ഷിൻഡെ അല്ല, മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനം ഫഡ്നാവിസിന് തന്നെ; അന്തിമ തീരുമാനമായതായി റിപ്പോർട്ട്
മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ പേര് അന്തിമമായതായി സൂചന. മുതിർന്ന ബി ജെപി നേതാവാണ് ഇക്കാര്യത്തെക്കുറിച്ച് പിടിഐയോട് പ്രതികരിച്ചത്. മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫ്ഡ്നാവിസിന്റെ പേര് പ്രഖ്യാപിച്ചെന്നും ബി ജെ പിയുടെ നിയമസഭാ കക്ഷിയുടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഡിസംബർ രണ്ടിനോ മൂന്നിനോ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി അണികളിലും സഖ്യകക്ഷികളിലും ഊഹാപോഹങ്ങൾക്കും ചർച്ചകൾക്കും ഇടയിലാണ് ഇത്തരം ഒരു റിപ്പോർട്ട് പുറത്തുവന്നത്. അതേ സമയം തന്റെ മകൻ ശ്രീകാന്ത് ഷിൻഡെയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിച്ചേക്കുമെന്നും പാർട്ടിക്ക് ആഭ്യന്തരവകുപ്പിൽ താത്പര്യം ഉണ്ടെന്നും ഏക്നാഥ് ഷിൻഡെ പറഞ്ഞിരുന്നു.

മഹായുതി സഖ്യകക്ഷികൾ സമവായത്തിലൂടെ സർക്കാര് രൂപീകരണം തീരുമാനിക്കുമെന്നും ശിവസേന മേധാവി പറഞ്ഞിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ ഡിസംബർ 2 തിങ്കളാഴ്ച തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അടുത്തിടെ നടന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 288 ൽ 230 സീറ്റുകളോടെ ഭൂരിപക്ഷം ഉറപ്പിച്ച് എൻ ഡി എ സഖ്യത്തിൻ്റെ ഭാഗമായി ബി ജെ പി ശ്രദ്ധേയമായ വിജയം നേടി. ബി ജെപി ക്ക് 132 സീറ്റുകളും ശിവസേനയ്ക്ക് 57 സീറ്റുകളും അജിത് പവാർ നയിക്കുന്ന എൻ സിപി ക്ക് 41 സീറ്റുകളുമാണ് ലഭിച്ചത്.
സംസ്ഥാനത്തെ എൻ ഡി എ സർക്കാരിന്റെ സത്യപ്രതിജ്ഞ ഡിസംബർ അഞ്ചിന് ആസാദ് മൈതാനിയിൽ പ്രധാനമന്ത്രി മോദിയുടെ സാന്നിധ്യത്തിൽ നടക്കുമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖരൻ ബവൻകുലെ ശനിയാഴ്ച അറിയിച്ചിരുന്നു. അതേ സമയം ഷിൻഡയെ മുഖ്യമന്തിയായി തിരഞ്ഞെടുക്കുന്നതിൽ സഖ്യത്തിനകത്ത് ഭിന്നാഭിപ്രായം ഉണ്ടെന്നാണ് വിവരം.
ഷിൻഡെ സഖ്യത്തിന്റെ ഐക്യത്തിന് ആഹ്വാനം ചെയ്തിട്ടും ചില നേതാക്കൾ മറിച്ച് അഭിപ്രായം ഉണ്ടെന്നാണ് വിവരം. പവാറിന്റെ എൻ സി പി മഹായുതി സഖ്യത്തിൽ ചേർന്നിരുന്നില്ലെങ്കിൽ സംസ്ഥാന തിരഞ്ഞെടുപ്പില് തങ്ങളുടെ പാർട്ടിക്ക് 90 - 100 സീറ്റുകൾ നേടാനാകുമായിരുന്നുവെന്ന് ശിവസേന എം എൽ എ ഗുലാബ്രാവു പാട്ടീൽ പറഞ്ഞിരുന്നു.
അവിഭക്ത സേനയും ബി ജെ പിയും ഒരുമിച്ച് തിരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നെങ്കിൽ കൂടുതൽ സീറ്റുകൾ ലഭിക്കുമായിരുന്നുവെന്ന് മുൻകേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ റാവുസാഹേബ് ദാൻവെ പറഞ്ഞിരുന്നു. ആദ്യം മുതൽക്ക് തന്നെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നുകേൾക്കുന്നത് ഫഡ്നാവിന്റെയും ഷിൻഡേയുടേയും പേരുകളാണ്.


Click it and Unblock the Notifications