പിന്നാലെയാണ് ഈ പ്രഖ്യാപനം. സംസ്ഥാന ബജറ്റ് അസംബ്ലിയിൽ ഉപമുഖ്യമന്ത്രി അജിത് പവാറാണ് പദ്ധതി പ്രഖ്യാപിച്ചത്.
അജിത് പവാർ പ്രഖ്യാപിച്ച പദ്ധതി, 21 - 60 വയസ്സിനിടയിൽ പ്രായമുള്ള വിവാഹിതരും വിവാഹമോചിതരും നിരാലംബരുമായ സ്ത്രീകളെ കേന്ദ്രീകരിച്ചാണ്, അവർക്ക് പ്രതിമാസം 1,500 രൂപ സഹായം ലഭിക്കും. പിന്നീട് മുഖ്യമന്ത്രി ഷിൻഡെയുടെ പ്രഖ്യാപനത്തെത്തുടർന്ന് പ്രായപരിധി 65 ആയി ഉയർത്തി. ജൂലായ് മുതൽ നടപ്പാക്കുന്ന പദ്ധതിക്കായി പ്രതിവർഷം 46,000 കോടി രൂപ ലഭ്യമാക്കുമെന്നു ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.
തൊഴിലില്ലായ്മ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനുള്ള ചരിത്രപരമായ ചുവടുവയ്പാണ് അപ്രൻ്റീസ്ഷിപ്പിനുള്ള സാമ്പത്തിക സഹായം എന്ന് മുഖ്യമന്ത്രി ഷിൻഡെ ഊന്നിപ്പറഞ്ഞു. ഒരേസമയം പ്രായോഗിക തൊഴിൽ പരിചയവും സാമ്പത്തിക പിന്തുണയും നൽകാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്.












Click it and Unblock the Notifications